ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

മെസിയുടെ വിരമിക്കല്‍ പല പ്രമുഖ താരങ്ങളും പരിശീലകരുമെല്ലാം വൈകാരികമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ ഏറെ കാത്തിരുന്നത് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ റൊണാള്‍ഡോ നിലവില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

എന്നാല്‍ മെസി 2016ല്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ റൊണാള്‍ഡോ പറഞ്ഞ വാക്കുകള്‍ വീണ്ടും ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയായിരിക്കുന്ന. മുണ്ടോ ഡിപ്പോട്ടീവോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റൊണാള്‍ഡോ സംസാരിച്ചിരുന്നത്.

‘കഠിനമായ തീരുമാനമാണ് മെസി എടുത്തിരിക്കുന്നത്. ആരാധകര്‍ അത് മനസിലാക്കണം. തോല്‍വികളും നിരാശകളും അവന് ശീലമില്ല. രണ്ടാമതായി പോലും അവന് ശീലമില്ല. പെനാല്‍റ്റി നഷ്ടമാക്കിയാല്‍ നിങ്ങള്‍ ഒരു മോശം താരമാകില്ല. മെസിയെ കണ്ണീരോടെ കാണുന്നത് വേദനാജനകമാണ്. രാജ്യത്തിന് വേണ്ടി മെസി തിരിച്ചുവരുമെന്ന് ഞാന്‍ കരുതുന്നു. അര്‍ജന്റീനക്ക് നിങ്ങളെ ആവശ്യമുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.

2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെട്ടപ്പോഴായിരുന്നു മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഫൈനലില്‍ ചിലിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന തോറ്റത്. ഷൂട്ടൗട്ടില്‍ മെസി നിര്‍ണായകമായ ഒരു പെനാല്‍റ്റി പുറത്തേക്ക് അടിക്കുകയും ചെയ്തിരുന്നു.

അന്ന് തുടര്‍ച്ചയായി മൂന്നാം തവണയായിരുന്നു അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെട്ടത്. 2014ല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും പിന്നീട് 2015ല്‍ കോപ്പ ഫൈനലില്‍ ചിലിയോടും ടീം തോറ്റിരുന്നു. പിന്നീട് 2016ല്‍ വീണ്ടും തോറ്റപ്പോള്‍ താരത്തിന്റെ മനസ് തളരുകയായിരുന്നു. ഇതോടെയാണ് മെസി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ പിന്നീട് മെസി തന്റെ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുകയും അര്‍ജന്റീനക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങി. മെസിയുടെ തിരിച്ചുവരവിന് പിന്നാലെ 2021ല്‍ കോപ്പ അമേരിക്കയും 2022ല്‍ ഫൈനിലിസിമയും നേടി അര്‍ജന്റീന തങ്ങളുടെ കിരീട വരള്‍ച്ച അവസാനിപ്പിച്ചു.

പിന്നീട് 2022 ഖത്തര്‍ ലോകകപ്പും സ്വന്തമാക്കി മെസിയും സംഘവും ലോകത്തിന്റെ നെറുകയിലെത്തി. 2024ല്‍ വീണ്ടും കോപ്പ അമേരിക്ക കിരീടം നേടി അര്‍ജന്റീന തങ്ങളുടെ ട്രോഫികളുടെ എണ്ണം ഉയര്‍ത്തുകയും ചെയ്തു.

2026 ലോകകപ്പില്‍ മെസിയുടെ കീഴില്‍ ഫൈനല്‍ വരെ മുന്നേറാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. സ്‌പെയ്‌നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമായെങ്കിലും മികച്ച പോരാട്ടത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്.

ലോകകപ്പില്‍ പല റെക്കോഡുകളും തിരിത്തിയാണ് മെസി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം നേടി.

21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. അര്‍ജന്റീനയ്ക്കായി 207 മത്സരത്തില്‍ നിന്ന് 125 ഗോളുകളും സ്വന്തമാക്കിയാണ് മെസിയുടെ മടക്കം.

 

Content Highlight: Cristiano Ronaldo old comments viral on Lionel Messi retirement