മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. സൂപ്പർ താരം മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും തന്റേതായ സ്ഥാനം കണ്ടെത്താൻ സാധിച്ചു. അഭിനയത്തിനു പുറമെ തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിലൂടെ ലോകഃ ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രവുമായെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ദുൽഖറിന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം. 2023-ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണങ്ങളാണ് ഐ ആം ഗെയിമിന് ലഭിക്കുന്നത്.

വിനയ് ഫോർട്ട്. Photo. X.com
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ ഫ്രെഡ്ഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനയ് ഫോർട്ട് ദുൽഖറിനെ കുറിച്ച് സംസാരിക്കുകയാണ്.
മനുഷ്യത്വമുള്ള ഒരു വ്യക്തി എന്ന നിലയിലാണ് തനിക്ക് ദുൽഖറിനോട് അടുപ്പം തോന്നിയിട്ടുള്ളതെന്ന് പറയുകയാണ് വിനയ് ഫോർട്ട്.
‘ഭയങ്കര മനുഷ്യത്വമുള്ള ഒരു വ്യക്തി എന്ന നിലയിലാണ് എനിക്ക് ദുൽഖറിനോട് കൂടുതൽ കണക്ഷൻ തോന്നിയിട്ടുള്ളത്. ദുൽഖർ മാത്രമല്ല അവന് ചുറ്റുമുള്ള അവന്റെ ടീമും നമുക്ക് ഒരു വ്യക്തി എന്ന രീതിയിൽ വാല്യൂ തരുന്നവരാണ്. അതിപ്പോൾ ഐ ആം ഗെയിം എന്ന സിനിമയിൽ ഉൾപ്പെട്ടത് മുതൽ തന്നെ അങ്ങനെയായിരുന്നു. കാരണം നമ്മൾ അവരുമായി ബന്ധപ്പെട്ട് ഒരു പരിപാടിക്ക് പോയാൽ അവർ നമ്മുടെ വെൽബീയിങ് എൻഷുർ ചെയ്യും,’ വിനയ് ഫോർട്ട് പറഞ്ഞു.
ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെറർ ഷൂട്ടിങ് സെറ്റിലുള്ള അഭിനേതാക്കളുടെ ഭക്ഷണ കാര്യങ്ങളിൽ അടക്കം ഏറെ ശ്രദ്ധ പുലർത്തുന്ന ഒരു ടീം ആണെന്നും വിനയ് കൂട്ടിച്ചേർത്തു.
‘സെറ്റിലെ ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ഭയങ്കര ശ്രദ്ധയാണ്. വേഫെററുടെ ഭക്ഷണം ഭയങ്കര നല്ലതാണ്. കാരണം ഇവർ തന്നെയാണ് വെളിച്ചെണ്ണ അടക്കമുള്ള പല സാധനങ്ങളും സോഴ്സ് ചെയ്യുന്നത്, ആ സാധനങ്ങൾ വെച്ചാണ് ഇവർ പ്രൊഡക്ഷന് ഭക്ഷണം കൊടുക്കുന്നത്. എന്നിട്ടും ദുൽഖറിന്റെ ആളുകൾ നമ്മളോട് വന്നു ചോദിക്കും ഭക്ഷണം എങ്ങനെയുണ്ട്, ഇഷ്ടമായില്ലെങ്കിൽ പുറത്തു നിന്നും വാങ്ങിത്തരാം എന്നൊക്കെ. ഇതൊക്കെ ഞാൻ ആയതുകൊണ്ട് മാത്രമല്ല അവിടെയുള്ള എല്ലാ ആളുകളെയും അവർ അങ്ങനെയാണ് ഉൾപ്പെടുത്തുന്നത്.
വേഫെറർ പ്രൊഡക്ഷൻസിന്റെ സെയിൽസ് അടക്കം റെക്കോർഡ് തുകയിലാണ് നടക്കുന്നതെന്നും, ദുൽഖറിനെപ്പോലുള്ള ഒരു പ്രൊഡ്യൂസറെ മലയാള സിനിമയ്ക്ക് ആവശ്യമാണെന്നും വിനയ് ഫോർട്ട് പറഞ്ഞു.

ദുൽഖർ സൽമാൻ. ഐ ആം ഗെയിം. Screen grab/ Youtube
‘ഭയങ്കര ഇൻക്ലൂസീവ് ആണ് അവന്റെ ടീം, അതുകൊണ്ട് തന്നെ ദുൽഖറിന്റെ ടീമിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ നമ്മൾ അറിയാതെ ആഗ്രഹിക്കും ആ സിനിമ വർക്ക് ആവണേ എന്ന്. പിന്നെ അവന്റെ പ്രൊഡക്ഷൻ കമ്പനിയുടെ സെയിൽസും കാര്യങ്ങളുമൊക്കെ റെക്കോർഡ് എമൗണ്ടിലാണ് വിൽപനയൊക്കെ നടക്കുന്നത്.
ദുൽഖറിനെ പോലുള്ള പ്രൊഡ്യൂസർ മലയാളത്തിൽ വേണം. ഇനിയുമൊരുപാട് ഗംഭീര സിനിമകൾ ദുൽഖുർ പ്രൊഡ്യൂസ് ചെയ്യണം, അവന്റെ കൂടെ ഇനിയും വർക്ക് ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം,’ വിനയ് ഫോർട്ട് പറഞ്ഞു.
