ഖലീഫയും കൊടുവള്ളിയിലെ സ്വർണക്കടത്തും
Khalifa Movie
ഖലീഫയും കൊടുവള്ളിയിലെ സ്വർണക്കടത്തും
ഷംസീര്‍ ഷാന്‍
Wednesday, 26th August 2026, 1:30 pm
ദുബായിൽ ഇന്ത്യാവിഷൻ ന്യൂസ് ചാനലിന്റെ റിപ്പോർട്ടറായി ജോലി ചെയ്യുന്നതിനിടെ അവധിക്കായിയെത്തിയപ്പോൾ കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങി എമിഗ്രേഷൻ കഴിഞ്ഞ് ലഗേജെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ അടുത്ത് വിളിച്ച് എന്നോടും ചോദിച്ചു, കൊടുവള്ളിയാണോ സ്ഥലം...അതെയെന്ന് പറഞ്ഞ് പാസ്പോർട്ട് കൈമാറി.

സ്വർണത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുവള്ളിയെക്കുറിച്ച് വാർത്താമാധ്യമങ്ങളിൽ ഒളി‍ഞ്ഞും തെളിഞ്ഞും ഇടക്കെല്ലാം വരുന്ന അവരുടെ ഭാഷയിൽ പറഞ്ഞാൽ ‘ നെഗറ്റീവ് വാർത്ത‘കൾക്കെതിരെ ഈ നാട്ടിൽ നിന്നുള്ള ചിലരിൽ നിന്നുയരുന്ന പ്രതിരോധം ഒരു ക്ലീഷേ ആയി പലപ്പോഴും തോന്നാറുണ്ട്.

കള്ളക്കടത്തും, പൊട്ടിക്കലുമെല്ലാം എല്ലായിടത്തും നടക്കുന്നതല്ലേ, എന്തുകൊണ്ട് കൊടുവള്ളിക്കടുത്ത താമരശ്ശേരി, പുതുപ്പാടി, അടിവാരം എന്നൊക്കെ നിങ്ങൾ വെണ്ടക്ക നിരത്തുന്നു എന്ന ആ ചോദ്യങ്ങൾ തന്നെ…

ഇത്തരം വാർത്തകൾ വരുമ്പോൾ അതിന്റെ രണ്ട് വശങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടണമെന്നാണ് പല വേദികളിലും വാദിക്കാറുള്ളത്. അപ്പോഴെല്ലാം നീ ഒരു മാധ്യമപ്രവർത്തകനായതുകൊണ്ട് നിങ്ങളുടെ വാദം അങ്ങിനെയേ ആവുള്ളൂ എന്ന പ്രതികരണമാണ് ഭൂരിഭാഗം കൊടുവള്ളിക്കാരിൽ നിന്നും എനിക്ക് കിട്ടാറുള്ളതും.

ദുബായിൽ ഇന്ത്യാവിഷൻ ന്യൂസ് ചാനലിന്റെ റിപ്പോർട്ടറായി ജോലി ചെയ്യുന്നതിനിടെ അവധിക്കായിയെത്തിയപ്പോൾ കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങി എമിഗ്രേഷൻ കഴിഞ്ഞ് ലഗേജെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ അടുത്ത് വിളിച്ച് എന്നോടും ചോദിച്ചു, കൊടുവള്ളിയാണോ സ്ഥലം…അതെയെന്ന് പറഞ്ഞ് പാസ്പോർട്ട് കൈമാറി.

വിസയിൽ ചാനൽ റിപ്പോർട്ടറാണെന്നറിഞ്ഞതോടെ അദ്ദേഹം ചിരിച്ചുകൊണ്ട് സോറി, ഒരു റൂട്ടിൻ ചെക്കപ്പാണ് താങ്കൾക്ക് പോകാമെന്ന് പറഞ്ഞു. ഞാൻ പക്ഷേ അങ്ങിനയങ്ങ് പോയില്ല, ഒരു നാടിന്റെ മേൽവിലാസത്തിലുളളവരെല്ലാം, അന്നാട്ടിലെ ചിലരുടെ മാത്രം ദുഷ് ചെയ്തികൾകൊണ്ട് ഇതെല്ലാം അനുഭവിക്കേണ്ടി വരുന്ന ഗതികേടാണ് അവിടെ കണ്ടത്. എന്നെ എന്തിന് പരിശോധിച്ചു എന്ന് ചോദിച്ചതോടെ ആ ഉദ്യോഗസ്ഥൻ ക്ഷമ ചോദിച്ചു പറഞ്ഞത് കൊടുവള്ളി എന്ന് പാസ്പോർട്ട് അഡ്രസുള്ളവരെയെല്ലാം പ്രത്യേകം ചെക്ക് ചെയ്യണമെന്ന് മുകളിൽ നിന്ന് ഓർഡറുണ്ടായിരുന്നു എന്നാണ്. ഇതേ അനുഭവം പിന്നീട് പലരും പങ്കുവെച്ചതും ഓർമ്മയുണ്ട്. ‌

നമ്മളെയാകെ ടാർഗറ്റ് ചെയ്യുന്ന ഇത്തരം പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അതിന് കാരണക്കാരയാവരെയും ഒറ്റപ്പെടുത്താൻ നമ്മൾ മടിക്കുന്നതെന്തിനാണ്. കൊടുവളളിയെ ടാർഗറ്റ് ചെയ്യുന്നു എന്ന് മാത്രം ഇക്കാലത്തെ യുവജനങ്ങളോട് ഇനിയും പറഞ്ഞാൽ അത് വിലപ്പോവുമോ…കാലം മാറിയിരിക്കുന്നു..അവർ കൃത്യമായി കാര്യങ്ങൾ പരിശോധിക്കുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യുന്ന കാലമാണിത്.

കരിപ്പൂർ എയർപോർട്ട്

പൃഥിരാജ് നായകനായ ഖലീഫ എന്ന സിനമയെത്തിയതോടെ ഈ ചർച്ച സമൂഹമാധ്യമങ്ങളിൽ‌ വീണ്ടും ചൂടുപിടിച്ചതോടെയാണ് സിനിമ കണ്ട ശേഷം ഇതെഴുതുന്നത്. ഖലീഫ ഒരു ലോജിക്കുള്ള പടമായി തോന്നിയില്ല, സ്ഥിരം വൈശാഖ് ചിത്രങ്ങളുടെ ചേരുവകൾ തന്നെ. പക്ഷേ കൊടുവളളിയാണ് നായകന്റെ നാട്.

കഥ നടക്കുന്നത് കൊടുവള്ളിയും പരിസരങ്ങളിലും. കാലങ്ങളായി കൊടുവള്ളിക്കാർക്ക് അനുഭവമുളള കടത്തും, പൊട്ടിക്കലുമെല്ലാം സിനിമയിൽ ഒരു ഡോക്യുമെന്ററിപോലെ കാണിക്കുന്നുണ്ട്. അപരനിർമിതിയും, മട്ടാഞ്ചേരി മോഡൽ കൊടുവള്ളി നിർമിതിയുമെല്ലാം സിനിമയിൽ കാണാം.

ജിനു വി. എബ്രഹാം

എന്നാൽ കഥയെഴുതിയ ജിനു വി. എബ്രഹാം ഇങ്ങനെയൊരു കഥയെഴുതുമ്പോൾ ഇന്നാട്ടിലെ ചിലരെയെങ്കിലും കണ്ടും പഠിച്ചും കാണുമെന്നുറപ്പാണ്. ഇതൊരാളുടെ അനുഭവ കഥയാണെന്ന് പ‍ൃഥിരാജും ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. കൊടുവള്ളിക്കാർ കടത്തിന് പയറ്റുന്ന പല മാർഗങ്ങളും, എയർ ഹോസ്റ്റസുമാരെ ഉപയോഗപ്പെടുത്തിയുള്ള കടത്തും, രാമനാട്ടുകര സ്വർണ്ണം പൊട്ടിക്കലും, നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് വിവാദവുമെല്ലാം സിനിമയിൽ വരുന്നുണ്ട്.

പോയിന്റിലേക്ക് വരാം, ഇങ്ങിനെയൊരു സിനിമ വരുമ്പോൾ കൊടുവള്ളിയിൽ നിന്നും ഉയരുന്ന നിലവിളി, അയ്യോ സിനിമയിലും കൊടുവള്ളിയെ ടാർഗറ്റ് ചെയ്യുന്നല്ലോ എന്നതുതന്നെ. ഒരു പരിധിവരെ ആ ടാർഗറ്റിങുണ്ടെന്ന് സമ്മതിക്കുമ്പോഴും, നമ്മൾ ഇനിയും ചർച്ച ചെയ്യേണ്ടത് എങ്ങിനെ ഇത് സംഭവിക്കുന്നു എന്നതല്ലേ…കടുവയും, മാസ്റ്റേർസും, ലണ്ടൻ ബ്രിഡ്ജുമെല്ലാ മെഴുതിയ കഥാകൃത്തിന് ഇങ്ങിനെയൊരു സിനിമയെടുക്കാൻ തോന്നിയപ്പോൾ കൊടുവള്ളി കേന്ദ്രകഥാപരിസരമായതിന് നമ്മളും കാരണക്കാരല്ലേ.

കൊടുവള്ളി നഗരം

ഇവിടെ കള്ളക്കടത്ത് നടക്കുന്നില്ലേ, പൊട്ടിക്കൽ എത്ര നടന്നു, അതുകൊണ്ട് നമ്മൾ രണ്ടും ചർച്ച ചെയ്യണം. മുഖ്യധാരയിൽ നിന്നും പള്ളിക്കമ്മിറ്റികളിൽ നിന്നും രാഷ്ട്രീയ രംഗത്തുനിന്നും ഇത്തരക്കാരെ മാറ്റി നിർത്താൻ നമുക്ക് കഴിയുമോ…കൊടുവള്ളിയിലെ പ്രഗൽഭരായ അധ്യാപകർ പലരും പറയുന്നു, കുട്ടികളോട് ഭാവിയിൽ ആരാവണം എന്ന ചോദ്യത്തിന് സ്മഗ്ളർ എന്ന ഉത്തരം പല തവണ കേട്ടതിനെക്കുറിച്ച്….എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴികൾ ഉള്ളപ്പോൾ അവരെന്തിന് പഠിച്ച് ജോലി തേടണം.

 

കൊടുവള്ളിയിലെ ശരാശരി ബാപ്പമാർ പണ്ടേ പറഞ്ഞുപോരുന്ന ഒരു ഡയലോഗുണ്ട്… എങ്ങനേലും നാല് മുക്കാലുണ്ടാക്കാൻ നോക്ക്… എന്നതാണത്. ആ എങ്ങനേലും ആണ് പ്രശ്നം…എന്നാൽ ഇങ്ങിനെ മുക്കാൽ ഉണ്ടാക്കിയ ഇന്നാട്ടിലെ കുടുംബങ്ങളൊക്കെ എത്ര സമാധാനത്തോടെ ഇന്ന് കഴിയുന്നുണ്ട് എന്നതുകൂടി ഓർക്കണം. എത്രയെത്ര ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നിൽ..ഖലീഫ സിനിമയിലെ പൃഥിരാജിന്റെ പിതാവ് രഞ്ജി പണിക്കറുടെ യൂനുസ് അലി എന്ന കഥാപാത്രം പൃഥിയോട് പറയുന്ന ഒരു ഡയലോഗുണ്ട്…നീ എവിടെ എത്തിപ്പെടരുത് എന്ന് ഞാൻ ആഗ്രഹിച്ചുവോ അവിടെയാണ് നീ എത്തിപ്പെട്ടിരിക്കുന്നത്… എന്ന്.

അതേ ഇതൊരു ലൂപ്പാണ്, പുറത്തുകടക്കാൻ കഴിയാത്ത ഒരു കുരുക്ക്.. അതിൽ അതിജീവിനത്തിനായി സിനിമയിലെ ക്ലൈമാക്സിലെന്നപോലെ പകയും പോരും തുടരും. വിതച്ചതാണ് നമ്മൾ കൊയ്യുന്നത്. ഇനിയെങ്കിലും ആത്മവിമർശനത്തിന് നാട് തയ്യാറായാൽ അതൊരു വലിയ മാറ്റം സൃഷ്ടിക്കും.