ടെഹ്‌റാന്‍: ഇറാന്റെ തെക്കന്‍ മേഖലകള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടിയടക്കം നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായതായും ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജോര്‍ദാനിലെയും ഇറാഖിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ബഹ്‌റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് പുതിയ ഏറ്റുമുട്ടലിന് പിന്നില്‍.
വാണിജ്യ കപ്പലുകള്‍ക്കും അമേരിക്കന്‍ സൈനികര്‍ക്കുമെതിരായ ഇറാന്റെ ആക്രമണശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഇറാനിലെ ഐ.ആര്‍.ജി.സി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക സംവിധാനങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടതെന്ന് യു.എസ് സൈന്യം അറിയിച്ചു.
അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ സിറിക് മേഖലയ്ക്കടുത്ത് നടന്ന വിവാഹച്ചടങ്ങിനിടെയുണ്ടായ ആക്രമണത്തില്‍ കുട്ടിയടക്കം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റവരുടെ എണ്ണം 50-ലേറെയാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹോര്‍മൂസില്‍ കപ്പല്‍ ഗതാഗതത്തെ തടസപ്പെടുത്താനും വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും കടലില്‍ മൈനുകള്‍ സ്ഥാപിക്കാനും ഇറാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് അമേരിക്ക നടത്തിയ ആക്രമണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
Content Highlights: US attack on Iranian wedding venue; four people, including a child, killed.
