2025-26 സീരി എ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റൈന്‍ യുവതാരം നിക്കോ പാസ്. സീരി എയില്‍ കോമോ എഫ്.സിയുടെ താരമായ പാസ് കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച പ്രകടനമാണ് നടത്തിയത്.

ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ പാസ് 35 മത്സരങ്ങളില്‍ നിന്നും കോമോ എഫ്.സിക്ക് വേണ്ടി 12 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയാണ് തിളങ്ങിയത്.

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഇതിഹാസ താരം ലയണല്‍ മെസിയുടെ ഐക്കോണിക് ജേഴ്‌സി നമ്പറായ പത്താം നമ്പറിന്റെ പുതിയ അവകാശി പാസ് ആവുമെന്ന വാര്‍ത്തകള്‍ ഫുട്‌ബോള്‍ സര്‍ക്കിളുകള്‍ക്കിടയില്‍ വലിയ രീതിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് താരത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

മെസിയുടെ ഐതിഹാസിക പത്താം നമ്പര്‍ ഇനി പാസ് അണിയുമെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്‍ജന്റീനക്ക് വേണ്ടി 11 മത്സരങ്ങളില്‍ കളിച്ച താരമാണ് ഈ ജേഴ്‌സി അണിയാന്‍ സാധ്യതയുള്ളവരില്‍ മുന്‍ നിരയിലുള്ളത്.

ദേശീയ ടീമില്‍ അര്‍ജന്റീനക്ക് വേണ്ടിയും സ്പെയ്നിന് വേണ്ടിയും കളിക്കാന്‍ പാസിന് അനുമതി ലഭിച്ചിരുന്നു. താരം സ്പെയ്നിനെ മറികടന്ന് അര്‍ജന്റീനക്കായി ബൂട്ട് കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

2026 ഫിഫ ലോകകപ്പില്‍ പാസ് അര്‍ജന്റീനയുടെ നിരയില്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയിലെ ഒരു ക്ലബ്ബിന്റെയോ അക്കാദമിയുടെയോ ഭാഗമാവാതെ ആദ്യമായി അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പ് കളിക്കുന്ന താരം കൂടിയായിരുന്നു പാസ്.

2016ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ അക്കാദമയിലൂടെയാണ് പാസ് തന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2023 സീസണിലാണ് താരം റയല്‍ മാഡ്രിഡിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 2024ലാണ് റയല്‍ വിട്ട് താരം കോമോ എഫ്.സിയിലേക്ക് ചേക്കേറിയത്.

അതേസമയം മെസിയുടെ ഐതിഹാസിക ജേഴ്‌സി നമ്പറായ 10 പിന്‍വലിക്കാനും എ.എഫ്.എ തീരുമാനിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ ഈ തീരുമാനം നിലവില്‍ വരണമെങ്കില്‍ ഫിഫയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഫിഫയുടെ ടൂര്‍ണമെന്റ് നിയമങ്ങള്‍ പ്രകാരം ഒന്ന് മുതല്‍ 26 വരെയുള്ള നമ്പറുകള്‍ ടീമുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

 

Content Highlight: Nico Paz wins the award for the best young player of the 2025-26 Serie A season