സര്‍വൈവറും ഇരയും; എന്താണ് നാര്‍സിസിസ്റ്റിക് അബ്യൂസ്?
DISCOURSE
സര്‍വൈവറും ഇരയും; എന്താണ് നാര്‍സിസിസ്റ്റിക് അബ്യൂസ്?
അരുൺ എയ്ഞ്ചല
Wednesday, 26th August 2026, 7:02 pm
നമ്മുടെ ചുറ്റുമുള്ളവരില്‍ പലരും, നാര്‍സിസിസ്റ്റുകളുടെയടക്കം പല രീതിയിലുമുള്ള അബ്യൂസിന് ഇരയായി ജീവിക്കുന്നവരുണ്ട്. സഹികെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുണ്ട്. കഴിയുമെങ്കില്‍ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ നോക്കുക, അവര്‍ നിങ്ങളോട് അടുപ്പം കാണിക്കുന്നില്ല എന്നൊന്നും കരുതരുത്. കാരണം അവരുടെ നല്ല സൗഹൃദങ്ങളെ, സപ്പോര്‍ട്ട് സിസ്റ്റം ആകുമെന്ന് തോന്നുന്നവരെയൊക്കെ അവരുടെ ലൈഫില്‍ നിന്ന് ഒഴിവാക്കുന്നതും, വിക്റ്റിമിനെ ഒരു ഘട്ടം കഴിഞ്ഞാല്‍, മാനിപ്പുലേഷനിലൂടെ ഏതാണ്ട് പൂര്‍ണമായും തന്നെ നിയന്ത്രിക്കുന്നതും അബ്യൂസറായ മാനിപ്പുലേറ്ററോ, നാര്‍സിസ്‌റ്റോ ആയിരിക്കും എന്നോര്‍ക്കുക. അപ്പോള്‍ നിങ്ങളും കരുതിയിരിക്കണം | അരുൺ ഏയ്ഞ്ചല എഴുതുന്നു

എന്താണ് മഡോണയും അനുപമ പരമേശ്വരനും പറയുന്ന നാര്‍സിസ്സിസ്റ്റിക് അബ്യൂസ്? എങ്ങനെയാണ് ആളുകള്‍ നാര്‍സിസിസ്റ്റിക് അബ്യൂസിലും മാനിപ്പുലേഷനിലും ട്രോമ ബോണ്ടിങ്ങിലുമൊക്കെ പെട്ട് പോകുന്നത്?

Photo: Gemini

ഇതൊക്കെ പറയുന്നതിന് മുമ്പ്, നിങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകാന്‍ ഞാനൊരു ചെറിയ കഥ പറയാം.

ഒരിടത്തൊരിടത്തൊരിടത്തൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. നമുക്ക് അവളെ എയ്ഞ്ചല്‍ എന്ന് വിളിക്കാം. മനസ്സ് തെറ്റിപ്പോയ ഒരമ്മയുടെയും, ജോലിയുടെയും സംഘടനാപ്രവര്‍ത്തനത്തിന്റെയും തിരക്കില്‍ ജീവിച്ചിരുന്ന ഒരപ്പന്റെയും മകള്‍.

അതുകൊണ്ട് തന്നെ ഇമോഷണല്‍ സെക്യൂരിറ്റി എന്നുള്ളത് അവള്‍ക്ക് കിട്ടാക്കനിയായിരുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായൊന്നുമല്ല ജനിച്ചതെങ്കിലും, സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നത് കൊണ്ട് തന്നെ അവളെ ‘ഒന്നിനും ഒരു കുറവുമില്ലാത്ത കുട്ടി’ ആയാണ് ആളുകള്‍ കണ്ടിരുന്നത്.

ഇമോഷണല്‍ സെക്യൂരിറ്റി കിട്ടുന്നില്ല എന്നത് നമുക്ക് മാത്രം അറിയുന്ന കാര്യമാണല്ലോ. അറിഞ്ഞാലും അതൊരു ബേസിക് നീഡ് ആയി ഇന്നും മിക്ക ആളുകളും മനസ്സിലാക്കുന്നില്ല എന്നതാണ്. ചികിത്സ ലഭിക്കാത്ത, മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ഒരു അമ്മയുടെ മകളായി വളര്‍ന്നു വരിക എന്നത് തന്നെ വേദനകള്‍ നിറഞ്ഞ കാര്യമാണ്.

ചുറ്റുമുള്ള ക്രമരഹിതമായ അവസ്ഥ നോര്‍മല്‍ ആണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. കുഞ്ഞിലേ മുതലേ നമ്മള്‍ നമ്മളെ സര്‍വൈവല്‍ മോഡിലിട്ട് വയ്ക്കും. അങ്ങനെയൊരാള്‍ കുഞ്ഞിലേ ഫിസിക്കല്‍ അബ്യൂസ് കൂടി നേരിട്ടാലോ? അതൊക്കെയായിരുന്നു നമ്മുടെ എയ്ഞ്ചലിന്റെ കുട്ടിക്കാലം.

Photo: Gemini

മുതിര്‍ന്നപ്പോള്‍ ഏറെ സഹാനുഭൂതിയുള്ളവളായി അവള്‍ മാറിയിരുന്നു. സുഹൃത്തുക്കളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി കാണുക, അങ്ങനെ വരുന്ന വള്ളികളൊക്കെ പിടിക്കുക. പ്രശ്‌നങ്ങളൊക്കെ കഴിയുമ്പോള്‍ ഒരു ബൈ പോലും പറയാതെ ആളുകള്‍ ഇറങ്ങിപ്പോയാലും പിന്നേം സെയിം വള്ളികള്‍ പിടിക്കുക, തേയുക, റിപ്പീറ്റ്.

ഒരു മാനിപ്പുലേറ്റര്‍ വന്നു സ്‌നേഹമാണ് എന്നൊന്ന് തോന്നിച്ചാല്‍ പോലും അതിന് പുറകെ പോയി ട്രൂ ലവ് ചൊരിയുക, എന്നിട്ട് തേഞ്ഞു വന്നിരുന്നു കരയുക. ട്രോമ ബോണ്ടില്‍ പെടുക, തലേ ദിവസം അറഞ്ചം പുറഞ്ചം തല്ലിയിട്ട് പിറ്റേ ദിവസം വന്നു ‘എനിക്ക് നീയല്ലാതെ ആരുമില്ല, എന്റെ അമ്മ പോലും ഇങ്ങനെ സ്‌നേഹിച്ചിട്ടില്ല’ എന്നൊക്കെ പറയുമ്പോള്‍ അതൊക്കെ കേട്ട് വീണ്ടും, കിട്ടിയ തല്ലൊക്കെ മറന്നു അഭിമാന വിജ്രംഭിതയായി സൈക്കോയെ പ്രേമിച്ചു നന്നാക്കിയെടുക്കാന്‍ നോക്കുക.

Photo: Gemini

ആ ഒരാള്‍ക്ക് വേണ്ടി തന്നെ സ്‌നേഹിച്ച മറ്റെല്ലാവരെയും ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുക. വര്‍ഷങ്ങള്‍ ആ ട്രോമ ബോണ്ടില്‍ പെട്ട് പിടയുക. പക്ഷെ അയാളുടെ ഇമേജ് നിലനിര്‍ത്താന്‍ ഇതൊന്നും പുറത്ത് പറയാതിരിക്കുക. അവസാനം ജീവിതത്തിലെ അവശേഷിക്കുന്ന ഒരു ശതമാനം ആത്മാഭിമാനവും ആത്മവിശ്വാസവും ചവിട്ടി മെതിച്ചിട്ട് അവനിറങ്ങിപ്പോകുമ്പോള്‍ ആത്മഹത്യ അല്ലാതെ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുക.

എല്ലാം നിന്റെ പ്രശ്‌നങ്ങള്‍ ആണെന്ന പല്ലവി കേട്ട് ഭ്രാന്ത് പിടിച്ചിരുന്നു അവള്‍ക്ക്. തനിക്കൊരു കഴിവും ഇല്ലെന്നുള്ള അബ്യൂസറുടെ വാക്കുകള്‍ വിശ്വസിക്കുന്ന അവസ്ഥയില്‍ എത്തുക. അയാളുടെ സെക്ഷ്വല്‍ അബ്യൂസിന് നിന്നു കൊടുക്കേണ്ടി വരിക.

ഓര്‍ക്കണേ, സൈക്കോളജിയൊക്കെ പഠിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയാണ് ഈയവസ്ഥയില്‍ നില്‍ക്കുന്നത്.

ലൈഫ് ഇങ്ങനെ കുറെ നാള്‍ പോയിട്ടുണ്ടാകും. അപ്പോളാണ് നമ്മുടെ ചന്ദ്രിക പരസ്യത്തില്‍ അമല പോള്‍ പറഞ്ഞ പോലെ എന്റെ ഫ്രണ്ട് റിയ എനിക്ക് നല്ലൊരു സൈക്കോളജിസ്റ്റിനെ സജസ്റ്റ് ചെയ്തത് എന്ന് പറഞ്ഞത് പോലെ ഗൂഗിള്‍ നോക്കിയപ്പോ ഒരു സൈക്കോളജിസ്റ്റിനെ കിട്ടിയത്. ഐഡിയല്‍ മൈന്‍ഡ് കെയര്‍ എന്ന ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്‍ക്ക ഷാജി.

ഇതിനിടെ കുറെ സൈക്യാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളേയും കണ്ട് മടുത്തിരുന്ന എയ്ഞ്ചലിന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. ആത്മഹത്യ ചെയ്തു കഴിഞ്ഞു ഡെഡ് ബോഡി പ്രിയപ്പെട്ടവര്‍ കാണുമ്പോള്‍ മുഖത്തിന് രൂപംമാറ്റം വരാതിരിക്കാന്‍ ഏത് രീതിയില്‍ മരിക്കണം എന്നായിരുന്നു അവള്‍ ആ സമയത്ത് ചിന്തിച്ചിരുന്നത് എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് അവളെത്തി നിന്നിരുന്ന നിരാശയുടെ ആഴം മനസ്സിലായേക്കും.

നമ്മുടെ ഷാരൂഖ് ഖാന്‍-അലിയ ഭട്ട് സിനിമ ഡിയര്‍ സിന്ദഗിയിലെ ഷാരൂഖ് അവതരിപ്പിച്ച ഡോ. ജഹാംഗീര്‍ ഖാന്‍ പോലെയൊരു സൈക്കോളജിസ്റ്റ്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം അവസാനിപ്പിക്കണം എന്ന എന്റെ മനസ്സിലെ തീരുമാനം ഒന്ന് നീട്ടിവയ്പ്പിക്കാന്‍ ആദ്യ സെഷനുകള്‍ കൊണ്ട് തന്നെ തെറാപ്പിസ്റ്റിന് സാധിച്ചു, കുറെ നാളത്തെ സെഷന്‍സ് കൊണ്ട് എല്ലാം അവസാനിപ്പിക്കണം എന്ന തീരുമാനം തന്നെ അവര്‍ മാറ്റിയെടുത്തു.

Photo; IMDb

(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു ശതമാനം പോലും ഫിക്ഷന്‍ അല്ല, എന്റെയും എന്റെ അത്രയും പ്രിയപ്പെട്ട ചില മനുഷ്യരുടെയും അനുഭവങ്ങള്‍ ചേര്‍ത്ത് പറഞ്ഞിട്ടുണ്ട്)

മുകളില്‍ പറഞ്ഞത് നാര്‍സിസിസ്റ്റിക്ക് അബ്യൂസില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഉദാഹരണമാണ്.
ഈ പാറ്റേണ്‍സ് നിങ്ങളുടെ ജീവിതത്തിലോ, സുഹൃത്തുക്കളുടെ ജീവിതത്തിലോ കണ്ടിട്ടുണ്ടോ?
എങ്കില്‍ തുടര്‍ന്ന് വായിക്കൂ.

എന്താണ് Narcissistic Personality Disorder അഥവാ NPD? എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകള്‍?

എന്‍.പി.ഡി ഒരു മാനസികാരോഗ്യാവസ്ഥയാണ്. DSM 5 (മാനസിക വൈകല്യങ്ങളുടെ രോഗനിര്‍ണയവും സ്ഥിതിവിവരണവും സംബന്ധിച്ച മാനുവല്‍) ഇതിനെയൊരു പേഴ്‌സണാലിറ്റി ഡിസോര്‍ഡറായി കാണുന്നു.

Photo: Cleveland Clinic

സ്വന്തം പ്രതിബിംബവുമായി പ്രണയത്തിലായ ഒരു യുവാവിന്റെ കഥയുണ്ട് ഗ്രീക്ക് മിത്തോളജിയില്‍, ആ മിത്തില്‍ നിന്നാണ് ഈ അവസ്ഥക്ക് നാര്‍സിസിസം എന്ന പേര് വന്നത്. സ്വന്തം പ്രധാന്യത്തെക്കുറിച്ച് അമിതമായ, പലപ്പോളും ഫാന്റസിയുടെ തലത്തിലേക്കത്തുന്ന ധാരണകള്‍ സൂക്ഷിക്കുന്ന, അമിതമായി ശ്രദ്ധയും, അഭിനന്ദനവും ആരാധനയും ആവശ്യപെടുന്ന ഒരവസ്ഥയാണിത്.

Photo: Wikipedia

മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനോ, അവയെ അംഗീകരിക്കാനോ ഇവര്‍ക്ക് സാധിക്കാറില്ല. ഈ ലോകം മുഴുവനും നിങ്ങള്‍ക്കായി കൊണ്ടു വന്നു തരുമെന്നത് പോലെ എക്‌സ്ട്രീം സ്‌നേഹത്തിലായിരിക്കും ഇവര്‍ തുടങ്ങുക. (ഈ എക്‌സ്ട്രീം സ്‌നേഹമൊക്കെ ഇരയെ കെണിയില്‍ വീഴിക്കാനുള്ള അടവ് മാത്രമാണ്). ഇവരുമായി റിലേഷനില്‍ ആകുന്നത് സത്യത്തില്‍ ഒരു നരകത്തിലേക്കു വീണു പോകുന്നത് പോലെയാണ്.

ഇനി ഇവരുടെ പ്രത്യേകതകള്‍ നോക്കിയാല്‍,

* നമ്മള്‍ എസ്.പി എന്ന് പറയില്ലേ, സെല്‍ഫ് പ്രെെസിങ്,  അതിന്റെ ഉസ്താദായിരിക്കും ഇവര്‍.

* എംപതി ഇവരുടെ അടുത്ത് കൂടെ പോലും പോയിട്ടുണ്ടാവില്ല.

* താന്‍ സ്‌പെഷ്യല്‍ ആണെന്നും വലിയ തേങ്ങയാണെന്നും ഇവര്‍ കരുതുന്നു. തന്നെപ്പോലെ സ്‌പെഷ്യല്‍ തേങ്ങകള്‍ക്കേ തന്നെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു എന്ന് കരുതുന്നു.

* എല്ലാവരും എന്നെ ആരാധ്യപുരുഷനായി കാണണം. (അങ്ങനെ പറയാന്‍ കാരണമുണ്ട്, ഈ ഏനക്കേട് കൂടുതല്‍ കാണാറുള്ളത് പുരുഷന്‍മാരിലാണെന്ന് പറയുന്നു)

* എന്നെ എല്ലാവരും വലിയ സംഭവമായി ട്രീറ്റ് ചെയ്യണം.

* വ്യക്തിബന്ധങ്ങള്‍ അവനവന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ചൂഷണം ചെയ്യാനുള്ളതാണെന്ന് കരുതുന്നു. എക്‌സ്ട്രീം ആയി മാനിപ്പുലേറ്റ് ചെയ്യുന്നു.

* ആരെങ്കിലും തന്നെ വിമര്‍ശിച്ചാല്‍ അസഹിഷ്ണുത കാണിക്കുന്നു.

* കൂടെ നില്‍ക്കുന്നവരുടെ (മിക്കപ്പോളും പാര്‍ട്ണറുടെ) ഫീലിംങ്‌സിനും ആവശ്യങ്ങള്‍ക്കും പട്ടി വില കൊടുക്കുക.

* മറ്റുള്ളവരെക്കുറിച്ച് അസൂയപ്പെടുക, എന്നിട്ട് മറ്റുള്ളവര്‍ തന്നോട് അസൂയ വച്ചു പുലര്‍ത്തുന്നുവെന്ന് പറയുക.

Photo: ChatGPT

ഫ്‌ളൈയിങ് മങ്കീസ് – നിങ്ങളൊരു നാര്‍സിസിസ്റ്റിനോട് എതിരിടുകയാണെങ്കില്‍, ഏറ്റവുമധികം ഭയക്കേണ്ടത് ഇവരെയാണ്. നമ്മളൊക്കെ ഓര്‍ക്കുന്നുണ്ടാവും കുട്ടിക്കാലത്തു കേട്ട വിസാര്‍ഡ് ഓഫ് ഓസ് എന്ന കഥയിലെ മന്ത്രവാദിനിയുടെ കിങ്കരന്മാരായ പറക്കും കുരങ്ങന്മാരെ.

ആ മന്ത്രവാദിനിയെപ്പോലെ തന്നെ, നാര്‍സിസിസ്റ്റുകള്‍ അവരുടെ അവരുടെ പദ്ധതി, പലപ്പോളും മറ്റൊരാളുടെ ജീവിതം തന്നെ നശിക്കാനിടയുള്ള പദ്ധതി നടപ്പിലാക്കുക ഫ്‌ളൈയിങ് മങ്കീസ് എന്ന ഭടന്‍മാരിലൂടെയാണ്.

ഡബ്ല്യു. ഡബ്ല്യു. ഡെൻസ്ലോ വരച്ച ഫ്ളെെയിങ് മങ്കീസിന്റെ ചിത്രം Photo: Wikipedia.

നാര്‍സിസിസ്റ്റിന്റെ എതിരാളികളെ വീഴ്ത്താന്‍ എല്ലാ അടവും ഇവര്‍ പുറത്തെടുക്കും. പലപ്പോളും ഒരു നാര്‍സിസിസ്റ്റിന്റെ സഹോദരനോ, സഹോദരിയോ, സുഹൃത്തോ, പങ്കാളിയോ ഒക്കെ അവരുടെ ഫ്‌ളൈയിങ് മങ്കീസ് ആയി മാറാറുണ്ട്.

വര്‍ഷങ്ങളായുള്ള നാര്‍സിസിസ്റ്റിക്ക് അബ്യൂസ് കൊണ്ട് സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ട് പലരും നാര്‍സിസിസ്റ്റുകളുടെ ഫ്‌ളൈയിങ് മങ്കീസ് ആയി മാറാറുണ്ട്.

ഇങ്ങനെ കുറേ പ്രശ്‌നങ്ങള്‍ ഉള്ളതില്‍ ഏറ്റവുമധികം മറ്റുള്ളവര്‍ക്ക് ദ്രോഹമായി മാറുന്നത് ഇവര്‍ സ്വന്തം കാര്യസാധ്യത്തിനായി മാനിപ്പുലേഷന്റെ ഏതറ്റം വരെയും പോകും എന്നതാണ്. ഇവരുടെ പാര്‍ട്ണര്‍ പലപ്പോളും കടന്ന് പോകുന്നത് ട്രോമ ബോണ്ടിങ്ങിലൂടെയാവും.

എന്താണ് ട്രോമ ബോണ്ടിങ്?

നമ്മുടെ ചില ചാനലുകളില്‍ കോമഡി എന്ന പേരില്‍ കാണിക്കുന്ന സാമൂഹ്യ വിരുദ്ധത നിറഞ്ഞ പ്രോഗ്രാമുകളില്‍ പ്രസന്റ് ചെയ്യുന്ന, ‘ചേട്ടായി വന്ന്. നാലു തെറീം പറഞ്ഞു രണ്ടിടീം തന്നിരുന്നെങ്കില്‍ സുഖമായി ഉറങ്ങാമായിരുന്നു’ എന്ന് പറയുന്ന ഒരു വീട്ടമ്മയെ ഓര്‍മിക്കുന്നുണ്ടോ?

ലളിതമായി പറഞ്ഞാല്‍ ഇടിയും തെറിയും കാത്തിരിക്കുന്ന ചേട്ടത്തിയും, രണ്ടെണ്ണം അടിച്ചു വന്ന് തെറി പറഞ്ഞു രണ്ട് ഇടി കൊടുക്കുന്ന ചേട്ടായിയും തമ്മിലുള്ള ബന്ധമാണ് ട്രോമ ബോണ്ടിങ്.

അബ്യൂസ് ചെയ്യുന്നയാളും അതിന് വിധേയരാകേണ്ടി വരുന്നവരും തമ്മില്‍ രൂപപ്പെടുന്ന അതിശക്തമായ വൈകാരിക ബന്ധമാണ് ട്രോമ ബോണ്ടിങ്. വിധേയത്വവും, ആശ്രിതത്വവും എല്ലാം ചേര്‍ന്ന അവസ്ഥയാണിത്.

Photo: ChatGPT

പ്രണയത്തില്‍ മാത്രമല്ല ഇതുണ്ടാവുക. സുഹൃത്തുക്കളുടെ ഇടയിലും, മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തിലും, ജോലിസ്ഥലത്തുള്ളവര്‍ തമ്മിലുള്ള ബന്ധങ്ങളിലുമൊക്കെ ട്രോമ ബോണ്ടിങ് ഉണ്ടാകാം.

സ്‌റ്റോക്‌ഹോം സിന്‍ഡ്രോം എന്നത് ട്രോമ ബോണ്ടിന് ഒരു ഉദാഹരണമാണ്. അബ്യൂസറോട് തോന്നുന്ന മാനസിക അടുപ്പമാണിത്.

എന്നാല്‍ സ്‌റ്റോക്‌ഹോം സിന്‍ഡ്രോം മാത്രമല്ല ട്രോമ ബോണ്ടിങ്.

ശാരീരികമായോ മാനസികമായോ എത്രയൊക്ക ഉപദ്രവിച്ചാലും പങ്കാളിയുടെയോ കമിതാവിന്റെയോ സുഹൃത്തിന്റെയോ ഒക്കെ എന്നെ കളഞ്ഞിട്ട് പോകല്ലേ എന്ന് പറഞ്ഞുനടക്കുന്ന നടക്കുന്ന ചിലരെയെങ്കിലും നമുക്ക് ചുറ്റും കണ്ടിട്ടുണ്ടാവില്ലേ, അവര്‍ ട്രോമ ബോണ്ടിങ്ങിന് ഇരകളാണ്.

നിങ്ങള്‍ ഒരു ട്രോമ ബോണ്ടിലാണോ ഉള്ളത്? ഈ കാര്യങ്ങള്‍ നോക്കുക,

1. വീണ്ടും വീണ്ടും നിങ്ങളെ വേദനിപ്പിച്ചാലും നിങ്ങള്‍ വേദനിപ്പിച്ച ആളോടൊപ്പമുള്ള ബന്ധത്തില്‍ തുടരുന്നു.

2. നിങ്ങളോട് പല തവണ വിശ്വാസവഞ്ചന കാണിച്ചു എന്ന് തെളിഞ്ഞു കഴിഞ്ഞിട്ടും അയാളെ/ അവളെ വിശ്വസിക്കുന്നു.

3. അയാള്‍/ അവള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിലനില്‍പ്പ് ഇല്ലെന്ന് തോന്നുന്നു.

4. ഒരു ബന്ധത്തില്‍ നിങ്ങള്‍ക്ക് നിങ്ങളായി ഇരിക്കാന്‍ കഴിയാതെ ഇരിക്കുന്നു, എന്നാല്‍ ആ ബന്ധത്തില്‍ നിന്ന് പുറത്തു വരാന്‍ കഴിയുന്നില്ല.

5. നിങ്ങള്‍ക്കെതിരെയുള്ള അബ്യൂസറിന്റെ പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ തന്നെ ന്യായീരണം കണ്ടെത്തുന്നു.

അബ്യൂസ് തന്നെയാവും കൂടുതലെങ്കിലും നിമിഷാര്‍ധത്തില്‍ ഇവര്‍ കാണിക്കുന്ന സ്‌നേഹം, അറ്റാച്ച്‌മെന്റുകള്‍ ഇവര്‍ നല്ലതാണെന്ന തോന്നല്‍ ഇരയില്‍ ഉണ്ടാക്കുന്നു.

അബ്യൂസ്, സ്‌നേഹം ഇവ മാറി മാറി മാനിഫെസ്റ്റ് ചെയ്യുന്ന ഇവര്‍ ഇതില്‍ അകപ്പെട്ടവരില്‍ അയാള്‍ നല്ലവനാ കെട്ടവനാ എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഒരു ചിലന്തിവലയില്‍ അകപ്പെട്ട അവസ്ഥയാണ് ഇരയ്ക്ക് ഉണ്ടാവുക.

ഇരയാക്കപ്പെട്ടവര്‍ ഒരു ഘട്ടത്തില്‍ തന്റെ വേണ്ടപ്പെട്ടവരോട് പറയുകയോ, എന്തിന് നിയമപരമായി പരാതി നല്‍കുകയോ ചെയ്താല്‍ പോലും ഉള്ളില്‍ അവര്‍ പലപ്പോളും അബ്യൂസറിന്റെ ഭാഗത്തു നിന്ന് സ്‌നേഹം പ്രതീക്ഷിക്കുന്ന അവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ടു തന്നെ അയാള്‍ക്ക്/ അവള്‍ക്ക്
വളരെ എളുപ്പം മാനിപ്പുലേറ്റ് ചെയ്യാനും ഇരയെ വീണ്ടും തന്റെ വശത്താക്കാനും സാധിക്കുന്നു. അതോടെ ഇരയ്ക്ക് ലഭിച്ചിരുന്ന സപ്പോര്‍ട്ട് സിസ്റ്റം ഇല്ലാതാവുന്നു.

ഇവരുടെ മാനിപ്പുലേഷന്റെ ഘട്ടങ്ങള്‍ എന്തൊക്കെയാണ് ?

1. ലവ് ബോംബിങ്

ഒരു റിലേഷന്‍ഷിപ്പിന്റെ പ്രാഥമിക ഘട്ടത്തില്‍ ആണിത് സംഭവിക്കുക. ഓപ്പോസിറ്റ് നില്‍കുന്നയാള്‍ സ്‌നേഹം കൊണ്ടു നിങ്ങളെ വീര്‍പ്പ് മുട്ടിച്ചു കളയും. അവസാനം ഇതാണ് ഇത്രകാലം ഞാന്‍ തേടി നടന്ന എന്റെ ആള്‍ എന്ന് വിക്ടിമിനെ കൊണ്ട് തോന്നിക്കുന്നു. നിങ്ങളെ മിറര്‍ ചെയ്യുന്നു.

Photo:: ChatGPT

അങ്ങിനെ വളരെ ശക്തമായ ഒരു ഇമോഷണല്‍ ബോണ്ടിങ് അബ്യൂസര്‍ നേടിയെടുക്കുന്നു. ഇതാണ് ഐഡിയല്‍ ലവ് എന്ന വിശ്വാസം വിക്ടിമിലും ഉണ്ടാകുന്നു. എന്നാല്‍ ഓര്‍ക്കുക, ഇതെല്ലാം ഒരു തന്ത്രം മാത്രമാണ്.

2.ട്രസ്റ്റ് & ഡിപെന്‍ഡന്‍സി

ഈ ഘട്ടത്തില്‍ എന്തും ചെയ്തു നല്‍കി വിക്റ്റിമിന്റെ വിശ്വാസം അബ്യൂസര്‍ നേടിയെടുക്കുന്നു. ഇത് വിക്ടിമിന് അബ്യൂസര്‍ ഇല്ലാതെ തനിക്ക് നിലനില്‍പ്പില്ല എന്ന രീതിയിലുള്ള അതിശക്തമായ ആശ്രിതത്വം ഉടലെടുക്കുന്നതിന് കാരണമാകുന്നു.

3. ഡീവാല്യൂവേഷന്‍

ഈ ഘട്ടത്തില്‍ അബ്യൂസര്‍ വിക്റ്റിമിനെ അകാരണമായി വിമര്‍ശിക്കുകയും അത് വഴി അവരുടെ ആത്മാഭിമാനവും ആത്മവിശ്വാസവും തകര്‍ക്കുകയും ചെയ്യുന്നു.

Photo: ChatGPT

4. മാനിപ്പുലേഷന്‍

വിക്റ്റിമിന്റെ വള്‍നറബിലിറ്റികള്‍ നന്നായറിയുന്ന അബ്യൂസര്‍ വിക്റ്റിമില്‍ ഗില്‍റ്റ് ഫീല്‍ ഉണ്ടാക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം താന്‍ തന്നെയാണെന്നു വിക്റ്റിമിന് തോന്നാന്‍ തക്ക എല്ലാ തന്ത്രവും അബ്യൂസര്‍ ഉപയോഗിക്കുന്നു.

5. ഗ്യാസ്‌ലൈറ്റിങ്

വിക്റ്റിമിനെ മാനസികമായി മാനിപ്പുലേറ്റ് ചെയ്യുന്ന ഘട്ടം. വിക്റ്റിമില്‍ തന്റെ ചിന്തകളും, യാഥാര്‍ത്ഥ്യ ബോധവും തെറ്റാണെന്ന രീതിയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി അവരുടെ മാനസിക നില വരെ തെറ്റിക്കുക, അതുവഴി വിക്റ്റിമിനെ ഒരര്‍ത്ഥത്തില്‍ തന്റെ അടിമയാക്കുക. പാര്‍ട്ണറില്‍ അവര്‍ നോര്‍മല്‍ അല്ലെന്ന സംശയം ജനിപ്പിക്കുക. തന്റെ കുറ്റങ്ങള്‍ വിക്റ്റിമിന്റേതാക്കി ചിത്രീകരിക്കുക.

6. റെസിഗ്‌നേഷന്‍ & ഗിവിങ് അപ്പ്

ട്രോമ ബോണ്ടിന്റെ ഒരു ഘട്ടം വരുമ്പോള്‍ വിക്ടിം നിസ്സഹായാവസ്ഥയില്‍ എത്തുകയും അബ്യൂസറുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഒരു സംഘര്‍ഷം ഒഴിവാക്കാന്‍ അബ്യൂസറുടെ കാര്യങ്ങള്‍ക്ക് പ്രയോറിറ്റി കൊടുക്കുകയും അയാളില്‍ പൂര്‍ണമായും ഡിപെന്‍ഡന്റ് ആയിത്തീരികയും ചെയ്യുന്നു.

7. ലോസ് ഓഫ് സെല്‍ഫ്

ഈ ഘട്ടത്തില്‍ എത്തുമ്പോളേക്കും അബ്യൂസര്‍ വിക്റ്റിമിനെ പൂര്‍ണമായും അയാളുടെ സോഷ്യല്‍ സര്‍ക്കിളില്‍ നിന്നും, സപ്പോര്‍ട്ട് സിസ്റ്റത്തില്‍ നിന്നെല്ലാം ഐസൊലേറ്റ് ചെയ്തിട്ടുണ്ടാകും. വിക്റ്റിമിന്റെ ഐഡന്റിറ്റിയെ തന്നെ അബ്യൂസര്‍ കീഴ്‌പ്പെടുത്തുന്നു. സപ്പോര്‍ട്ട് സിസ്റ്റം ആയിട്ടുള്ള സുഹൃത്തുക്കളെയും ബന്ധങ്ങളേയുമെല്ലാം ഈ വ്യക്തി ഏത് വിധേനയും നിങ്ങളില്‍ നിന്ന് അകറ്റുന്നു.

8. അഡിക്ഷന്‍ ടു ദി സൈക്കിള്‍

ഓരോ അബ്യൂസിന് ശേഷവും തന്ത്രപരമായി അബ്യൂസര്‍ നടത്തുന്ന മാപ്പ് പറച്ചിലും ഉറപ്പു നല്‍കലുമെല്ലാം വീണ്ടും കാര്യങ്ങള്‍ ശരിയാകും എന്ന ഫേക്ക് ഹോപ്പ് വിക്റ്റിമിന് നല്കുന്നു. ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം ഈ ബോണ്ടില്‍ തുടരാന്‍ വിക്റ്റിമിന് കാരണമാകുന്നു.

പിന്നീട് ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ട ഇര താന്‍ ഈ അപമാനങ്ങള്‍ക്കും അബ്യൂസുകള്‍ക്കും അര്‍ഹനാണ്/ അര്‍ഹയാണ് എന്ന നിഗമനത്തില്‍ എത്തുന്നു.

ദീര്‍ഘകാലം ട്രോമ ബോണ്ടില്‍ കഴിഞ്ഞ ആള്‍ക്ക് PTSD (Post Traumatic Stress Disorder), ബ്രെയിന്‍ ഫോഗ് , പാനിക് അറ്റാക്ക് എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഉണ്ടാകാം.

പലപ്പോളും ഇത്തരം അരക്ഷിത ബോധമുള്ള ആളുകള്‍, ചെറുപ്പത്തിലേ അബ്യൂസിന് ഇരയായ ആളുകള്‍, സെക്ഷ്വല്‍ അബ്യൂസ് ഇരകള്‍, ഭൂതകാലത്തു ട്രോമ ഉണ്ടായിട്ടുള്ള ആളുകള്‍, പ്രോപ്പര്‍ ഇമോഷണല്‍ സപ്പോര്‍ട്ട് സിസ്റ്റം ലഭിക്കാത്ത ആളുകള്‍ ഒക്കെ ഇവരുടെ കൈയ്യില്‍ ചെന്ന് പെടാനുള്ള സാഹചര്യം കൂടുതലാണ്.

ഇതില്‍ നിന്ന് എങ്ങിനെ രക്ഷപെടാം?

ഓടി രക്ഷപെടാന്‍ തോന്നും, പക്ഷെ സത്യത്തില്‍ ഒരു കൂട്ടില്‍ അല്ലെങ്കില്‍ ചിലന്തിവലയില്‍ ഒക്കെ അകപ്പെട്ട പോലെയാണ് ഇതില്‍ പെട്ടാലുള്ള അവസ്ഥ. രക്ഷപെടാന്‍ എളുപ്പവഴികളില്ല.

എന്നാല്‍ അസാധ്യമായ കാര്യവുമല്ല. ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. ഇതിനൊക്കെ ഒരു പ്രൊഫഷണല്‍ ഹെല്‍പ് എടുക്കുന്നത് വളരെ നന്നായിരിക്കും. കാരണം Dialectical Behavioral Therapy (DBT), Cognitive Behavioral Therapy (CBT) പോലുള്ള വിവി സ്പീച്ച് തെറാപ്പികളിലൂടെ വിക്റ്റിമിന് തന്റെ നഷ്ടപ്പെട്ട ആത്മാഭിമാനവും സോഷ്യല്‍ ലൈഫും, നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം തന്നെയും തിരിച്ചു പിടിക്കാനാവും.

എം.ടി. വാസുദേവന്‍ നായര്‍ ഒരു നോവലില്‍ സേതു എന്ന കഥാപാത്രത്തേക്കുറിച്ച് പറയുന്നൊരു വാചകമുണ്ട്.

സേതു എന്നും ഒരാളെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ, സേതുവിനെ മാത്രം.

ഒരു നാര്‍സിസിസ്റ്റ് എന്താണ് എന്ന് ചോദിച്ചാല്‍, ഒറ്റ വാചകത്തില്‍ ഇതിലും ഭംഗിയായി, അര്‍ത്ഥവത്തായി, പറയാനാവില്ല എന്ന് തോന്നുന്നു.

ആരൊക്കെയാണ് സാധാരണ ഇത്തരം കെണികളില്‍ വീണ് പോകാറുള്ളത് ?

ഒന്നാമതായി നാര്‍സിസിസ്റ്റിക്ക് ആയ മാതാപിതാക്കളുടെ കുട്ടികളും കുടുംബാംഗങ്ങളും.
രണ്ടാമതായി കൂടുതലും ഭൂതകാലത്തില്‍ ട്രോമ അനുഭവിച്ചവരും എംപാതുകളും.

ഇനി ആരാണ് എംപതുകള്‍ എന്ന് നോക്കാം. മനശാസ്ത്രജ്ഞനായ കാള്‍ യുങ്ങാണ് ഇത്തരം വ്യക്തിത്വങ്ങളെക്കുറിച്ച് ആദ്യമായി പഠനങ്ങളില്‍ പറഞ്ഞത്. പക്ഷെ അദ്ദേഹം എംപാത് എന്ന വാക്ക് അല്ല ഉപയോഗിച്ചത് എന്ന് മാത്രം.

കാള്‍ യുങ്

ലളിതമായി പറഞ്ഞാല്‍ മറ്റുള്ളവരുടെ വികാരങ്ങളെ, വേദനകളെ, ഉള്ളിലെ സംഘര്‍ഷങ്ങളെ, മാനസികാവസ്ഥകളെയൊക്കെ തന്റേതായി കാണുന്ന, അത് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന ചില മനുഷ്യരുണ്ട്. ഇവരെ എംപാത് എന്ന് വിളിക്കാം.

എംപതി നല്ലൊരു കാര്യമായി നമ്മള്‍ കരുതുന്നുണ്ട്. തീര്‍ച്ചയായും അത് അങ്ങനെ തന്നെയുമാണ്. പക്ഷെ വ്യക്തമായ ബൗണ്ടറികള്‍ ഇല്ലാതെയുള്ള എംപതി നമ്മളെ നാശത്തിലേക്കാവും എത്തിക്കുക.

വ്യക്തിത്വവികസനം കൂടി ഉണ്ടാവുക എന്നതാണ് ആരോഗ്യകരമായ അവസ്ഥ എന്ന് യുങ്ങ് പറയുന്നു. അതായത്, ഇവിടെ ഒരു വ്യക്തി വ്യക്തമായ ബൗണ്ടറികളോട് കൂടി മറ്റൊരാളെ മനസ്സിലാക്കുകയും എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ ബലി കഴിക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നു.

ഇതുമായി വളരെ ചേര്‍ന്ന് നില്‍ക്കുന്ന വൂണ്ടഡ് ഹീലര്‍ (Wounded Healer) എന്ന ആശയവും യുങ് മുന്നോട്ടുവച്ചു.

ക്രിസ്തുവിനെ വൂണ്ടഡ് ഹീലര്‍ എന്ന് പറയാറുണ്ട്, പക്ഷെ അതില്‍ നിന്നല്ല, ഗ്രീക്ക് മിത്തോളജിയിലെ കൈറോണ്‍ എന്ന കഥാപാത്രത്തില്‍ നിന്നായിരുന്നു യുങ്ങ് ഈ ആശയം വികസിപ്പിച്ചത്.

കൈറോണ്‍

മറ്റുള്ളവരുടെ മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന എന്നാല്‍ സ്വന്തം മുറിവുകള്‍ ഉണക്കാന്‍ സാധിക്കാത്ത കഥാപാത്രമാണ് കൈറോണ്‍. സ്വന്തമായി മുറിവേല്‍ക്കുകയും അത് അഭിമുഖീകരിക്കുകയും ചെയ്തയാള്‍ക്ക് മറ്റൊരാളുടെ മുറിവുകളും വേദനകളും കൂടുതലായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നും അത് വ്യക്തിത്വവികസനത്തിന്റെ ഭാഗം കൂടി ആയിത്തീരുമ്പോള്‍, അയാള്‍ വ്യക്തമായ ബൗണ്ടറികള്‍ ഒക്കെയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ വൂണ്ടഡ് ഹീലര്‍ ആയി മാറുന്നു എന്നും യുങ്ങ് പറയുന്നു.

ഇവിടെയെല്ലാം അവനവനെ നഷ്ടപ്പെടാതെ, കൃത്യമായ ബൗണ്ടറികളോട് കൂടി മാത്രം മറ്റൊരാളെ മനസ്സിലാക്കുന്ന അവസ്ഥയെയാണ് യുങ് മുന്നോട്ട് വയ്ക്കുന്നത് എന്നത് ശ്രദ്ധിക്കുക.

നാര്‍സിസ്സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (എന്‍.പി.ഡി) ഉള്ളവരില്‍ നിന്നും മാത്രമല്ല കൂടെ ജീവിക്കുന്നവര്‍ക്കും ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്കും അബ്യൂസ് നേരിടേണ്ടി വരാറുണ്ട്

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (ബി.പി.ഡി), ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (എ.എസ്.പി.ഡി), പാരനോയ്ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ (പി.പി.ഡി)- തിനെയാണ് സംശയരോഗം എന്ന് സാധാരണ പറയാറുള്ളത്, സബ്സ്റ്റന്‍സ് ഉപയോഗം കൊണ്ടുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളും, സൈക്കോട്ടിക്ക് രോഗാവസ്ഥകളും എന്നിങ്ങനെ പലതും അബ്യൂസിന് കാരണമാകാറുണ്ട്.

ഇപ്പോള്‍ നടിയും ഗായികയുമായ മഡോണയും, അനുപമ പരമേശ്വരനും നാര്‍സിസിസ്റ്റിക്ക് അബ്യൂസിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നു. തികച്ചും അഭിനന്ദനാര്‍ഹമായ, മാതൃകാപരമായ കാര്യം തന്നെയാണത്.

അനുപമ പരമേശ്വരൻ

കാരണം ഈ അബ്യൂസ് അനുഭവിക്കുന്നവരില്‍ പലര്‍ക്കും തങ്ങള്‍ ഇങ്ങനെയൊരു അബ്യൂസിന് ഇരയായിക്കൊണ്ടിരിക്കുന്നു എന്ന് പോലും അറിയാത്ത അവസ്ഥയുണ്ട്. അപ്പോള്‍ ഒരു സെലിബ്രിറ്റി ഇക്കാര്യങ്ങള്‍ പറഞ്ഞു രംഗത്തെത്തുമ്പോള്‍ കൂടുതല്‍ ആളുകളിലേക്ക് ഇക്കാര്യങ്ങള്‍ എത്തിച്ചേരുന്നതിന് കാരണമാകുന്നു.

മഡോണ സെബാസ്റ്റ്യൻ

ഇക്കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം വളരെ വലിയ രീതിയിലുള്ള സൈബര്‍ അക്രമണത്തെയാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. അനുപമ പരമേശ്വരന്‍ ഇക്കാര്യം പറയുമ്പോള്‍ തന്നെ അവര്‍ വ്യക്തമാക്കുന്നുണ്ട്, ഇത് പറയുന്നത് കൊണ്ട് എനിക്കെതിരെ എത്ര പൊങ്കാല കിട്ടിയാലും ഒരാളെങ്കിലും ഞാന്‍ പറയുന്നത് കേട്ട് ഇത് തിരിച്ചറിയുകയും പുറത്ത് വരികയും ഒക്കെച്ചെയ്താല്‍ താന്‍ ഹാപ്പി ആണെന്ന്.

നമ്മുടെ ചുറ്റുമുള്ളവരില്‍ പലരും, നാര്‍സിസിസ്റ്റുകളുടെയും, മേല്‍പ്പറഞ്ഞ പല രീതിയിലുമുള്ള അബ്യൂസിന് ഇരയായി ജീവിക്കുന്നവരുണ്ട്. സഹികെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുണ്ട്.

കഴിയുമെങ്കില്‍ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ നോക്കുക, അവര്‍ നിങ്ങളോട് അടുപ്പം കാണിക്കുന്നില്ല എന്നൊന്നും കരുതരുത്. കാരണം അവരുടെ നല്ല സൗഹൃദങ്ങളെ, സപ്പോര്‍ട്ട് സിസ്റ്റം ആകുമെന്ന് തോന്നുന്നവരെയൊക്കെ അവരുടെ ലൈഫില്‍ നിന്ന് ഒഴിവാക്കുന്നതും, വിക്റ്റിമിനെ ഒരു ഘട്ടം കഴിഞ്ഞാല്‍, മാനിപ്പുലേഷനിലൂടെ ഏതാണ്ട് പൂര്‍ണമായും തന്നെ നിയന്ത്രിക്കുന്നതും അബ്യൂസറായ മാനിപ്പുലേറ്ററോ, നാര്‍സിസ്‌റ്റോ ആയിരിക്കും എന്നോര്‍ക്കുക. അപ്പോള്‍ നിങ്ങളും കരുതിയിരിക്കണം.

ഒരു പ്രൊഫഷണല്‍ ഹെല്‍പ് എടുക്കാനുള്ള അവസരം വിക്റ്റിമിന് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാനാവുക. പിന്നെ നാര്‍സിസിസ്റ്റ് / മാനിപ്പുലേറ്റര്‍ വിലക്കിയ നിങ്ങള്‍ ഉള്‍പ്പെട്ട സപ്പോര്‍ട്ട് സിസ്റ്റം റീ ക്രീയേറ്റ് ചെയ്യുക, അവരോട് ഒരു നാര്‍സിസിസ്റ്റിക് അബ്യൂസിന്റെ ഇരയാണ് നിങ്ങളുടെ കോമണ്‍ സുഹൃത്ത് എന്ന് പറഞ്ഞു മനസിലാക്കുക. ഇതിലൂടെ ചിലരെയെങ്കിലും നമുക്ക് തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനാകും.

അബ്യൂസിന് ഇരയാക്കപ്പെട്ട് നില്‍ക്കുന്ന ഒരാളുടെ ജീവന്റെ വിലയുണ്ടാവും നിങ്ങളുടെ ചേര്‍ത്ത് പിടിക്കലിനെന്ന് മനസിലാക്കുക.

ചൈല്‍ഡ്ഹുഡ് അബ്യൂസ് മുതല്‍ തുടങ്ങി പല രീതിയിലുള്ള ട്രോമയിലൂടെയും ഡിപ്രഷനിലൂടെയും കടന്നുപോയി, ഒടുവില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുറപ്പിച്ചു നിന്നിരുന്ന ഒരാള്‍, ജീവിതത്തിലെ വളരെ ചുരുക്കം ചില മനുഷ്യരുടെ കരുതലില്‍ കൂടിയും, അല്‍ക്കയെന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ അടുത്ത് നിന്നും ലഭിച്ച കൃത്യമായ പ്രൊഫഷണല്‍ ഹെല്‍പ്പിലൂടെയും, മരുന്നുകളിലൂടെയുമൊക്കെ തിരികെ ജീവിതത്തിലേക്ക് വന്നിട്ട് എഴുതിയതാണ് നിങ്ങള്‍ ഇപ്പോള്‍ ഈ വായിച്ച കാര്യങ്ങളത്രയും.

ഫൈനല്‍ റിസള്‍ട്ട് ആയിട്ട് ഇന്നീ ആര്‍ട്ടിക്കിള്‍ ചെയ്യാന്‍ ഞാന്‍ ജീവനോടെയുണ്ട്. തെറാപ്പി ഇപ്പോളും ചെയ്യുന്നു.

കൃത്യമായ സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടായാല്‍ അബ്യൂസിന് ഇരയാക്കപ്പെടുന്ന ഓരോ മനുഷ്യനും തിരികെ ജീവിതത്തിലേക്ക് വരാന്‍ സാധിക്കും, വിക്ടിം എന്ന അവസ്ഥയില്‍ നിന്നും സര്‍വൈവര്‍ ആയി മാറാന്‍ സാധിക്കും.

My Life Is My Testimonial.

 

 

Content Highlight: Arun Angela writes about narcissistic abuse

 

അരുൺ എയ്ഞ്ചല
ഫോട്ടോ ജേര്‍ണലിസ്റ്റ്