ജയ്പൂര്‍: സി.ജെ.പിയുടെ സ്‌കൂള്‍ ഠീക് കരോ ക്യാമ്പൈന് പിന്നാലെ ജയ്പൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കി അധികൃതര്‍. സ്‌കൂള്‍ കെട്ടിടത്തിന്റെ അതീവ ശോചനീയാവസ്ഥയെ സി.ജെ.പി പ്രവര്‍ത്തകര്‍ തുറന്ന് കാട്ടിയിരുന്നു. പിന്നാലെയാണ് നടപടി.

ജയ്പൂരിലെ ബഗ്രൂ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട രാംപുര കന്‍വര്‍പുരയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ കെട്ടിടമാണ് അധികൃതര്‍ പൊളിച്ച് മാറ്റിയത്. സ്‌കൂള്‍ ഠീക്ക് കരോ ക്യാമ്പൈയ്‌ന്റെ ഭാഗമായി സി.ജെ.പി നടത്തിയ സന്ദര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

സന്ദര്‍ശനത്തിനെത്തിയ സി.ജെ.പി പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പിന്നാലെ സ്‌കൂളിന്റെ ശോചനയീവാസ്ഥ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാവുകയും ചെയ്തു. ഇതാണ് നടപടിക്കുള്ള കാരണം.

2025 സെപ്റ്റംബറില്‍ തന്നെ ഈ കെട്ടിടം ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് കാലിത്തൊഴുത്തിന് സമീപമുള്ള താത്ക്കാലിക ഷെഡുകളിലായിരുന്നു കുട്ടികള്‍ പഠിച്ചിരുന്നത്.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് വിലയിരുത്ത സി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ സംഘര്‍ഷം ഉണ്ടാവുകയും പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയതോടെയാണ് പഴയ കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കാനും പുതിയ കെട്ടിടം നിര്‍മിക്കാനും സര്‍ക്കാര്‍ അടിയന്തര ഉത്തരവിട്ടത്.

സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഡിസ്ട്രിക്റ്റ് മിനറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നിന്നും എം.എല്‍.എ ഫണ്ടില്‍ നിന്നും ഉള്‍പ്പെടെ 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ശോചനീയാവസ്ഥ പുറത്ത് വരാതിരിക്കാന്‍ പുറത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശനവും ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും സ്‌കൂള്‍ അധികൃതര്‍ നിരോധിച്ചിരുന്നു.

Content Highlight: CJP’s intervention bears fruit; dilapidated government school building in Jaipur demolished after controversy.