തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രതിഷേധിച്ചു. കേരള സര്‍വകലാശാലയില്‍ ദേശീയ കായിക ദിനാചരണ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരായ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്ക് ഇന്നലെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് (സെപ്തംബര്‍ രണ്ട്, ബുധന്‍) എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.

ഇന്ന് ഉച്ചക്ക് 12 മണിയോടെ ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനടുത്തെത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിക്കുകയുമായിരുന്നു.

പ്രതിഷേധക്കാരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ബാരിക്കേഡുവെച്ച് പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തകള്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.

പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി നില്‍ക്കുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ‘ആര്‍.എസ്.എസിനെതിരെ പ്രതിഷേധിച്ചതിന് യു.ഡി.എഫ് സര്‍ക്കാരിന് പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയത്.

ഇതിനിടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ജല പീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്. പി.എസ്. സഞ്ജീവ് അടക്കമുള്ളവര്‍ക്ക് നേര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജ് നടന്നതോടെ സി.പി.ഐ.എം നേതാക്കളായ വി. ശിവന്‍കുട്ടി വി. ജോയി അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും ചെയ്തു.

പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ബോധവൂര്‍വം ആക്രമണമുണ്ടായെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വി. ജോയ് പറഞ്ഞു. ഇന്നലെ ഒരു പ്രകോപനവും ഇല്ലാതെയാണ് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ആക്രമിച്ചതെന്നും ജോയ് പറഞ്ഞു.

നാല് സ്ഥലത്ത് നിന്നും വളഞ്ഞാണ് പൊലീസ് അടിച്ചത്. ഇന്നലെ മൃഗീയമായാണ് വിദ്യാര്‍ത്ഥികളെ അടിച്ചത്. എന്നാല്‍ ബാരിക്കേഡ് തട്ടിയിട്ടാണ് മുഖം കീറിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്നും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വളരെ മൃഗീയമായാണ് പൊലീസ് അതിക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരത്തിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക് സര്‍ക്കാരും കോണ്‍ഗ്രസും ഒത്താശ ചെയ്യുന്നതിനെതിരെ കേരള സര്‍വകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനുനേരെ ഉണ്ടായ പോലീസ് അതിക്രമം അത്യന്തം അപലപനീയമാണെന്ന് വി. ശിവന്‍ കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘യാതൊരു പ്രകോപനവുമില്ലാതെ പോലീസ് നടത്തിയ ഏകപക്ഷീയമായ ആക്രമണത്തില്‍ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യപ്രസാദ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജി ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് പരിക്കേറ്റു. പ്രിയ സഖാക്കളെ നേരില്‍ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.

ലാത്തിച്ചാര്‍ജ്ജ് കൊണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വീര്യത്തെ അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടതില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സഖാക്കള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു,’ ശിവന്‍കുട്ടി പറഞ്ഞു.

ഇന്നലെ എസ്.എഫ്.ഐ മാര്‍ച്ചിനു നേര്‍ക്കുണ്ടായി ലാത്തിച്ചാര്‍ജില്‍ പെണ്‍കുട്ടികളെ അടക്കം പുരുഷ പൊലീസുകാര്‍ അതിക്രൂരമായി മര്‍ദിച്ചതായി സംഘടനാ നേതാക്കള്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദിന് തലയ്ക്ക് അടിയേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റതായും നേതാക്കള്‍ പറഞ്ഞിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിയുടെ കണ്ണിന് താഴെയും ഗുരുതരമായി പരിക്കേറ്റതായാണ് നേതാക്കള്‍ അറിയിച്ചത്. മാര്‍ച്ചിനിടെ പൊലീസ് നടത്തിയ നടപടിക്കെതിരെ എസ്.എഫ്.ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പുരുഷ പൊലീസുകാര്‍ മര്‍ദിച്ചത് അംഗീകരിക്കാനാകില്ലെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Police Lathi Charge against SFI March