ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ആദരവുമായി ജന്മനാട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നിര്‍ദേശ പ്രകാരം അര്‍ജന്റൈന്‍ ക്ലബ്ബുകള്‍ മെസിക്ക് ആദരം നല്‍കി. രാജ്യത്തെ എല്ലാ ഒഫീഷ്യല്‍ മത്സരങ്ങളിലും ആദ്യ പകുതിയില്‍ പത്താം മിനിറ്റില്‍ കളി നിര്‍ത്തിവെക്കുകയൂം ഒരു മിനിട്ട് മെസിക്ക് വേണ്ടി ആദരം നല്‍കണമെന്നാണ് എ.എഫ്.എ വ്യക്തമാക്കിയിരുന്നത്.

കോപ്പ അര്‍ജന്റീനയില്‍ ബൊക്ക ജൂനിയേര്‍സ്-വെലസ് സാര്‍സ്ഫീല്‍ഡും തമ്മിലുള്ള മത്സരത്തിലാണ് ഈ ചരിത്ര നിമിഷം പിറവിയെടുത്തത്. മത്സരം പത്താം മിനിട്ടിലേക്ക് കടന്നതോടെ മത്സരം റഫറി നിര്‍ത്തിവെക്കുകയായിരുന്നു. താരങ്ങളും പരിശീലരും ഗാലറിയിലെ ആരാധകരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മെസിക്ക് ആദരം അര്‍പ്പിച്ചത്.

അതേസമയം മെസിയുടെ ഐതിഹാസിക ജേഴ്സി നമ്പറായ 10 പിന്‍വലിക്കാനും എ.എഫ്.എ തീരുമാനിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ ഈ തീരുമാനം നിലവില്‍ വരണമെങ്കില്‍ ഫിഫയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഫിഫയുടെ ടൂര്‍ണമെന്റ് നിയമങ്ങള്‍ പ്രകാരം ഒന്ന് മുതല്‍ 26 വരെയുള്ള നമ്പറുകള്‍ ടീമുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

ഇതിന് മുമ്പ് ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി ജേഴ്സി നമ്പര്‍ പിന്‍വലിക്കാന്‍ അര്‍ജന്റീന ശ്രമിച്ചിരുന്നുവെങ്കിലും ഫിഫ അനുവാദം നല്‍കാതെ പോവുകയായിരുന്നു. ഇപ്പോള്‍ മെസിയുടെ കാര്യത്തില്‍ ഫിഫയുടെ നിലപാട് എന്താകുമെന്ന് കണ്ടുതന്നെ അറിയണം.

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നുള്ള മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്പെയ്നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരും. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി അമേരിക്കന്‍ ക്ലബ്ബിന് വേണ്ടി കളത്തിലിറങ്ങിയ മത്സരത്തില്‍ മോണ്‍ട്രിയലിനെതിരെ നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസി നേടിയത്. ഇതില്‍ രണ്ട് മനോഹരമായ ഫ്രീ കിക്ക് ഗോളുകളും മെസി നേടിയിരുന്നു.

 

Content Highlight: Argentine clubs pay tribute to Lionel Messi after he retires from international football