സർക്കാരിന്റെ 100 ദിവസത്തെ പ്രവർത്തനങ്ങൾക്ക് 10ൽ 5 മാർക്ക്
ഡോ. ബി. ഇക്ബാല്‍
Tuesday, 25th August 2026, 3:40 pm
മന്ത്രിസഭയിലെ യുവാക്കളുടെ വർധിച്ച സാന്നിധ്യവും അവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും പുതിയ സമീപനങ്ങൾ സ്വീകരിക്കാനും സന്നദ്ധമായ ഒരു സർക്കാരെന്ന പ്രതീക്ഷ ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്
വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ നൂറുദിവസങ്ങൾ കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന ഒരു സർക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങൾക്കുള്ളിൽ സൃഷ്ടിക്കാൻ വി.ഡി സതീശൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
മന്ത്രിസഭയിലെ യുവാക്കളുടെ വർധിച്ച സാന്നിധ്യവും അവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും പുതിയ സമീപനങ്ങൾ സ്വീകരിക്കാനും സന്നദ്ധമായ ഒരു സർക്കാരെന്ന പ്രതീക്ഷ ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പുതുതായി ആരംഭിച്ച ജനകീയപദ്ധതികളുടെതുടർച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയും അവയെ സ്ഥാപനവൽക്കരിക്കുകയും ചെയ്യുക എന്നതായിരിക്കും സർക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
മുഖ്യമന്ത്രി വി.ഡി സതീശൻ1. ലഹരിവിരുദ്ധ പോരാട്ടം: ആദ്യ നൂറുദിവസങ്ങളിലെ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായ ഇടപെടലുകളിൽ ഒന്നാണ് “ഓപ്പറേഷൻ തൂഫാൻ”. എന്നാൽ ലഹരിവിരുദ്ധ പോരാട്ടം ആഭ്യന്തര വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാനാവില്ല. അത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണ്.
ലഹരിയുടെ വ്യാപനം തടയുന്നതിന് ശക്തമായ നിയമനടപടികൾ എത്രത്തോളം അനിവാര്യമാണോ, അതുപോലെ തന്നെ യുവാക്കളെ ലഹരിയിലേക്ക് നയിക്കുന്ന സാമൂഹികവും മാനസികവുമായ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പ്രധാനമാണ്.

ഓപ്പറേഷൻ തൂഫാനിന്റെ പ്രഖ്യാപനം
ഇതിനായി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന സമഗ്രമായ സ്കൂൾ-കോളേജ് ആരോഗ്യപദ്ധതി നടപ്പാക്കണം. ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കുന്ന ഒരു ദീർഘകാല ലഹരിവിരുദ്ധ തന്ത്രമാണ് ഇതിന് ആവശ്യം. ഓപ്പറേഷൻ തൂഫാനോടൊപ്പം “ആരോഗ്യ തൂഫാനും” നടപ്പിലാക്കാൻ ആഭ്യന്തര വകുപ്പ് പ്രചോദനം നൽകണം.
2. ആരോഗ്യരംഗം: വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ച് അവയുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ആരോഗ്യ മന്ത്രി നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. എന്നാൽ ഇതിനകം ആരംഭിച്ച പല മെഡിക്കൽ കോളേജുകളും ഇപ്പോഴും പൂർണമായ പ്രവർത്തനക്ഷമത കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, പുതിയ രണ്ട് മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് മുൻഗണന നൽകുന്നത് പുനഃപരിശോധിക്കേണ്ടതാണ്.
ബജറ്റിൽ പ്രഖ്യാപിച്ച “ഗോൾഡൻ അവർ” പദ്ധതി, 40 വയസ്സിന് ശേഷമുള്ള വാർഷിക ആരോഗ്യപരിശോധന, വയോജന പരിചരണത്തിനുള്ള കെയർഗിവർ പരിശീലനം, വയോജന വാക്സിനേഷൻ തുടങ്ങിയ പദ്ധതികൾക്കും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനേക്കാൾ നിലവിലുള്ള സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുകയും ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും മുൻഗണന നൽകേണ്ട സമയമാണിത്. വർധിച്ച് വരുന്ന ആരോഗ്യചെലവും രോഗാതുരയും കുറക്കുന്നതിനു പ്രാധാന്യം നൽകണം.

തിരുവന്തപുരം മെഡിക്കൽ കോളേജ്
3. ഉന്നത വിദ്യാഭ്യാസം: ഉന്നതവിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിക്കുകയും നാലുവർഷ ബിരുദ കോഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി നിയോഗിക്കുകയും വൈസ് ചാൻസലർമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്ലൊരു തുടക്കം കുറിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ, സംസ്ഥാനത്തെ സർവകലാശാലകളെയും കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തമായ University–Research Institution Ecosystem വികസിപ്പിക്കണം.
സംയുക്ത ഗവേഷണം, പുതിയ അന്തർവിഷയ കോഴ്സുകൾ, ഗവേഷണസൗകര്യങ്ങളുടെ പങ്കുവെക്കൽ, വ്യവസായ-അക്കാദമിക് സഹകരണം എന്നിവയിലൂടെ കേരളത്തെ ശക്തമായ വിജ്ഞാനസമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാനും വിദ്യാഭ്യാസ- ഉല്പാദന
മേഖലകളെ ബന്ധിപ്പിക്കാനും ഇതുവഴി കഴിയണം.
4. വയോജനങ്ങൾ: മുൻ സർക്കാർ രൂപീകരിച്ച വയോജന കമ്മീഷന് പിന്നാലെ ഇപ്പോൾ വയോജന വകുപ്പ് രൂപീകരിച്ചതും സ്വാഗതാർഹമാണ്. എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഒരു മേഖലക്ക് പ്രത്യേക മന്ത്രി ഇല്ലാത്തത് ഒരു പരിമിതിയായി തുടരുന്നു. വയോജനങ്ങളെ കേവലം പരിചരണവും ക്ഷേമവും ആവശ്യമുള്ള വിഭാഗം മാത്രമായി കാണാതെ, അവരുടെ അറിവും അനുഭവവും നൈപുണ്യവും സമൂഹത്തിന്റെ വികസന സമ്പത്തായി പ്രയോജനപ്പെടുത്തുന്ന ബജറ്റിൽ പ്രഖ്യാപിച്ച “സിൽവർ ഇക്കോണമി” എന്ന ആശയം അടിയന്തരമായി പ്രാവർത്തികമാക്കേണ്ടതുണ്ട്.
5. തദ്ദേശഭരണം: മൂന്ന് പതിറ്റാണ്ടിലെ പ്രവർത്തനം വിലയിരുത്തണം. പൊതുജനാരോഗ്യത്തിൽ കൂടുതൽ ഇടപെടൽ വേണം . കേരളത്തിൽ വർധിച്ചുവരുന്ന പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. മാലിന്യസംസ്കരണം, ശുദ്ധജലവിതരണം, കൊതുകുനിവാരണം, രോഗപ്രതിരോധം, ആരോഗ്യവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ മേഖലയിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടും സ്ത്രീകൾക്ക് ആവശ്യമായ തോതിൽ സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ മുൻഗണന നൽകി ഇടപെടൽ വേണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും പോരായ്മകൾ പരിഹരിക്കുന്നതിനുള്ള പുതിയ പ്രവർത്തനരീതി ആവിഷ്കരിക്കുകയും വേണം.

ആദ്യ നൂറുദിവസങ്ങൾ മാറ്റത്തിനുള്ള ഒരു പ്രതീക്ഷയും ദിശാബോധവും സൃഷ്ടിച്ചിട്ടുണ്ട്, ആ തുടക്കങ്ങളെ സുസ്ഥിരമായ നയങ്ങളായും ശക്തമായ സ്ഥാപനസംവിധാനങ്ങളായും മാറ്റിയെടുക്കുന്നതിലാണ് സർക്കാരിന്റെ യഥാർത്ഥ വിജയം നിർണയിക്കപ്പെടുക.
അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തിന് 10-ൽ 5 മാർക്ക് നൽകാം; എന്നാൽ മുന്നോട്ടുള്ള പ്രകടനം വിലയിരുത്തുമ്പോൾ പ്രഖ്യാപനങ്ങളേക്കാൾ അവയുടെ ഫലപ്രാപ്തിയും സുസ്ഥിരയും ആയിരിക്കണം മാനദണ്ഡം.
Content Highlight : Dr. B. Iqbal evaluates the first 100 days of the new government in Kerala.





