വിരമിച്ച മെസി അർജന്റീനക്കായി അവസാനമായി കളിക്കും? വമ്പൻ അപ്‌ഡേറ്റ് പുറത്ത്
Football
വിരമിച്ച മെസി അർജന്റീനക്കായി അവസാനമായി കളിക്കും? വമ്പൻ അപ്‌ഡേറ്റ് പുറത്ത്
സുദേവ് എ
Tuesday, 1st September 2026, 3:02 pm

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും അർജന്റൈൻ ഇതിഹാസം ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്.

2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

ഇപ്പോൾ മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മെസി അർജന്റീനക്കൊപ്പം ഒരു വിടവാങ്ങൽ മത്സരം കളിക്കുമെന്നാണ് റിപ്പോർട്ട്. മാധ്യമപ്രവർത്തകനായ പാബ്ലോ ഗ്രേവെല്ലോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ മത്സരത്തിന്റെ തീയതി, വേദി, എതിരാളി എന്നീ കാര്യങ്ങളൊന്നും തീരുമാനമായിട്ടില്ല. ഇന്റർനാഷണൽ മത്സ ra ങ്ങളുടെ വിൻഡോ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറ് വരെയാണ് ഉള്ളത്. ഈ സമയങ്ങളിൽ മെസിയുടെ ഫെയർവെൽ മത്സരം നടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അർജന്റീനക്കായി ഐതിഹാസിക സംഭാവനകൾ നൽകിയാണ് മെസി കളം വിട്ടത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പിൽ തുടർച്ചയായി അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

ഐതിഹാസികമായ തന്റെ ഫുട്ബോൾ കരിയറിൽ നിന്ന് എട്ട് ബാലൺ ഡി ഓർ ട്രോഫികൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ആറ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയും മെസി ഫുട്ബോളിൽ വാഴ്ത്തപ്പെട്ടു.

ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്‌ബോളിൽ തുടരും. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.

 

Content Highlight: Report says Lionel Messi will play a farewell match for Argentina

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.