സംസ്‌കാര പഠിതാവും ചരിത്രകാരനും മുന്‍ നക്‌സലൈറ്റ് നേതാവുമായ സോമശേഖരന്‍ ശീര്‍ഷകത്തില്‍ ഏറ്റവും പുതിയ പുസ്തകമാണ് ‘ചരിത്രം മാര്‍ക്‌സിസത്തെ മറികടക്കുന്നു’. സൈന്‍ ബുക്‌സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമകാലിക വൈജ്ഞാനിക വികാസം പ്രദാനം ചെയ്യുന്ന അറിവുകളുടെ വെളിച്ചത്തില്‍ പ്രയുക്ത മാര്‍ക്‌സിസത്തെ നയിച്ച അടിസ്ഥാന വീക്ഷണങ്ങളുടെ പരിമിതികള്‍ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ സോമശേഖരന്‍ നടത്തുന്നത്.

സോമശേഖരന്‍
പ്രധാനമായും നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ജീവശാസ്ത്രം, സാമ്പത്തികശാസ്ത്രം, മാര്‍ക്‌സ് വിജ്ഞാനീയം തുടങ്ങിയ വിഷയമേഖലകളില്‍ ഉണ്ടായിട്ടുള്ള പുതിയ ഉപലബ്ധികളുടെ അടിസ്ഥാനത്തിലാണ് ഗ്രന്ഥകര്‍ത്താവിന്റെ ഈ ശ്രമം മുന്നോട്ടു പോകുന്നത്.

പുസ്തകത്തിന്റെ പുറം കവർ
മാര്‍ക്‌സിന്റെ ആശയങ്ങളേയും കണ്ടെത്തലുകളേയും മതാത്മകമായ രീതിയില്‍ പിന്തുടര്‍ന്ന് അവയെ എക്കാലത്തേയും സമഗ്രമായ അന്വേഷണ ഫലങ്ങളായും അന്തിമമായ സത്യങ്ങളായും അവതരിപ്പിക്കുന്ന ഔദ്യോഗിക മാര്‍ക്‌സിസത്തിന്റെ പ്രാക്ടീസിനെ നിശിതമായി രചയിതാവ് വിമര്‍ശിക്കുന്നു.
80 പേജുകളിലായി ഏഴ് അധ്യായങ്ങള്‍ ഉള്ള ഈ കൊച്ചുപുസ്തകത്തിന്റെ മുഖവുര സമകാലിക ലോകാവസ്ഥയുടെ അനിശ്ചിതത്വങ്ങളെ പറ്റി പറഞ്ഞാണ് തുടങ്ങുന്നത്.
ശീതയുദ്ധത്തിന്റെ അന്ത്യത്തോടെ ലോകത്ത് സംജാതമായ നാഥനില്ലായ്മ ബഹുധ്രുവ ലോകക്രമത്തിന്റേയും ബഹുസ്വര വ്യവസ്ഥകളുടേയും സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. പരസ്പര സഹകരണം വര്‍ധിച്ചു വരുന്നതും പലതരം കൂട്ടായ്മകള്‍ ജന്മം കൊള്ളുന്നതുമായ ഒരു അന്തരീക്ഷമാണ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്നും ഇത് കൂടുതല്‍ ജനാധിപത്യപരമായ ആഗോള കൂട്ടായ്മയിലേക്ക് നയിക്കപ്പെടുമെന്നും രചയിതാവ് പ്രതീക്ഷിക്കുന്നു.

അതിലേക്ക് നയിക്കാവുന്ന അടിയൊഴുക്കുകള്‍ സാര്‍വദേശീയ രാഷ്ട്രീയത്തില്‍ കാണാനുണ്ടെന്നും അത് സ്വാഭാവികമായ ചരിത്രപ്രക്രിയ ആയാണ് കാണേണ്ടതെന്നും അതിനൊത്ത ചിന്തയും പ്രവൃത്തിയുമാണ് ഇന്നിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
ചരിത്രത്തിന്റെ നിലവിലുള്ള പാഠങ്ങളെ (മാര്‍ക്‌സിസത്തിന്റേതുള്‍പ്പെടെ) പ്രശ്‌നവത്കരിക്കുന്ന നരവംശശാസ്ത്രത്തിലേയും ജനിതകശാസ്ത്രത്തിലേയും പുതിയ ഉപലബ്ധധികളെക്കുറിച്ചാണ് ‘മനുഷ്യവംശത്തിന്റെ ദീര്‍ഘ ചരിത്രം’ എന്ന ആദ്യ അധ്യായം.
ഹോമോ സാപിയനിലേക്ക് പരിണമിച്ചെത്തിയ വഴികളില്‍ വെളിച്ചം ഉതിര്‍ക്കുന്ന ഇത്തരം കണ്ടെത്തലുകളെ മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും പഠനങ്ങളുമായി ചേര്‍ത്തുവച്ച് ലേഖനകര്‍ത്താവ് പരിശോധിക്കുന്നു.

മാർക്സും എംഗൽസും
മാര്‍ക്‌സ് മുന്നോട്ടു വച്ച രീതിയിലുള്ള പ്രാകൃത കമ്യൂണിസം എന്ന ആദ്യഘട്ടത്തിന്റെ സാംഗത്യത്തെ വിശകലനം ചെയ്യുന്നുണ്ട് ഇവിടെ. ഉത്പാദനോപകരണങ്ങളുടേയും ഉത്പാദനബന്ധങ്ങളുടേയും ദീര്‍ഘകാല ചരിത്രം പല സ്പിഷീസുകള്‍ ഉള്‍പ്പെടുന്ന പരിണാമപ്രക്രിയയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്ന വാദവും മുന്നോട്ടു വെക്കുന്നു.
‘വര്‍ഗസമരം ചരിത്രത്തില്‍’ എന്ന രണ്ടാമധ്യായത്തില്‍, മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും ഉത്പാദന പ്രക്രിയയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയുള്ള വര്‍ഗം എന്ന പ്രധാന പരിഗണനാ സങ്കല്‍പ്പത്തിന്റെ അര്‍ത്ഥതലങ്ങളും പ്രസക്തിയും അപൂര്‍ണതയും ആണ് മുഖ്യ പരിശോധനാവിഷയം.
തുറസ്സുകള്‍ അടച്ചുള്ള ഒരു ‘ഇസം’ എന്ന അവസ്ഥയില്‍ പരിണമിച്ചെത്തിയ മാര്‍ക്‌സിസ്റ്റ് ആശയ സംഹിതയുടെ ചരിത്രജീവിതവും ഇവിടെ പരിശോധിക്കപ്പെടുന്നു. ഇസം ആയിത്തീരല്‍ എന്നത് ഒരു ന്യൂനീകരണ പ്രവണതയുടെ ഫലമായി വിലയിരുത്തുന്ന രചയിതാവ് ഒരു കേന്ദ്രത്തിലേക്ക് ചുരുക്കിനിര്‍ത്തി വ്യാഖ്യാനിക്കുമ്പോള്‍ അതിന് ഉള്‍ക്കൊള്ളാനാകാത്തവ നഷ്ടമാകുന്നു എന്ന് നിരീക്ഷിക്കുന്നു.
വര്‍ഗങ്ങള്‍ എന്നതിനേക്കാള്‍ ശ്രേണികള്‍ എന്ന പദമാകും ഉചിതം എന്ന് അഭിപ്രായപ്പെടുന്നു. വിവിധ ശാസ്ത്രശാഖകളിലെ നവീനമായ കണ്ടെത്തലുകള്‍ പ്രാകൃത കമ്യൂണിസം എന്ന ആശയത്തേയും മാര്‍ക്‌സ് മുന്നോട്ടു വച്ച പഞ്ചഘട്ട സിദ്ധാന്തത്തിന്റെ രേഖീയതയേയും സാധൂകരിക്കുന്നില്ല.

കാൾ മാർക്സ് | ഫെഡ്രിക് എംഗൽസ്
ഒരു ഘട്ടത്തില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക് ആഭ്യന്തര വര്‍ഗസമരം വഴി ഒരു വര്‍ഗം മറ്റൊന്നിനെ ഇല്ലാതാക്കി ഭരണത്തിലേറുന്നതിനുപകരം പുതിയ ഉത്പാദന ക്രമങ്ങളും സാമൂഹ്യ വര്‍ഗങ്ങളും ഉണ്ടായിത്തീര്‍ന്ന് സമൂഹത്തെ വളര്‍ത്തുകയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കുന്നു.
മാര്‍ക്‌സിന്റെ തത്വചിന്താ സമീപനം മെറ്റീരിയലിസ്റ്റ് ഡയലക്ടിക്‌സ് ആയിരുന്നെന്നും അതനുസരിച്ച് ആത്യന്തിക വിശകലനത്തില്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ ഉത്പാദനവും പ്രത്യുത്പാദനവുമാണ് നിര്‍ണായക ഘടകം എന്നും വാദിക്കുന്നു.
‘സ്പീഷീസാണ് പ്രകൃതിക്ക് പ്രധാനം’ എന്ന ശീര്‍ഷകത്തിലുള്ള മൂന്നാമധ്യായത്തില്‍ ഐന്‍സ്റ്റീനിന് ശേഷമുള്ള കാലത്തെ ശാസ്ത്രവളര്‍ച്ചയിലെ ചില സങ്കല്‍പ്പനങ്ങളെ പരിശോധിക്കുന്നു. കോംപ്ലിമെന്റോരിറ്റി, സൂപ്പര്‍ പൊസിഷന്‍, എന്‍ടാംഗിള്‍മെന്റ് തുടങ്ങിയ പ്രതിഭാസങ്ങളും സമീക്ഷകളും നിലനില്‍ക്കുന്ന പല അടിസ്ഥാന ധാരണകളേയും പുനര്‍നിര്‍വചിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതായി രചയിതാവ് കാണുന്നു.

ആൽബർട്ട് ഐൻസ്റ്റീൻ
ഇത് ഇന്നുവരെ നാം അറിഞ്ഞു രൂപപ്പെടുത്തിയ പ്രപഞ്ചചിത്രത്തെ പ്രശ്‌നഭരിതമാക്കുന്നു. ബൈനറികള്‍ക്കിടയില്‍ വരുന്നതും പരിവര്‍ത്തനോത്സുകവുമായ അടരുകള്‍ ഏതുവിഷയത്തിലായാലും പ്രധാനപ്പെട്ടതാണ്.
ഔദ്യോഗിക മാര്‍ക്‌സിസം മാര്‍ക്‌സിനെ വായിച്ചത് ഈ സത്യം അവഗണിച്ചോ അപ്രധാനമാക്കിയോ ആയിരുന്നു. അത് തൊഴിലാളി മുതലാളി ദ്വിത്വത്തിലേക്കും ആദര്‍ശാത്മക അമൂര്‍ത്തീകരണത്തിലേക്കും നയിക്കുകയാണ് ഉണ്ടായത് എന്ന വിമര്‍ശനം ഉന്നയിക്കുന്നു.
നാലാമത്തെ അധ്യായം ആഗോളവത്കരണത്തെക്കുറിച്ചാണ്. സോവിയറ്റ് ബ്ലോക്കിന്റെ തകര്‍ച്ചയുടെ കൂടി പശ്ചാത്തലത്തില്‍ അമേരിക്കന്‍ ബ്ലോക്കിന് ലോകാധിപത്യം ഉറപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആഗോളവത്കരണം സംഭവിച്ചത് എന്ന വാദത്തെ ഈ അധ്യായത്തില്‍ സൂക്ഷ്മമായി പരിശോധിക്കുന്നു.

അദ്ദേഹം എഴുതുന്നു ‘ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സൈദ്ധാന്തിക ഭൗതികത്തിലുണ്ടായ വളര്‍ച്ചയും ഇരുപതിന്റെ തന്നെ മധ്യത്തോടെ ലോകയുദ്ധാനന്തരമുള്ള കാലത്ത് അതുണ്ടാക്കിയ ശാസ്ത്ര സാങ്കേതികമായ വളര്‍ച്ചയുമായിരുന്നു യഥാര്‍ത്ഥത്തില്‍ ആഗോളവത്കരണത്തിന്റെ പ്രധാന ചാലക ഘടകം’ (പേജ് 44).
ചരിത്രത്തിന്റെ മുഖ്യധാരയെ ആരുടെയെങ്കിലും ഗൂഢാലോചനയായി വിലയിരുത്തുന്ന സമീപനം, വ്യക്തികളോ ചില ഗ്രൂപ്പുകളോ ആണ് ചരിത്രത്തെ നയിക്കുന്നത് എന്ന തെറ്റായ വിശ്വാസത്തില്‍ നിന്ന് പിറവിയെടുക്കുന്നതാണ് എന്ന് തുടര്‍ന്ന് പറയുന്നു.
ലോകസമ്പദ്ഘടനയുമായി സംഭവിച്ച ഉദ്ഗ്രഥനം ഒരു ഗൂഢാലോചനയുടെ ഫലമല്ല. ചരിത്രം ഗൂഢാലോചനകള്‍ക്കോ മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ക്കോ അനുസരിച്ചല്ല ചലിക്കുന്നത്.
ജീവിതനിലവാരമുയര്‍ത്തി സമൂഹത്തെ വളര്‍ത്തിക്കൊണ്ടല്ലാതെ മുതലാളിത്തത്തിന് വളരാനാവില്ല എന്ന് സമകാലിക ലോകത്തെ പ്രവണതകള്‍ തെളിയിക്കുന്നതായി സോമശേഖരന്‍ വിലയിരുത്തുന്നു.

നമ്മുടെ ഭാവിയിലെ പരിവര്‍ത്തനം ഏതു തരത്തിലും ദിശയിലും ഉള്ളതായിരിക്കും എന്ന ആലോചനകളാണ് ‘മാറ്റങ്ങളില്‍ പരിണാമത്തിന്റെ പങ്ക്’ എന്ന അഞ്ചാമധ്യായത്തിലുള്ളത്. സാമ്പ്രദായിക അര്‍ത്ഥത്തിലുള്ള ഒരു വിപ്ലവമായിരിക്കില്ല ഭാവിയിലേത്.
മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട് അവകാശപ്പെടുന്ന ശാസ്ത്രീയരീതി എന്നതിന് പിന്നീട് ക്വാണ്ടം ബലതന്ത്രം മുതല്‍ ജെനിറ്റിക്‌സ് വരെയുള്ള വിവിധ ഡിസിപ്ലിനുകളില്‍ സംഭവിച്ച മാറ്റങ്ങളെ മനസിലാക്കാനോ അതിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യാനോ കഴിഞ്ഞില്ല.

ഐന്‍സ്റ്റീനിനെ ഉള്‍ക്കൊള്ളാതെ ഭൗതികവാദത്തെക്കുറിച്ച് എഴുതുന്ന ലെനിനും ജനിതകശാസ്ത്രത്തോട് പുറംതിരിഞ്ഞു നിന്ന സ്റ്റാലിനും തികഞ്ഞ പരാജയങ്ങളായിരുന്നു. ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ ചാലകശക്തി വര്‍ഗങ്ങളോ വര്‍ഗസമരങ്ങളോ അല്ല എന്നു രചയിതാവ് വാദിക്കുന്നു.

റഷ്യയിലും ചൈനയിലും നിലനില്‍ക്കുന്നത് ആഗോള മുതലാളിത്ത സമ്പദ്ഘടനയുമായി ഉദ്ഗ്രഥിക്കപ്പെട്ട വ്യവസ്ഥയത്രെ. വരാനിരിക്കുന്ന പരിവര്‍ത്തനം തൊഴിലാളി മുതലാളി വര്‍ഗസമരത്തിലൂടെ തൊഴിലാളിവര്‍ഗം ആധിപത്യത്തിലെത്തുന്ന വഴിയിലാണ് എന്ന സൂചനകളല്ല കാണാന്‍ കഴിയുന്നത്.
പരിണാമ ചരിത്രത്തിന്റെ വിശകലനത്തിലൂടെയേ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താനാവൂ. മരണത്തോടെ ഇല്ലാതാകാത്ത സാമൂഹ്യസത്തയുടെ ഒരു തുടര്‍ച്ച സൃഷ്ടിച്ചെടുക്കാന്‍ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന് കഴിയുന്നു. പ്രകൃതിക്ക് വ്യക്തികളുടേയല്ല, പകരം സ്പിഷീസിന്റെ അതിജീവനമാണ് പ്രധാനം.
‘ഒന്നാകുന്ന മനുഷ്യകുലം’ എന്ന ആറാമധ്യായത്തില്‍ മനുഷ്യരാശിയുടെ ഭാവിയെ പ്രതീക്ഷയോടെ കാണുന്നു ലേഖകന്‍, പ്രയുക്ത സോഷ്യലിസം സാമ്രാജ്യത്വത്തിനെതിരായ മത്സരം എന്ന ന്യായീകരണത്തില്‍ തങ്ങളുടെ ദേശീയ മൂലധന താത്പര്യങ്ങള്‍ പോഷിപ്പിച്ചത്, സാമ്രാജ്യ മൂലധന താത്പര്യങ്ങള്‍ എന്നത് പോലെ തന്നെ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം വിനാശകരമായിത്തീര്‍ന്നു എന്ന് രചയിതാവ് കരുതുന്നു.
ഇനിയും തലമുറകള്‍ എടുത്തേക്കാമെങ്കിലും സാവധാനം മനുഷ്യന്‍ ഒന്നാകുന്നതിലേക്കാണ് ലോകം സഞ്ചരിക്കുന്നത്. മൂലധനത്തിന്റെ താത്പര്യങ്ങളും ചലന നിയമങ്ങളുമാണ് ലോകത്തിന്റെ വികസന പാത ഇന്ന് നിര്‍ണയിക്കുന്നത്.
മൂലധനത്തിനുമേല്‍ സാമൂഹ്യ നിയന്ത്രണം കൊണ്ടുവരിക എന്നത് മനുഷ്യവംശത്തിന്റെ അതിജീവനത്തിന്റെ പ്രശ്‌നമായി മാറിയിരിക്കുന്നു. തൊഴിലാളിവര്‍ഗം ബൂര്‍ഷ്വാസികളെ അപേക്ഷിച്ച് ഭൂരിപക്ഷം ആയതു കൊണ്ട് തൊഴിലാളി വര്‍ഗ സര്‍വാധിപത്യം യഥാര്‍ത്ഥ ജനാധിപത്യമാണ് എന്ന വാദം അര്‍ത്ഥശൂന്യമായി ലേഖകന്‍ കാണുന്നു.

ഭാവിയിലെ വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതുന്നതിങ്ങനെ ‘വര്‍ഗാധിപത്യത്തിന്റെ മുന്‍ വഴികളില്‍ രൂപപ്പെടുന്ന ഒരു ഭരണക്രമമാകും വരാനിരിക്കുന്നതെന്ന് പ്രതീക്ഷിക്കാനാകില്ല. ബഹുമുഖമായ സാധ്യതകള്‍ തുറക്കുന്ന ജനാധിപത്യത്തിന്റെ ഒരു ഉയര്‍ന്ന രൂപമായേ അതിനു നിലനില്‍ക്കാനാവൂ എന്നു മാത്രമേ ഇപ്പോള്‍ ചിന്തിക്കേണ്ടതുള്ളൂ’ (പേജ് 63).
പല തടസ്സങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യനെ ഒരാഗോള സ്പിഷീസ് എന്ന നിലയിലല്ലാതെ ഒരാഗോള സമൂഹമാക്കി മാറ്റുന്ന പ്രക്രിയ കൂടിയാണിന്ന് നടക്കുന്നത് എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘മാനുഷികത: പണിതീരാത്ത ഒരു നിര്‍മിതി’ എന്ന പേരിലാണ് അവസാന അധ്യായം. പുസ്തകത്തിലൂടെ മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ ഒരു കണ്‍ക്ലൂഷന്‍ എന്ന നിലയില്‍ ഇതിനെ വായിക്കാം.
വികസിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന ലോകത്തില്‍ ഔദ്യോഗിക മാര്‍ക്‌സിസത്തിന് അന്യമായിത്തീരുന്ന വഴികളെക്കുറിച്ച് എഴുതവേ ‘മാര്‍ക്‌സിന്റേയും എംഗല്‍സിന്റെയുമെല്ലാം ഔദ്യോഗികമായി രൂപപ്പെടുത്തിയ പാഠപുസ്തകസമാനമായ ചില ലളിത പാഠങ്ങള്‍ വേദവാക്യങ്ങളായി മാറുന്നതാണ് കാണുക. പ്രാരംഭകാലത്ത് കാലാനുസാരിയായി പരമാവധി ഉന്നതമായ ഒരു ബൗദ്ധിക പദ്ധതിയായിരുന്നു അത്. എന്നാല്‍, പില്‍ക്കാലത്ത് വൈജ്ഞാനിക സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട പീഡിതന് നിര്‍ബന്ധിതമായി ലഭിച്ച അജ്ഞതയെ പാര്‍ട്ടി ബ്യൂറോക്രസികള്‍ അലങ്കാരമാക്കുകയാണുണ്ടായത്. അജ്ഞതയെ ആദര്‍ശവത്കരിക്കുക വഴി ഫലത്തില്‍ പീഡിതരോടും സമൂഹത്തോടു തന്നെയുമുള്ള ചരിത്രവഞ്ചനയായാണത് മാറിയത്. മാവോയിസം പോലെ അപഹാസ്യമായ ദരിദ്ര സിദ്ധാന്തങ്ങള്‍ വരെ അത് എത്തി നില്‍ക്കുന്നു’ (പേജ് 68) എന്ന രീതിയില്‍ രൂക്ഷമായ വിമര്‍ശനം സോമശേഖരന്‍ തൊടുത്തു വിടുന്നു.
മിച്ചോത്പാദനവും മിച്ചമൂല്യവും സാമൂഹ്യമൂലധനത്തിനുള്ള മുതല്‍ക്കൂട്ടു കൂടിയാകാതെ അതത് സന്ദര്‍ഭത്തില്‍ സമഭാഗം ചെയ്ത് ഉപഭോഗം ചെയ്തിരുന്നുവെങ്കില്‍ സമൂഹം വളര്‍ച്ച നേടുമായിരുന്നില്ല എന്നദ്ദേഹം തുടര്‍ന്ന് പറയുന്നുണ്ട്.
എല്ലാവര്‍ക്കും അവസര സമത്വമുണ്ടാവുന്ന കാലത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിവിധ ന്യൂനീകരണങ്ങളെ ചൂണ്ടിക്കാട്ടുന്നതിന്റെ പ്രസക്തിയില്‍ ഊന്നുകയാണ് രചയിതാവ്. ‘എല്ലാവരും ഒരുപോലെ തുല്യരായതുമായ ഒരു സമൂഹം വളര്‍ച്ച മുരടിച്ച ഒന്നാകാനാണ് സാദ്ധ്യത’ (പേജ് 72).
തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്നത് ബൂര്‍ഷ്വ സര്‍വാധിപത്യത്തിന്റെ തന്നെ ഒരു വിശേഷ രൂപം ആയിരുന്നു എന്നാണ് ചരിത്രാനുഭവത്തെ മുന്‍നിര്‍ത്തി നിരീക്ഷിക്കാനാവുക എന്ന് ലേഖകന്‍ വാദിക്കുന്നുണ്ട്.
വ്യത്യസ്തതകളെ മാനിക്കുന്ന ഒരു പുതിയ ജനാധിപത്യബോധം ആവശ്യമാണെന്നും ഐക്യപ്പെടാനുള്ള ഒരു താത്കാലിക അടവായല്ലാതെ പുതിയ ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ മൗലിക ഘടനയായി തന്നെ അതുവേണമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
മുതലാളിത്തം വളര്‍ത്തിയെടുത്ത ശാസ്ത്ര സാങ്കേതിക വികാസം തന്നെ ലോകജനതയുടെ ഐക്യത്തെ വളര്‍ത്താന്‍ ഇന്ന് പ്രാപ്തമാണ്. പണിയെടുക്കാത്തവര്‍ക്കും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കുള്ള വരുമാനം ഉറപ്പുവരുത്താന്‍ കഴിയുന്ന വിധത്തിലുള്ള ശേഷി ഒരു പരിധി വരെ ഇന്നുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
തര്‍ക്കിക്കാനുള്ള സംഗതികള്‍ ഏറെ നിലനിര്‍ത്തികൊണ്ടു തന്നെ വളരെ സാന്ദ്രീകൃത രൂപത്തില്‍ എഴുതപ്പെട്ട പുസ്തകമാണ് ഇത്. പേജുകളുടെ എണ്ണം കൊണ്ട് ചെറുതെങ്കിലും വിസ്‌ഫോടക ശേഷിയുള്ള നൂതനാശയങ്ങള്‍ ഏറെയുണ്ട് പുസ്തകത്തില്‍.
പോസ്റ്റ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ മുന്നോട്ടു വച്ചവയാണ് അവയില്‍ പലതും എന്ന വിമര്‍ശനം ഉണ്ടാവാമെങ്കിലും അവ കേരളീയ പരിസരത്തില്‍ ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാവേണ്ടതുണ്ട്.
ഇതഃപര്യന്തമുള്ള മാര്‍ക്‌സിസ്റ്റ് പ്രാക്ടീസില്‍ പാര്‍ശ്വങ്ങളിലേക്ക് തട്ടിമാറ്റപ്പെട്ട മാര്‍ക്‌സിന്റെ തന്നെ ആശയങ്ങളിലേക്കും പുസ്തകം നോട്ടമയക്കുന്നുണ്ട്. ഏതായാലും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവ വിധേയമാകും എന്ന് പ്രതീക്ഷിക്കാം.
Content Highlight: V.K. Babu writes on Somashekharan’s book ‘Charithram Marxismathe Marikkadakkunnu’
