1982ല്‍ ഈഡന്‍ ഗാര്‍ഡന്‍സിന്റെ ഗ്യാലറിയിലിരുന്ന ഒരു യുവാവ് ഇന്ന് മുത്തച്ഛനായിരിക്കാം. അന്ന് മനസ് ഭട്ടാചാര്യയുടെ ഗോള്‍ കണ്ട ഒരു കുട്ടി, ഒക്ടോബര്‍ ആറിന് സ്വന്തം മകന്റെ കൈപിടിച്ച് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയേക്കാം. അന്ന് ഫ്രാന്‍സെസ്‌കോലി ഈഡനിലൂടെ പന്തുമായി പാഞ്ഞപ്പോള്‍, ആരറിഞ്ഞു 44 വര്‍ഷങ്ങള്‍ക്കുശേഷം ഉറുഗ്വേ വീണ്ടും ഈ നഗരത്തിലേക്ക് മടങ്ങിവരുമെന്ന്?
കാലം മായ്ച്ചുകളയാന്‍ ശ്രമിച്ചാലും കൊല്‍ക്കത്ത ഫുട്‌ബോള്‍ ചില മത്സരങ്ങളെ മുറുകെപ്പിടിച്ചു നില്‍ക്കും. നഗരത്തിന്റെ ചുവരുകളിലും പഴയ പത്രത്താളുകളിലും ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത തലമുറകളുടെ ഓര്‍മകളിലും അവയുടെ ആരവം മുഴങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെയൊരു മത്സരത്തിന്റെ മൈതാനത്തേക്ക് 44 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു വാതില്‍ തുറക്കുകയാണ്.
2026 ഒക്ടോബര്‍ ആറ് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ രണ്ട് തവണ ലോകകപ്പ് വിജയിച്ച ഉറുഗ്വേയുമായി മത്സരിക്കുന്നു. ഈ കഥയുടെ യഥാര്‍ത്ഥ തുടക്കം 1982 ഫെബ്രുവരി 25നാണ്. വേദി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്. അന്ന് ഈ സ്റ്റേഡിയം ക്രിക്കറ്റിന്റെ മാത്രം കോട്ടയായിരുന്നില്ല. ഫുട്‌ബോളിന്റെ ശ്വാസമായിരുന്നു അവിടെ ഉയര്‍ന്നുനിന്നത്.
ലോകഫുട്‌ബോളിലെ മഹാശക്തികളിലൊന്ന് ഇന്ത്യന്‍ ടീമിന് മുന്നില്‍ ഉറുഗ്വേ. 1930 ല്‍ ആദ്യ ലോകകപ്പ് നേടിയ രാജ്യം.1950ല്‍ ബ്രസീലിനെ മാറക്കാനയില്‍ നിശ്ശബ്ദമാക്കിയ കരുത്ത്. നീലാകാശവും വെള്ളമേഘങ്ങളും പോലെ നിറമുള്ള ജേഴ്‌സിയില്‍ ലോകഫുട്‌ബോളിന്റെ രാജസിംഹാസനത്തില്‍ ഇരുന്ന ടീം.
1982ലെ ആദ്യ നെഹ്റു കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലായിരുന്നു ആ ഇന്ത്യ-ഉറുഗ്വേ മത്സരം. അന്നത്തെ ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ പേരുകള്‍ നോക്കൂ. അവ വായിക്കുമ്പോള്‍ പഴയ ഗ്യാലറിയില്‍ നിന്നുള്ള ആരവം കാതുകളില്‍ തിരിച്ചെത്തുന്നു.
മുന്നേറ്റത്തില്‍ മനസ് ഭട്ടാചാര്യ, ഷബീര്‍ അലി, മലയാളികളുടെ പ്രിയപ്പെട്ട സേവ്യര്‍ പയസ്, കാര്‍ത്തിക് സേത്ത്, ബല്‍വീന്ദര്‍ സിങ്, സി. ബി. ഥാപ്പ. പരിശീലകനായി ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും വലിയ പേരുകളിലൊന്ന് പി. കെ. ബാനര്‍ജി.
കോടിക്കണക്കിന് രൂപയുടെ കരാറുകളുടെയും ടെലിവിഷന്‍ റൈറ്റുകളുടെയും കാലമായിരുന്നില്ല അന്ന്. ജേഴ്‌സിയില്‍ രാജ്യത്തിന്റെ പേര്. കാലില്‍ ഒരു പന്ത്. ഗാലറിയില്‍ മിടിക്കുന്ന ആയിരക്കണക്കിന് ഹൃദയങ്ങള്‍. അത്രമാത്രം!
ആക്രമണത്തില്‍ അമാരോ നദാല്‍, ഹോര്‍ഹെ ഡാ സില്‍വ, വെനാന്‍സിയോ റാമോസ്. അതൊരു സാധാരണ ടീമായിരുന്നില്ല. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ വലിയ പേരുകളായി മാറിയ കളിക്കാരായിരുന്നു ആ കുപ്പായത്തില്‍. അതില്‍ ഏറ്റവും തിളങ്ങുന്ന താരം എന്‍സോ ഫ്രാന്‍സെസ്‌കോലി. മറ്റൊരു പേര് ഹോര്‍ഹെ ഡാ സില്‍വ.
1982 നെഹ്‌റു കപ്പിൽ ഉറുഗ്വേയുടെ മുന്നേറ്റം തടയുന്ന ഇന്ത്യൻ ഡിഫൻഡർ അലോക് മുഖർജി.
പന്തുരുണ്ടുതുടങ്ങി. എട്ടാം മിനിറ്റ്. ഉറുഗ്വേയുടെ അതിവേഗ ആക്രമണം. ഹോര്‍ഹെ ഡാ സില്‍വയുടെ ആദ്യ പ്രഹരം. 0-1. ഗ്യാലറി താടാകത്തിലെ വെള്ളം പോലെ അനങ്ങാതെ നിന്നു.
23-ാം മിനിറ്റില്‍ വീണ്ടും ഡാ സില്‍വ. 0-2. ഇന്ത്യ രണ്ടു ഗോളിന് പിന്നില്‍. എന്നാല്‍, ആ ഇന്ത്യന്‍ തലമുറ എളുപ്പത്തില്‍ മുട്ടുമടക്കുന്ന സംഘമായിരുന്നില്ല.
35-ാം മിനിറ്റ്. പന്ത് ഇന്ത്യയുടെ നിയന്ത്രണത്തില്‍. ബിദേശ് ബോസിന്റെ നീളന്‍ ക്രോസ് മൈതാനത്തിന്റെ മറുവശത്തേക്ക് അമ്പുപോലെ പാഞ്ഞു. വലതുവിങ്ങിലൂടെ ടച്ച് ലൈനിന് സമാന്തരമായി ഒരാള്‍ കുതിക്കുന്നു.
1982 നെഹ്‌റു കപ്പിൽ യുഗോസ്ലാവിയക്കെതിരെയുള്ള മനസ് ഭട്ടാചാര്യയുടെ മുന്നേറ്റം.
മനസ് ഭട്ടാചാര്യ. പന്ത് നിലംതൊടാന്‍ കാത്തുനില്‍ക്കാതെ, അയാള്‍ കാലുയര്‍ത്തി. ഒരു നിമിഷം. ഒരു ശ്വാസം. പിന്നെ – മിന്നല്‍! ആംഗുലര്‍ ഷോട്ട് ഉറുഗ്വേയുടെ പോസ്റ്റിലേക്ക് കുത്തിപ്പാഞ്ഞു.
നീണ്ടുനിന്ന നിശ്ശബ്ദതയ്ക്ക് ശേഷം ഒരു നഗരം ഒറ്റയടിക്ക് ശ്വാസം വീണ്ടെടുത്തതുപോലെ, ഈഡന്‍ ഗാര്‍ഡന്‍സ് ഒന്നിച്ചലറി. അതൊരു ഗോള്‍ മാത്രമായിരുന്നില്ല. ലോക ഫുട്‌ബോളിലെ രാജാക്കന്മാരുടെ മുന്നില്‍ ഇന്ത്യ സധൈര്യം വാള്‍ ഊരിയ നിമിഷമായിരുന്നു.
1980കളില്‍ ഇന്ത്യന്‍ മൈതാനങ്ങളില്‍ വലതുവിങിലൂടെ കാറ്റിനെ വെല്ലുവിളിച്ച് അതിവേഗത്തില്‍ പാഞ്ഞിരുന്ന പേരായിരുന്നു മനസ് ഭട്ടാചാര്യ. അയാളുടെ ഓട്ടം പകര്‍ത്തിവെക്കാന്‍ അന്ന് സ്റ്റേഡിയങ്ങളിലെ ആയിരക്കണക്കിന് കണ്ണുകള്‍ മാത്രം. അയാളുടെ ഗോളുകള്‍ കാലത്തിനപ്പുറത്തേക്ക് കാത്തുസൂക്ഷിക്കാന്‍ ആരാധകരുടെ ഹൃദയങ്ങള്‍ മാത്രം.
1982 നെഹ്റു കപ്പില്‍ മനസിന്റെ കളി മറ്റൊരു തലത്തിലായിരുന്നു. കൊറിയക്കെതിരായ 2-2 സമനിലയില്‍ ഒരു ഗോള്‍. ഉറുഗ്വേയ്ക്കെതിരെ ഒരു ഗോള്‍. യുഗോസ്ലാവിയക്കെതിരെയും സ്‌കോര്‍ ചെയ്തു. അഞ്ച് കളികളില്‍ ഇന്ത്യ നേടിയ ആറ് ഗോളുകളില്‍ മൂന്നും മനസിന്റെ പേരില്‍.
1982 നെഹ്‌റു കപ്പിലെ ഇന്ത്യൻ ഫുട്ബോൾ ടീം.
ആ മൂന്ന് ഗോളുകള്‍ ഇന്നും ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു ചോദ്യം പോലെ നില്‍ക്കുന്നു. അത്രയും വലിയൊരു ടൂര്‍ണമെന്റില്‍, ശക്തരായ എതിരാളികള്‍ക്കെതിരെ, ഇത്രയും ഗോളുകള്‍ നേടിയ മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടാവുമോ ?
ആ വര്‍ഷം ഉറുഗ്വേ ചാമ്പ്യന്മാരായി. ഫൈനലില്‍ ചൈനയെ 2-0ന് തോല്‍പ്പിച്ച് കിരീടമുയര്‍ത്തി. കാലം പിന്നെയും 44 വര്‍ഷങ്ങള്‍ പിന്നിട്ടു. ചരിത്രം പന്തുപോലെയാണ്. അത് മുന്നോട്ടാണ് ഉരുളുക. പക്ഷേ, അപൂര്‍വമായി ചിലപ്പോള്‍ അത് പഴയ മൈതാനങ്ങളിലേക്ക് തിരിഞ്ഞോടും.
1982ല്‍ ഈഡന്‍ ഗാര്‍ഡന്‍സിന്റെ ഗ്യാലറിയിലിരുന്ന ഒരു യുവാവ് ഇന്ന് മുത്തച്ഛനായിരിക്കാം. അന്ന് മനസ് ഭട്ടാചാര്യയുടെ ഗോള്‍ കണ്ട ഒരു കുട്ടി, ഒക്ടോബര്‍ ആറിന് സ്വന്തം മകന്റെ കൈപിടിച്ച് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയേക്കാം. അന്ന് ഫ്രാന്‍സെസ്‌കോലി ഈഡനിലൂടെ പന്തുമായി പാഞ്ഞപ്പോള്‍, ആരറിഞ്ഞു 44 വര്‍ഷങ്ങള്‍ക്കുശേഷം ഉറുഗ്വേ വീണ്ടും ഈ നഗരത്തിലേക്ക് മടങ്ങിവരുമെന്ന്?
ഇനി ഈഡന്‍ ഗാര്‍ഡന്‍സ് അല്ല, സാള്‍ട്ട്‌ലേക്ക് ആണ് വേദി. മൈതാനത്ത് വീണ്ടും വെള്ളയും നീലയും നിറങ്ങള്‍ വരയും. ഒരു വശത്ത് ഇന്ത്യ. മറുവശത്ത് ഉറുഗ്വേ. മനസ് ഭട്ടാചാര്യയുടെ ഗോളുകള്‍ പിറന്ന അതേ നഗരത്തില്‍, പുതിയ തലമുറയിലെ ഇന്ത്യന്‍ കളിക്കാര്‍ സ്വന്തം കഥ എഴുതാന്‍ ഇറങ്ങും.
ഇത്തവണ ഗ്യാലറിയില്‍ മൊബൈല്‍ ഫോണുകളുടെ വെളിച്ചമുണ്ടാകും. വലിയ സ്‌ക്രീനുകളുണ്ടാകും. ലോകത്തിന്റെ പല കോണുകളിലേക്കും മത്സരം തത്സമയം പടരും. പന്ത് അതേ പന്താണ്. ഗ്യാലറിയില്‍ അതേ ഹൃദയമിടിപ്പാണ്. പക്ഷേ, ചോദ്യം പഴയ ഓര്‍മ്മകളുടേതല്ല.
44 വര്‍ഷങ്ങള്‍ക്കുശേഷം, ഉറുഗ്വേയുടെ മുന്നില്‍ പുതിയ ഇന്ത്യ എന്ത് ചെയ്യും. ഉത്തരം എഴുതേണ്ടത് ചരിത്രമല്ല. സാള്‍ട്ട്‌ലേക്ക് മൈതാനത്ത് ഇറങ്ങുന്ന ഇന്നത്തെ ഇന്ത്യന്‍ ടീമാണ്.
Content Highlight: MM Jaffer Khan writes about the history of the India-Uruguay match