ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒ.ടി.ടി റിലീസിന് ശേഷം ഏറെ ചര്‍ച്ചയായ ചിത്രമാണ് അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് നസ്ലെന് കേന്ദ്രകഥാപാത്രമായി വേഷമിട്ട മോളിവുഡ് ടൈംസ്. ലോകം അറിയപ്പെടുന്ന ഒരു സിനിമാക്കാരനാകാന്‍ അതിയായി ആഗ്രഹിക്കുന്ന വിനീത് മാധവന് എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ചിത്രം മുകുന്ദനുണ്ണിയ്ക്ക് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയിലായിരുന്നു പുറത്തിറങ്ങിയത്.
ഒരു സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന വിനീത് മാധവന് മലയാള സിനിമ മേഖലയില്‍ നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിസന്ധികളും പശ്ചാത്തലമാക്കിയായിരുന്നു അഭിനവ് ചിത്രം ഒരുക്കിയത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ പല ക്യാരക്ടേഴ്സിനും മലയാള സിനിമയിലെ പലരുമായും സാമ്യതയുണ്ടെന്ന തരത്തില്‍ പല പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മോളിവുഡ് ടൈംസ് അഭിനവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണെന്നും ചിത്രത്തിലെ നായകന് അഭിനവ് തന്നെയാണെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

മോളിവുഡ് ടൈംസ്. Photo: Hotstar
തിയേറ്ററിനെക്കാള്‍ ഒ.ടി.ടിയിലായിരുന്നു ചിത്രത്തിന് വലിയ പ്രശംസ ലഭിച്ചത്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന മോളിവുഡ് ടൈംസിന്റെ കഥ പറച്ചില് രീതിയ്ക്കും ക്ലൈമാക്സിനും വലിയ പ്രശംസയായിരുന്നു കേരളത്തിന് പുറത്ത് നിന്നടക്കം ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് ആദ്യം മറ്റൊരു തരത്തിലുള്ള ക്ലൈമാക്സായിരുന്നു താന്‍ ഒരുക്കിയിരുന്നതെന്ന് പറയുകയാണ് സംവിധായകന് അഭിനവ് സുന്ദര്‍ നായക്.
ചിത്രത്തിന്റെ ഒറിജിനല്‍ ക്ലൈമാക്സ് ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഡാര്‍ക്ക് ആയിരുന്നുവെന്നും പിന്നീട് നിര്‍മാതാവടക്കം പറഞ്ഞതിനാല്‍ അത് മാറ്റുകയായിരുന്നുവെന്നും പറയുകയാണ് സംവിധായകന്. ഗുല്ട്ടിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു കാര്യം ഞാന്‍ തുറന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. ഇതിനെ കുറിച്ച് ഞാന്‍ മുമ്പ് പറഞ്ഞിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ കാണുന്ന എന്ഡിങ്ങായിരുന്നില്ല ഒറിജിനലായിട്ടുള്ളത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു, പക്ഷേ അത് സിനിമയിലില്ല. ക്ലൈമാക്സില്‍ വിനീത് മാധവന് പ്രസംഗിക്കുന്നതും എന്നാല്‍ പെട്ടെന്ന് തന്നെ റിയാലിറ്റിയിലേക്ക് വരുന്നതുമായിരുന്നു ഒറിജിനല്‍ ക്ലൈമാക്സ്. അത്തരത്തിലൊരു പ്രസംഗം തന്നെ നടന്നിട്ടില്ല എന്ന ഒരു അവസ്ഥയിലേക്ക് വരും.

മോളിവുഡ് ടൈംസ്. Photo: Hotstar
അത് ഇപ്പോഴുള്ളതിനെക്കാളും ഡാര്‍ക്കായിരുന്നു. ചിത്രത്തിന്റെ കോ എഡിറ്ററും പ്രൊഡ്യൂസറും അതില്‍ നിന്നും എന്നെ കണ്‍വിന്‍സ് ചെയ്ത് മാറ്റുകയായിരുന്നു. അത് വെച്ചിരുന്നെങ്കില്‍ ചിത്രം കാണുന്നവര്‍ക്ക് ദേഷ്യം പിടിക്കുമായിരുന്നു. ചിത്രം അവസാനിക്കുന്നത്് സംഗീത് പ്രതാപ് അവതരിപ്പിച്ച അര്ജുന് ഹരിദാസിന്റെ കഥാപാത്രം പാവം മണ്ടന്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. അത് കുറച്ചധികം ക്രൂരത ആയിപ്പോകുമായിരുന്നു,’ അഭിനവ് പറഞ്ഞു.
Content Highlight: Abhinav Sunder Nayak talks about the original climax of Mollywood Times movie
