ഷേര്‍ ഇ പഞ്ചാബ് ടി-20 കപ്പില്‍ റെക്കോഡ് വിജയം സ്വന്തമാക്കി ജലന്ധര്‍ വാരിയേഴ്‌സ്. ഹൈ സ്‌കോറിങ് ത്രില്ലറില്‍ അമൃതസര്‍ സൂര്‍മാസിനെതിരെ എട്ട് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ജലന്ധര്‍ വാരിയേഴ്‌സ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത അമൃതസര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ജലന്ധര്‍ 16.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.
സെഞ്ച്വറി നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ കരുത്തിലാണ് വാരിയേഴ്സ് ജയിച്ചുകയറിയത്. 47 പന്തില്‍ പുറത്താവാതെ 125 റണ്‍സ് നേടിയാണ് പ്രഭ്‌സിമ്രാന്‍ ടീമിന് റെക്കോഡ് വിജയം സമ്മാനിച്ചത്.
14 ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 265.96 പ്രഹരശേഷിയില്‍ ആയിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
ഈ മത്സരത്തില്‍ കൂടി 250+ റണ്‍സ് ചെയ്സ് ചെയ്തതോടെ ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചെയ്സിങ്ങുകളുടെ ഭാഗമായി വീണ്ടു ശ്രദ്ധ നേടിയിരിക്കുകയാണ് പ്രഭ്‌സിമ്രാന്‍.
ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് രണ്ട് തവണ 250+ പിന്തുടര്‍ന്ന് വിജയിച്ചപ്പോഴും പ്രഭ്‌സിമ്രാന്റെ പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു പഞ്ചാബ് കൂറ്റന്‍ റണ്‍ ചെയ്സ് നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെയായിരുന്നു പഞ്ചാബ് മറികടന്നിരുന്നത്.
ജോണി ബെയര്‍സ്റ്റോ സെഞ്ച്വറി നേടി തിളങ്ങിയ മത്സരത്തില്‍ പ്രഭ്‌സിമ്രാന്റെ അര്‍ധ സെഞ്ച്വറിയും പഞ്ചാബിന്റെ ചരിത്ര വിജയത്തില്‍ തിളങ്ങി നിന്നു. 20 പന്തുകളില്‍ നിന്നും നാല് ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 54 റണ്‍സായിരുന്നു പഞ്ചാബ് കിങ്സ് ഓപ്പണര്‍ നേടിയിരുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബ് വീണ്ടും 250+ റണ്‍സ് ചെയ്സിങ് നടത്തി വീണ്ടും ചരിത്രം ആവര്‍ത്തിച്ചു. 2026 ഐ.പി.എല്‍ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു പഞ്ചാബിന്റെ റെക്കോഡ് ജയം.
കെ.എല്‍ രാഹുലിന്റെ 151 റണ്‍സിന്റെ കരുത്തില്‍ ക്യാപിറ്റല്‍സ് നേടിയ 264 റണ്‍സ് ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു പഞ്ചാബ് മറികടന്നത്. ഈ മത്സരത്തില്‍ 26 പന്തില്‍ 76 റണ്‍സ് നേടിയാണ് പ്രഭ്‌സിമ്രാന്‍ തിളങ്ങിയത്. ഒമ്പത് ഫോറുകളും അഞ്ച് സിക്‌സുകളും ആണ് താരം നേടിയത്.
Content Highlight: Prabhsimran Singh’s best performances in 250+ chases in T20
