റിയാദ്: ഐക്യരാഷ്ട്ര സഭയുടെ സമാധാന കരാറിന് ഹൂത്തികൾ സമ്മതിക്കുകയാണെങ്കിൽ യെമനിലെ യുദ്ധം നാളെത്തന്നെ അവസാനിക്കുമെന്ന് സൗദി സഖ്യസേനാ വക്താവ്.

രാഷ്ട്രീയ ഒത്തുതീർപ്പാണ് മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗമെന്നും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ഞായറാഴ്ച റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.

എന്നാൽ ഹൂത്തികൾ സമാധാന കരാറുമായുള്ള ചർച്ചയ്ക്ക് തയ്യാറാകുന്നത് വരെ തങ്ങൾ അവർക്ക് മേൽ സൈനിക സമ്മർദം തുടരുമെന്നും യെമനിലെ സർക്കാരിന് അവരുടെ ലക്ഷ്യം നേടാനുള്ള പിന്തുണ സൗദി സഖ്യസേന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘യെമൻ സർക്കാരുമായുള്ള സമാധാന കരാറിന് ഹൂത്തികൾ തയ്യാറാകുകയാണെങ്കിൽ യുദ്ധം നാളെ അവസാനിക്കും. രാഷ്ട്രീയ ഒത്തുതീർപ്പാണ് ഏറ്റവും മികച്ചത്,’ അദ്ദേഹം പറഞ്ഞു.

യെമൻ സർക്കാരിന്റെ ഇടക്കാല തലസ്ഥാനമായ ഏദൻ സൗദിയുടെ റെഡ് ലൈനാണെന്നും ഹൂത്തികളിൽ നിന്നും തുറമുഖ നഗരത്തെ സംരക്ഷിക്കാം ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഹൂത്തികളുമായുള്ള യെമൻ സംഘർഷം രൂക്ഷമാകുകയാണ്. റിയാദിലെ കിങ് ഖാലിദ് ടവറിന് നേരെ ഹൂത്തികൾ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ ചെങ്കടൽ തുറമുഖമായ ഹൊദൈദയിൽ സൗദി പ്രത്യാക്രമണം നടത്തിയിരുന്നു.

ഹൊദൈദയിൽ ആക്രമണം നടത്തിയാൽ ജിദ്ദ തുറമുഖത്തെയും ചെങ്കടലിലെ മറ്റ് സൗദി തുറമുഖങ്ങളെയും തങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരീ സൗദി സഖ്യസേനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സംഘർഷങ്ങൾക്ക് പിന്നാലെ യെമനിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: The war could end as early as tomorrow if the Houthis agree to a UN peace deal, says the spokesperson for the Saudi-led coalition.