'വിദ്വേഷ രാഷ്ട്രീയത്തെ 'വിശുദ്ധീകരിക്കാന്‍' കൂട്ടുനില്‍ക്കരുത്!; മോഹന്‍ ഭാഗവതിന്റെ പരിപാടിക്കെതിരെ ന്യൂയോര്‍ക്കിലെ മതനേതാക്കള്‍ക്ക് തുറന്ന കത്ത്; പൂര്‍ണരൂപം
world
'വിദ്വേഷ രാഷ്ട്രീയത്തെ 'വിശുദ്ധീകരിക്കാന്‍' കൂട്ടുനില്‍ക്കരുത്!; മോഹന്‍ ഭാഗവതിന്റെ പരിപാടിക്കെതിരെ ന്യൂയോര്‍ക്കിലെ മതനേതാക്കള്‍ക്ക് തുറന്ന കത്ത്; പൂര്‍ണരൂപം
ശ്രീലക്ഷ്മി പി.പി
Saturday, 29th August 2026, 2:33 pm

ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ രംഗത്ത്. ‘വിശ്വ സാഹോദര്യം’ എന്ന ആശയത്തിന്റെ മറവിൽ നടത്തുന്ന ഈ പരിപാടിയിലൂടെ വിദ്വേഷ-തീവ്ര ദേശീയതയുടെ രാഷ്ട്രീയത്തെ വെള്ളപൂശാനാണ് സംഘാടകർ ശ്രമിക്കുന്നതെന്നും, ന്യൂയോർക്കിലെ വിവിധ മത-സാമൂഹിക നേതാക്കൾ ഇതിൽ പങ്കെടുത്ത് ആർ.എസ്.എസിന് പിന്തുണ നൽകരുതെന്നും സംഘടന ആഹ്വാനം ചെയ്യുന്നു. യഥാർത്ഥ വസ്തുതകൾ തിരിച്ചറിഞ്ഞ് പരിപാടി ബഹിഷ്കരിക്കണമെന്നും പുറത്ത് നടക്കുന്ന റാലിയിൽ അണിചേരണമെന്നും ആവശ്യപ്പെട്ട് ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ പുറത്തുവിട്ട തുറന്ന കത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം,

 

ഓഗസ്റ്റ് 29-ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ ജനപ്രതിനിധികളും മതാന്തര നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ പ്രചരിപ്പിക്കുന്നുണ്ട്.
മോഹൻ ഭാഗവതിനെക്കുറിച്ചോ ആർ.എസ്.എസിനെക്കുറിച്ചോ അവരുടെ പങ്കാളിത്തം വഴി സാധ്യമാകുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ചോ പൂർണ്ണമായ ധാരണയില്ലാതെ, ‘വിശ്വ സാഹോദര്യം’ (Universal Oneness) ആഘോഷിക്കുന്ന ഒരു ചടങ്ങെന്ന പേരിൽ ചില നേതാക്കൾ ഇതിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടാകാം.

ഈ കത്ത് നിങ്ങളുടെ സംഘടന ചാനലുകൾ വഴി വിതരണം ചെയ്യണമെന്ന് മതനേതാക്കളോടും വിവിധ മത സംഘടനകളോടും സഭാ നേതൃത്വങ്ങളോടും സെമിനാരികളോടും ചാപ്ലയിൻമാരോടും വിശ്വാസി സമൂഹങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ക്ഷണം ലഭിച്ചാൽ തങ്ങൾ എന്താണ് അംഗീകരിക്കാൻ പോകുന്നതെന്ന് ഇതുവരെ തിരിച്ചറിയാത്ത ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
ഇന്ത്യയിലെ ഭരണ മുന്നണിയെ നിയന്ത്രിക്കുന്ന, ഒരു നൂറ്റാണ്ട് പഴക്കമുള്ള ഹൈന്ദവ ദേശീയ പ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവക് സംഘിനെ നയിക്കുന്നത് മോഹൻ ഭാഗവതാണ്. ഇന്ത്യയെ ഒരു “ഹിന്ദു രാഷ്ട്ര”മാക്കി മാറ്റാനാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്, മുസ്‌ലിംങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദളിതർ, മറ്റ് ന്യൂനപക്ഷങ്ങൾ എന്നിവർക്ക് തുല്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒന്നാണത്. സംഘടനയുടെ ആദ്യകാല നേതാക്കൾ ഹിറ്റ്ലറെയും മുസ്സോളിനിയെയും പ്രശംസിച്ചിരുന്നവരാണ്, കൂടാതെ മുൻപ് ആർ.എസ്.എസ് അംഗമായിരുന്ന നാഥുറാം ഗോഡ്സെയാണ് മഹാത്മാഗാന്ധിയെ വധിച്ചത്.

ഇപ്പോൾ ഈ ചരിത്രത്തെ ആത്മീയ ഭാഷയുടെ മറവിൽ ഒളിപ്പിക്കുകയാണ്. അവരുടെ പരിപാടി ‘വിശ്വ സാഹോദര്യ’ത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ മത മേധാവിത്വം അതിന്റെ അടിസ്ഥാന സ്വഭാവം കൊണ്ട് തന്നെ ആ ആശയത്തിന് വിരുദ്ധമാണ്. ആർ.എസ്.എസിനെക്കുറിച്ച് കൂടുതൽ അറിവില്ലാത്ത, ആദരണീയരായ മതനേതാക്കളുടെ സാന്നിധ്യത്തിലൂടെ, മത മേധാവിത്വത്തിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന് മതാന്തര സ്വീകാര്യതയുടെ പ്രതീതി ഉണ്ടാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

ആർ.എസ്.എസിന് സാധുത നൽകുന്നതിനോ അതിനെ ആത്മീയമായി വിശുദ്ധീകരിക്കുന്നതിനോ മതനേതാക്കൾ അറിഞ്ഞുകൊണ്ട് കരുവാകരുത്.
നിങ്ങൾക്കോ നിങ്ങളുടെ ശൃംഖലയിലെ ആർക്കെങ്കിലുമോ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങളുടെ അഭ്യർത്ഥനകൾ ഇവയാണ്:
* ക്ഷണം നിരസിക്കുക.
* നിങ്ങളുടെ പേരോ പദവിയോ സംഘടനയോ ഫോട്ടോയോ ഈ പരിപാടിയുമായി ബന്ധപ്പെടുത്താൻ അനുമതി നൽകാതിരിക്കുക.
* ക്ഷണം ലഭിച്ച മറ്റ് നേതാക്കളെ ആർ.എസ്.എസിനെക്കുറിച്ചും അവരുടെ പങ്കാളിത്തത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കുക.
* നിങ്ങളെ ആരെങ്കിലും സമീപിച്ചിട്ടുണ്ടെങ്കിൽ അത് ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’ (Hindus for Human Rights) അല്ലെങ്കിൽ ‘ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ (Interfaith Center of New York) എന്നിവരെ സ്വകാര്യമായി അറിയിക്കുക.
* ഇതിന് പകരമായി, മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് നടക്കുന്ന ബഹുമത റാലിയിൽ പങ്കെടുക്കുക.

1939-ൽ, വംശീയ മേധാവിത്വത്തെ രാജ്യസ്നേഹപരവും മാന്യവുമായി ചിത്രീകരിക്കാൻ ശ്രമിച്ച ഇരുപതിനായിരത്തിലധികം നാസി അനുഭാവികൾക്ക് മാഡിസൺ സ്ക്വയർ ഗാർഡൻ ഒരു വലിയ വേദി ഒരുക്കിയിരുന്നു. ഫാസിസത്താലും മത ദേശീയതയാലും രൂപപ്പെട്ട മറ്റൊരു പ്രസ്ഥാനത്തിലൂടെ ആ ചരിത്രം ആവർത്തിക്കാൻ ന്യൂയോർക്ക് അനുവദിക്കരുത്.

പുരോഹിതന്മാർ, വിശ്വാസി സമൂഹങ്ങൾ, മതാന്തര കൗൺസിലുകൾ, സഭാ നേതാക്കൾ, ചാപ്ലയിൻമാർ, സെമിനാരികൾ, ജനപ്രതിനിധികൾ, സാമൂഹിക സംഘടനകൾ എന്നിവർക്ക് ഈ കത്ത് കൈമാറുക. നിങ്ങളുടെ മതനേതാക്കളുടെ ഗ്രൂപ്പുകളിൽ ഇത് പങ്കുവെക്കുക. വാട്സാപ്പ്, സിഗ്നൽ, ഇമെയിൽ ലിസ്റ്റുകൾ, സ്വകാര്യ ചാനലുകൾ എന്നിവ വഴി ഇത് പ്രചരിപ്പിക്കുക. ക്ഷണം ലഭിച്ചിരിക്കാൻ സാധ്യതയുള്ള ആരുമായും ബന്ധപ്പെടുക.
ആർക്കൊക്കെയാണ് ക്ഷണം ലഭിച്ചതെന്ന് ഞങ്ങൾക്ക് വ്യക്തതയില്ല. അതുകൊണ്ട് തന്നെയാണ് അവരിലേക്ക് എത്തിച്ചേരാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമുള്ളത്.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ, ജൂത, ബുദ്ധ, ദളിത്, ജാതിവിരുദ്ധ, മതാന്തര, പൗരാവകാശ കൂട്ടായ്മകൾ ഒന്നിച്ച് അണിനിരക്കുകയാണ്. ന്യൂയോർക്കിലെ മതനേതാക്കൾ ആർ.എസ്.എസിനൊപ്പമല്ല, ഞങ്ങളോടൊപ്പം നിലകൊള്ളണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ക്ഷണം നിരസിക്കുക. നിങ്ങളുടെ നെറ്റ്‌വർക്കുകളെ ജാഗ്രതപ്പെടുത്തുക. മാഡിസൺ സ്ക്വയർ ഗാർഡന് പുറത്ത് ഞങ്ങളോടൊപ്പം ചേരുക. ഒരു മതനേതാവും അറിവില്ലായ്മ കൊണ്ട് തങ്ങളുടെ ധാർമ്മിക അധികാരം മത മേധാവിത്വത്തിന് ചാർത്തിക്കൊടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കുക.

‘ലോകഃ സമസ്താഃ സുഖിനോ ഭവന്തു’ (ലോകത്തിലെ സകല ജീവജാലങ്ങളും സന്തുഷ്ടരായിരിക്കട്ടെ) എന്ന ഹൈന്ദവ പ്രാർത്ഥനയോടെ ഞങ്ങൾ ഈ അഭ്യർത്ഥന ഉപസംഹരിക്കുന്നു. ആ യഥാർത്ഥ സാർവത്രിക കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് ഞങ്ങളോടൊപ്പം നിലകൊള്ളാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്.

ഐക്യദാർഢ്യത്തോടെ,
ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ടീം
ലോകഃ സമസ്താഃ സുഖിനോ ഭവന്തു

Content Highlight:“Do Not Help ‘Sanitize’ Hate Politics!”; New York Religious Leaders Receive Open Letter Opposing Mohan Bhagwat’s Event; Full Tex.

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.