വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ താരം മലയാളത്തിൽ ആദ്യമായി ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിലെത്തിക്കുകയാണ്.

തന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രധാനപേട്ട ഒരു വേഷമാണിതെന്നും പൊലീസ് വേഷത്തിനപ്പുറത്തേക് അവരുടെ വ്യക്തിജീവിതമാണ് ഇതിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്നും തുറന്ന് പറയുകയാണ് പാർവതി. പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൽ അലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് വേണ്ടി സംവിധായകൻ ഷഹാദ് കാത്തിരിക്കാൻ തയ്യാറായതിനെ വലിയ ഭാഗ്യമായാണ് കാണുന്നതെന്നും പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube.com

‘പാർവതി തന്നെയായിരിക്കും അലീനയായി അഭിനയിക്കുക എന്നത് സംവിധായകൻ ഷഹാദിന്റെ തീരുമാനമായിരുന്നു. ഈ കഥാപാത്രം ചെയ്താൽ ഞാൻ നന്നായിരിക്കും, അതിനുവേണ്ടി കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നൊക്കെ പറയുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്,’ പാർവതി പറഞ്ഞു.

ഒന്നര മാസത്തോളം ചിത്രീകരിച്ചാണ് സിനിമ പൂർത്തിയാക്കിയത്. സാധാരണ പൊലീസ് കഥാപാത്രങ്ങളെ അധികാരത്തിന്റെയും യൂണിഫോമിന്റെയും പശ്ചാത്തലത്തിലാണ് സിനിമകളിൽ കാണാറുള്ളതെങ്കിൽ, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഒരു പൊലീസ് കഥ മാത്രമല്ലെന്നും പാർവതി വ്യക്തമാക്കി.

‘ഇത് ഒരു ഹ്യൂമൻ സിനിമയാണ്. ഈ കാക്കി വസ്ത്രത്തിന് പിന്നിൽ ഇവർ ആരാണ് എന്നുള്ളതാണ് സിനിമ കാണിക്കുന്നത്. പൊലീസുകാരെ നമ്മൾ യൂണിഫോമിലാണ് കാണുന്നത്. അതിനപ്പുറത്തേക്ക് അവരുടെ വ്യക്തിജീവിതത്തിൽ എന്താണ് നടക്കുന്നത് എന്ന് നമ്മൾ കാണുന്നില്ല. ഈ സിനിമ അങ്ങനെയുള്ള ജീവിതങ്ങളാണ് കാണിക്കുന്നത്,’ താരം പറഞ്ഞു.

ഈ സിനിമക്ക് വേണ്ടി ഒരുപാട് റിസർച് നടത്തിയിരുന്നെന്നും എല്ലാം പുതിയ അനുഭവങ്ങൾ ആയിരുന്നെന്നും പാർവതി പറഞ്ഞു.

‘ഷഹദും പ്രൊഡക്ഷനും ഒരുപാട് റിസോഴ്സ്സ് നമുക്ക് ഈ സിനിമക്ക് വേണ്ടി നൽകിയിരുന്നു. പൊലീസ് അക്കാഡമിയിൽ പഠിപ്പിക്കുന്ന ടീച്ചേഴ്സ് നമ്മളെ വന്ന സഹായിച്ചിരുന്നു. പൊലീസുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ നമുക്ക് പറഞ്ഞുതന്നിരുന്നു. സല്യൂട്ട് ചെയ്യുന്ന രീതിയൊക്കെ അവരാണ് പഠിപ്പിച്ചത്. ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു വസ്ത്രമാണ് പൊലീസ് യൂണിഫോം. കാണുന്ന അത്ര സുഖകരമല്ല അത്. എനിക്ക് അത് അത്ര കംഫർട്ടബിളായിട്ട് തോന്നിയില്ല,’ പാർവതി പറഞ്ഞു.

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ. Photo. IMDb

സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. ചിത്രത്തിൽ പാർവതി, മാത്യു തോമസ്, വിജയ രാഘവൻ, ഉണ്ണിമായ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സെപ്തംബർ 11 ന് തിയേറ്റേറുകളിൽ എത്തും.

Content Highlights: Parvathy thiruvoth Talks about her new movie Pradhama Drishtiya Kuttakkar