ഗുരു എന്ന സംസ്‌കൃതവാക്കിന് അന്ധകാരത്തെ ഇല്ലാതാക്കുന്നയാള്‍ എന്നാണര്‍ത്ഥം. ഒരധ്യാപകന്‍ വിവരങ്ങളും അറിവുകളും പുസ്തകങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുമ്പോള്‍, ഗുരു നിര്‍വഹിക്കുന്നത് അറിവില്ലായ്മയുടെയും, സ്വാര്‍ത്ഥതയുടെയും ഇരുണ്ട ലോകത്തുനിന്ന് വിജ്ഞാനത്തിന്റെയും മാനവികതയുടെയും വെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കുന്ന സന്‍മാര്‍ഗദര്‍ശിയുടെ ചുമതലയാണ്.

അത്തരത്തില്‍ ആധുനിക കേരളം അതിന്റെ ഗുരുസ്ഥാനം കല്‍പിച്ച് കൊടുത്തിരിക്കുന്നത് ഒരേയൊരു മനുഷ്യന് മാത്രമാണ് നാരായണഗുരുവിന്. കേരളത്തിന്റെ ആധുനിക ചരിത്രം ചെമ്പകശ്ശേരി നാണുവാശാന്‍ എന്ന കുടിപ്പള്ളിക്കൂട അധ്യാപകനെ ഗുരുസ്ഥാനം നല്‍കി ആദരിച്ചത്, അദ്ദേഹത്തിന്റെ അധ്യാത്മിക മികവുകള്‍ നോക്കിയല്ല; നവകേരളം നിര്‍മിക്കുന്നതില്‍ അദ്ദേഹം നിര്‍വഹിച്ച അത്യുജ്ജലമായ ദാര്‍ശനിക ദൗത്യങ്ങളെ മാനിച്ചാണ്.

ശ്രീനാരായണ ​ഗുരു‌

ഒറ്റ വാക്കിലോ ഒറ്റ മേഖലയിലോ ചുരുക്കാന്‍ കഴിയാത്ത വിധം, ജ്ഞാനം കൊണ്ടും ബോധം കൊണ്ടും മനുഷ്യരെ ഉന്നതമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും മലയാളിയുടെ ഓര്‍മയുടെ മണ്ഡലങ്ങളില്‍ എക്കാലത്തും നിലനില്‍ക്കുന്നതാണ്.

കാഷായ വസ്ത്രധാരിയായ, അധ്യാത്മിക ചിന്തകളില്‍ മാത്രമഭിരമിക്കുന്ന വെറുമൊരു സന്യാസിയിരുന്നില്ല ശ്രീ നാരായണ ഗുരു. അരൂപിയായ ദൈവത്തിലേക്കല്ല അദ്ദേഹം കണ്ണുനട്ടിരുന്നത്. തനിക്ക് ചുറ്റുമുള്ള സമൂഹത്തിലേക്കാണ് അദ്ദേഹത്തിന്റെ ദൃഷ്ടി സദാ പതിഞ്ഞിരുന്നത്.

മനുഷ്യന്‍ മനുഷ്യന് മേല്‍ ഏര്‍പ്പെടുത്തുന്ന ദ്രോഹങ്ങളെ പ്രതിയായിരുന്നു അദ്ദേഹം വേവലാതിപ്പെട്ടത്. അതിന്റെ തിന്മകളെപ്പറ്റിയും അതിനെ തിരുത്തുന്ന നന്മകളെപ്പറ്റിയുമാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. ഒരു പറ്റം മനുഷ്യര്‍ മാത്രം ഉന്നതരും മറ്റുള്ളവര്‍ അവരുടെ അടിയന്മാരുമായി ജീവിക്കുന്ന വ്യവസ്ഥക്കെതിരെയാണ് ഗുരു കലഹം നടത്തിയത്.

ശ്രീനാരായണ ​ഗുരു‌

മതം കൊണ്ടും ആത്മീയത കൊണ്ടും മനുഷ്യരെ ബന്ധിപ്പിച്ച ചങ്ങലകളെ തകര്‍ത്തെറിയാന്‍ മതത്തെയും ആത്മീയതയേയും തന്നെ ഉപാധിയാക്കുന്ന അവധൂതന്മാരുടെ മാര്‍ഗത്തിലാണ് ഗുരുവും ജീവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ കേരളീയ പശ്ചാത്തലത്തില്‍ ഗുരു ഏറ്റ് മുട്ടിയത് ജാതീയതയും ജന്മിത്തവും കൊണ്ട് മനുഷ്യരെ വിഭജിച്ച് നിര്‍ത്തിയിരുന്ന അധികാര ശ്രേണിയോടായിരുന്നു.

ഇന്നത്തെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, അത്യാത്മികതയെയും ആക്ടിവിസത്തെയും സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു ധര്‍മപദ്ധതിയായിരുന്നു ഗുരു മനുഷ്യരുടെ മുന്നിലേക്ക് വെച്ചത്.

ശാന്തനും അക്ഷോഭ്യനുമായിരുന്നു ഗുരുവെന്നാണ് അദ്ദേഹത്തെ സംബന്ധിച്ച് വിശദീകരിക്കുന്നത്. എന്നാല്‍ ഒരു സന്യാസിയെ സംബന്ധിച്ച എല്ലാ പൂര്‍വ സങ്കല്‍പങ്ങളെയും തകര്‍ത്ത് കൊണ്ട് ഒരു പോരാളിയെപ്പോലെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഗുരു നിലകൊണ്ടിട്ടുണ്ട്.

കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഏടുകളിലൊന്നായി കണക്കാക്കുന്ന 1888ലെ അരുവിപ്പുറം പ്രതിഷ്ഠ അത്തരമൊരു സംഭവമായിരുന്നു. അക്കാലത്ത് കീഴ്ജാതിക്കാര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശിക്കാനോ ആരാധന നടത്താനോ അനുവാദമുണ്ടായിരുന്നില്ല.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്ന ശ്രീനാരായണ ​ഗുരു. Photo: ChatGPT

ജീവിതത്തിന്റെ പ്രയാസങ്ങളെല്ലാം ആത്മീയതയിലും ദൈവത്തിലും ഇറക്കി വെച്ച് കൊണ്ട് ആശ്വാസം കൊണ്ടിരുന്ന നിസ്വ ജനതയുടെ ആരാധനാ സ്വാതന്ത്ര്യത്തെപ്പോലും സവര്‍ണ ജനത കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു.

അമ്പലങ്ങളില്‍ നിന്ന് ആട്ടിയകറ്റി നിര്‍ത്തപ്പെട്ട ഈ ജനതക്ക് വേണ്ടിയാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ഈഴവ ജനതയ്ക്ക് ആരാധിക്കാന്‍ ഒരു വിഗ്രഹത്തെ സ്ഥാപിച്ച് കൊടുക്കല്‍ മാത്രമല്ല അന്ന് നടന്നത്, ആചാരങ്ങളെ ലംഘിക്കാനും അവകാശങ്ങള്‍ പോരാടി നേടാനും ഒരു ജനതക്ക് കരുത്ത് പകരാനായിരുന്നു ഗുരു ശ്രമിച്ചത്.

അരുവിപ്പുറം ശിവക്ഷേത്രം. Photo: Kerala Tourism

ദേവലോകങ്ങളില്‍ നിന്നും അനീതികളെ തുടച്ചുമാറ്റാന്‍ വരുന്ന അവതാരങ്ങളിലല്ല ഗുരു വിശ്വാസമര്‍പ്പിച്ചത്. ആത്മീയതയില്‍ മുഴുകി എല്ലാം ക്ഷമിക്കാനും സഹിക്കാനുമായി ഉപദേശം കൊടുക്കുകയുമല്ല അദ്ദേഹം ചെയ്തത്. പകരം, തങ്ങളെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ചങ്ങലക്കെട്ടുകളെ സംഘടിതമായി നിന്ന് ചെറുത്ത് തോല്‍പിക്കാനാണ് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തത്.

ഗുരുവിന്റെ വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു ഇത്. ബ്രാഹ്മണനല്ലാത്ത ഒരു അവര്‍ണന്‍ നാട്ടിയ ശിവ ബിംബത്തെ നോക്കി ജാതീയതയുടെ വക്താക്കള്‍ പുച്ഛത്തോടെ അന്ന് ചോദിച്ചത്, ഇത് ഏത് ശിവനാണെന്നായിരുന്നു. സവര്‍ണതയുടെ മുഖത്തടിക്കുന്നത് പോലെ, ഇത് ഈഴവ ശിവനാണ് എന്നായിരുന്നു ഗുരുവിന്റെ മറുപടി.

സവര്‍ണത ഇവിടുത്തെ സാധാരണ ജനതയ്ക്ക് നല്‍കാതെ കൈക്കലാക്കി വെച്ചിരിക്കുന്ന എല്ലാറ്റിനെയും തങ്ങള്‍ തിരിച്ച് പിടിക്കുമെന്ന ഒരു വീര്യം ജാതീയത കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട മനുഷ്യര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഗുരുവിന്റെ ഈ മറുപടി കാരണമായിട്ടുണ്ട്. ജാതിക്കതീതമായ ഒരു ആത്മീയ ഇടമാണ് അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു നല്‍കിയത്.

ശ്രീനാരായണ ​ഗുരു‌

ഒരേ സമയം ജ്ഞാനം കൊണ്ടും ധര്‍മം കൊണ്ടും മനുഷ്യനെ സ്വാതന്ത്രമാക്കുവാനാണ് നാരായണ ഗുരു ശ്രമിച്ചത്. ഗുരു ഒരു ജ്ഞാനധാരയുടെ പ്രതിനിധിയാണോ അതോ സാമൂഹിക പരിരിഷ്‌കര്‍ത്താവാണോ എന്ന തര്‍ക്കം ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ഗുരു നിര്‍വഹിച്ച ജ്ഞാനത്തിന്റെ ലോകത്തെയും ധര്‍മത്തിന്റെ ലോകത്തെയും വെവ്വേറെ കാണാന്‍ ശ്രമിക്കുന്നത് കൊണ്ടുള്ള ഒരു തര്‍ക്കം മാത്രമാണിത്. മനുഷ്യന്റെ ബോധ പരിഷ്‌കരണവും അവന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പരിഷ്‌കരണവും ഒരേ സമയം തന്നെ ഗുരു ലക്ഷ്യമായി കണ്ടിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത്.

ശ്രീനാരായണ ഗുരുവിനൊപ്പം കുമാരനാശാനും ഡോ. പല്‍പുവും. ഒരു ചിത്രീകരണം. Photo: ഗുരു ദർശനം – ഗുരു പാദംതേടി/Facebook.com

പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളും സാമുദായിക പരിഷ്‌കരണങ്ങളുടെയും സാമൂഹിക മുന്നേറ്റങ്ങളുടെയും ഒരു കാലഘട്ടമായാണ് പൊതുവേ പരിഗണിക്കാറുള്ളത്. നായര്‍, നമ്പൂതിരി സമുദായങ്ങള്‍ക്കുള്ളിലും മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കകത്തും നവീനതക്കായി അനേകം പരിശ്രമങ്ങള്‍ അക്കാലത്ത് നടന്നു. ദളിത് സമൂഹത്തിന്റെ ശാക്തീകരത്തിനായും കഠിനമായ ശ്രമങ്ങളുണ്ടായി.

നാരായണ ഗുരു മനുഷ്യനെ വ്യാഖ്യാനിക്കാനും ജ്ഞാനം കൊണ്ട് അവരെ പ്രബുദ്ധരാക്കാനും നടത്തിയ ശ്രമങ്ങളും ഈയൊരു കാലത്തായിരുന്നു. കാലഘട്ടത്തിന്റെ ഈയൊരു സമാനതയാകണം നാരായണ ഗുരു നിര്‍വഹിച്ച ദൗത്യങ്ങളെ ഈഴവ സമുദായ പരിഷ്‌കരണത്തിന്റെ ഭാഗമായി തെറ്റായി വായിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.

ജാതിക്കും മതത്തിനും അതീതമായും സാമുദായികമായ കുടുസുകള്‍ക്ക് വശവദനാകാതെയും അദ്ദേഹം നടത്തിയ ഇടപെടലുകളെ കുറേക്കൂടി ആഴത്തില്‍ കേരളീയ പൊതുസമൂഹം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ജാതിവ്യവസ്ഥയുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളടഞ്ഞ ഒരു കാലഘട്ടത്തില്‍ കേരള സമൂഹത്തെ കൈപിടിച്ചുയര്‍ത്തിയ നാരായണ ഗുരു ഇന്നത്തെ കേരളത്തിന്റെ സാമൂഹിക ബോധത്തെ നിര്‍മിച്ചെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്.

ജാതീയത അഭിമാന ബോധമായി കണ്ടിരുന്ന ഒരു സമൂഹത്തെ ക്രമേണ അതില്‍ നിന്ന് പിന്നോട്ട് വലിച്ചത് ജാതി എന്ന ആശയത്തിനെതിരെ അദ്ദേഹം നടത്തിയ ശക്തമായ പ്രഹരങ്ങള്‍ കൊണ്ട് തന്നെയായിരുന്നു.

അദ്ദേഹം ഉയര്‍ത്തിയ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ദര്‍ശനം കേരളത്തിന്റെ ആധുനികതയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. ഏതൊരു സാമൂഹികാശയത്തിനും നിലനില്‍ക്കാന്‍ ദാര്‍ശനിക പിന്തുണ വേണ്ടതുണ്ട്.

ജാതി വിരുദ്ധത എന്ന സാമൂഹികാശയത്തിന് ഗുരു നല്‍കിയ ദാര്‍ശനിക പിന്തുണയാണ് ഇന്നും അത് ശക്തി നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ കാരണമായിട്ടുള്ളത്. ഗുരു ഉയര്‍ത്തിയ ആശയങ്ങളെല്ലാം കേരളത്തിന്റെ പുരോഗമന ചിന്തയെയും മതേതര കാഴ്ചപ്പാടുകളെയും ഇന്നും ശക്തമായി സ്വാധീനിച്ച് കൊണ്ടിരിക്കുകയാണ്.

Photo: Wikimedia Commons

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളം കടുത്ത ജാതിവിവേചനത്തിന്റെ പിടിയിലായിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, മാറുമറയ്ക്കാനുള്ള അവകാശമില്ലായ്മ തുടങ്ങിയ സാമൂഹിക തിന്മകള്‍ സമൂഹത്തെ ഗുരുതരമായി വിഭജിച്ചിരുന്നു.

മനുഷ്യനെ മൃഗങ്ങളെക്കാള്‍ അകറ്റി നിര്‍ത്തിയ ഈ സാമൂഹിക വ്യവസ്ഥിതിയെയാണ് ഗുരു തന്റെ കര്‍മങ്ങളിലൂടെ ചോദ്യം ചെയ്തത്. മനുഷ്യരെ തമ്മില്‍ അകറ്റുന്ന എല്ലാ ബന്ധങ്ങളുടെയും കാരണമായി ഗുരു കണ്ടത് ജാതി ബോധത്തെയും സാമുദായികതയെയുമായിരുന്നു. അത് മനുഷ്യനെ ചെറുതാക്കുകയാണെന്നദ്ദേഹം തിരിച്ചറിഞ്ഞു.

മനുഷ്യരെല്ലാം ഒന്നാണെന്നും ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിച്ചു.

ഗുരുവിനെ ഒരു നവോത്ഥാന നായകനായി കൂടി പരിഗണിക്കാനുള്ള മറ്റൊരു കാരണം അദ്ദേഹം യുക്തിക്കും അറിവിനും നല്‍കിയ പ്രാധാന്യമാണ്. ജ്ഞാനം കൊണ്ട് മാത്രമേ മനുഷ്യന് സ്വതന്ത്രനാകാന്‍ സാധിക്കുള്ളൂവെന്നാണ് അദ്ദേഹം വിശ്വസിച്ചത്. വിദ്യാഭ്യാസമില്ലായ്മയാണ് ചൂഷണത്തിന് പ്രധാന കാരണമെന്ന് ഗുരു തിരിച്ചറിഞ്ഞു.

ഓരോ ഗ്രാമത്തിലും വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിക്കാന്‍ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ആധുനികമായ വിദ്യാഭ്യാസ പ്രക്രിയയില്‍ അദ്ദേഹം വിശ്വാസമര്‍പ്പിച്ചു. അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനും സമൂഹത്തില്‍ ശാസ്ത്രീയമായ കാഴ്ചപ്പാട് വളര്‍ത്താനും വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം വിശ്വസിച്ചു.

ശ്രീനാരായണ ഗുരു

വിദ്യാഭ്യാസത്തിലൂടെയുള്ള ഉന്നമനത്തിനായി അദ്ദേഹം മനുഷ്യരോട് ആഹ്വാനം ചെയ്തു. ‘വിദ്യകൊണ്ട് സ്വതന്ത്രരാവുക, സംഘടനകൊണ്ട് ശക്തരാവുക’ എന്ന ഗുരുവിന്റെ ആപ്തവാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് തന്നെ വലിയൊരടിത്തറയായി മാറി.

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തുകൊണ്ട് സ്വതന്ത്രമായ ചിന്താഗതി വളര്‍ത്തിയെടുക്കാന്‍ കേരളീയരെ പ്രാപ്തരാക്കിയത് ഗുരുവിന്റെ ചിന്തകളാണ്.

മനുഷ്യജാതി ഒന്നുതന്നെയാണ്. രൂപത്തിലും ഭാഷയിലും വേഷത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും മനുഷ്യനെന്ന നിലയില്‍ എല്ലാവരും തുല്യരാണ് എന്ന പാഠമാണ് ഈ ലോകത്തിന് മുന്നിലേക്ക് അദ്ദേഹം വെച്ചത്.

 

Content Highlight: M.S. Shaiju writes about Sree Narayana Guru.