ചെറുപ്പം മുതലേ നിങ്ങളെപ്പോലെയാകണമെന്ന ആഗ്രഹമായിരുന്നു; ഇതിഹാസത്തെക്കുറിച്ച് ഡിബാല
Football
ചെറുപ്പം മുതലേ നിങ്ങളെപ്പോലെയാകണമെന്ന ആഗ്രഹമായിരുന്നു; ഇതിഹാസത്തെക്കുറിച്ച് ഡിബാല
ശ്രീരാഗ് പാറക്കല്‍
Tuesday, 1st September 2026, 8:23 pm

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ അര്‍ജന്റൈന്‍ ഇതിഹിഹാസത്തിന്റെ വിരമിക്കലിനെക്കുറിച്ച് പ്രതികരിക്കുകയാണ് സഹതാരം പൗലോ ഡിബാല. മെസിയോടൊപ്പം എത്രയോ നിമിഷങ്ങള്‍ പങ്കിടാന്‍ സാധിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്പം മുതലേ മെസിയേപ്പോലെയാകണമെന്ന ആഗ്രഹമായിരുന്നുവെന്നും മെസിയില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചെന്നും ഡിബാല കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ പ്രതികരണം.

ഡിബാലയും മെസിയും

‘ലിയോ, ഇത്രയും വര്‍ഷങ്ങളും ഇത്രയേറെ മനോഹരമായ നിമിഷങ്ങളും നിങ്ങളോടൊപ്പം പങ്കിടാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്.

ചെറുപ്പം മുതലേ നിങ്ങളെപ്പോലെയാകണമെന്ന ആഗ്രഹമായിരുന്നു. സമാനമായ പൊസിഷനുകളിലാണ് കളിച്ചിരുന്നത് എന്നതിനാല്‍, നിങ്ങളെ നിരന്തരം നിരീക്ഷിക്കുകയും നിങ്ങളില്‍ നിന്ന് പഠിക്കാനും നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും അനുകരിക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ക്ക് വളരെ എളുപ്പമാണെന്ന് തോന്നിച്ചിരുന്ന കാര്യങ്ങള്‍ ഞങ്ങളില്‍ പലര്‍ക്കും ഏതാണ്ട് അസാധ്യമാണെങ്കിലും.

പിന്നീട്, നിങ്ങളോടൊപ്പം മൈതാനം പങ്കിടാനും അടുത്തുനിന്ന് നിങ്ങളില്‍ നിന്ന് പഠിക്കാനും എക്കാലത്തെയും വലിയ സ്വപ്നം ഒരുമിച്ച് സാക്ഷാത്കരിക്കാനും ഭാഗ്യം എനിക്ക് ലഭിച്ചു.

നമ്മുടെ ദേശീയ ടീമിന് നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി. ഈ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം, ക്യാപ്റ്റനോടൊപ്പം, പങ്കാളിയാകാന്‍ കഴിഞ്ഞത് എനിക്ക് എന്നും അഭിമാനമായിരിക്കും,’ ഡിബാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

A post shared by Paulo Dybala (@paulodybala)

ലയണല്‍ മെസിയും പൗലോ ഡിബാലയും അര്‍ജന്റീന സീനിയര്‍ ടീമിനായി 18 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 18 മത്സരങ്ങളില്‍ അര്‍ജന്റീന 13 ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് നേടിയത്.

18 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചെങ്കിലും ഇരുവരും ഒരേ സമയം ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരങ്ങള്‍ വളരെ കുറവായിരുന്നു. 2017 ജൂണിലെ വെനസ്വേലയ്‌ക്കെതിരായ മത്സരത്തിന് ശേഷം 2019 വരെ ഇരുവരും അര്‍ജന്റീനയുടെ ആദ്യ ഇലവനില്‍ ഒരുമിച്ച് ഇറങ്ങിയിരുന്നില്ല.

അതേസമയം അര്‍ജന്റീനയുടെ ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ പടുത്തുയര്‍ത്തിയാണ് മെസി അര്‍ജന്റൈന്‍ ജേഴ്‌സി അഴിച്ചുവെച്ചത്. 2022ലെ ലോകകപ്പില്‍ വിജയം നേടാനും ആദ്യമായി ലോക കീരീടം ഉയര്‍ത്താനും മെസിക്ക് സാധിച്ചു.

അര്‍ജന്റീനയ്ക്കായി 207 മത്സരത്തില്‍ നിന്ന് 125 ഗോളുകള്‍ നേടാന്‍ മെസിക്ക് സാധിച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 2026ലെ ലോകകപ്പ് സ്‌പെയ്‌നിനോട് പരാജയപ്പെട്ടെങ്കിലും ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ നല്‍കാന്‍ മെസിക്ക് സാധിച്ചു.

ലോകകപ്പില്‍ പല റെക്കോഡുകളും തിരിത്തിയാണ് മെസി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം നേടി. 21 ഗോളുകളാണ് ഇക്കാലമത്രെയും മെസി ലോകകപ്പില്‍ അടിച്ചുകൂട്ടിയത്.

Content Highlight: Paulo Dybala Talking About Legend Lionel Messi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ