ന്യൂദല്‍ഹി: കുത്തകകളുടെ പണിയാളായ മോദി ഭരണത്തില്‍ തുടരുവോളം സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അവസാനമുണ്ടാകില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ കൂടെയാണെന്നും പാവപ്പെട്ടവര്‍ ഭരണകൂടത്തിന്റെ പരിഗണനയിലിലെന്നും ഡി. രാജ പറഞ്ഞു.

രാം ലീല മൈതനത്ത് സംഘടിപ്പിച്ച സി.പി.ഐ റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജനകീയ വിഷയങ്ങളില്‍ നേരിട്ട് സംവദിക്കാന്‍ മോദി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

നാരിശക്തിയെകുറിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്ന മോദി വനിത സംവരണം നടപ്പിലാക്കുന്നില്ലെന്നും ഡി.രാജ പറഞ്ഞു. ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത് ന്യൂയോര്‍ക്കില്‍ പറഞ്ഞ കാര്യങ്ങള്‍ ദല്‍ഹിയില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് തൊഴിലില്ലായ്മയും വിലകയറ്റവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കായി തെരുവിലറങ്ങി പോരാടേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐയുടെ മഹാറാലിയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പുറപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളെയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ ഇത്തരം ഭയപ്പെടുത്തല്‍ കൊണ്ടോ ജനാധിപത്യ വിരുദ്ധമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ടോ കമ്മ്യൂണിസ്റ്റുകാരെയും രാജ്യത്തെ ജനങ്ങളെയും നിശബ്ദമാക്കാന്‍ കഴിയില്ല,’ ഡി. രാജ പറഞ്ഞു.

Content Highlight: The government sides with corporates; there will be no end to the hardships of the common people as long as the Modi administration remains in power: D. Raja.