ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോൾ പ്രേമികൾ. സീസണിന് മുന്നോടിയായി താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.എൽ ക്ലബ്ബുകൾ. ഐ.എസ്.എല്ലിന്റെ പുതിയ സീസൺ ഒക്ടോബർ 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യം വെക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ടീമായ കേരള ബ്ലാസ്റ്റേഴ്‌സും താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ സീസൺ തുടങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് ഉടനെ പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കില്ല. ടീമിന്റെ ഓഹരി കൈമാറ്റം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് താരങ്ങളെ ടീമിലെത്തിക്കുന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത്.

ബ്ലാസ്റ്റേഴ്‌സ് പുതിയ ഉടമകളെ കണ്ടെത്തി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ നിക്ഷേപകർ വിദേശത്ത് നിന്നും ആയതിനാൽ ടീമിന്റെ ഉടമസ്ഥാവകാശം നേടാൻ നിയമപരമായി ചില കടമ്പകൾ കടക്കേണ്ടതുണ്ട്.

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ പുതിയ ഉടമകളുമായി കരാർ പൂർത്തിയാക്കണം. ഈ നീക്കം നടന്നില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒരു താരത്തെയും ടീമിൽ എത്തിക്കാൻ സാധിക്കില്ല. ഈ തിരിച്ചടി മറികടന്നാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ നിലനിൽപ്പുള്ളൂ.

നിലവിൽ ടീമുമായി വെറും പതിമൂന്ന് താരങ്ങൾക്ക് മാത്രമാണ് കരാർ ഉള്ളത്. ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ക്ലബ്ബ് വിട്ട് പോയിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും ബ്ലാസ്റ്റേഴ്‌സ് വലിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്. അമരീന്ദർ സിങ്ങുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

മലയാളി താരം മുഹമ്മദ് സനാനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2023 മുതൽ ജംഷഡ്പൂർ എഫ്.സിയുടെ താരമായ സനാൻ സാമ്പത്തിക ബാധ്യതകൾ കാരണം ഇന്ത്യൻ ഫുട്‌ബോളിനോട് ജംഷഡ്‌പൂർ വിടപറഞ്ഞതോടെയാണ് പുതിയൊരു ക്ലബ്ബിലേക്ക് മാറാനൊരുങ്ങുന്നത്.

അഡ്രിയാൻ ലൂണ, കരിം ബെനാരിഫ്, മാറ്റിയസ് ഫെർണാണ്ടസ്, ഫാലോ എൻഡിഡായ് എന്നീ വിദേശ താരങ്ങൾ ഈ സീസണിൽ ടീമിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ടർ ബെർട്ടാമ്യു, ഫ്രാഞ്ചു, കെവിൻ യോക്ക് എന്നീ വിദേശ താരങ്ങൾ ഇതിനോടകം തന്നെ ടീം വിട്ടു പോയിട്ടുണ്ട്.

ആഷ്ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

 

Content Highlight: Kerala Blasters Indian super league new season updates