വാഷിങ്ടണ്‍: ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം യു.എസിന്റെ ആയുധ ശേഖരം കുറഞ്ഞന്ന വാര്‍ത്ത ആരാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന അന്വേഷണത്തിന്റെ ഭാഗമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പെന്റഗണ്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരംഭിച്ചെതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.
സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫിലെ ഏകദേശം 50 അംഗങ്ങള്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പെന്റഗണ്‍ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്‍, സൈനിക ഉദ്യോഗസ്ഥര്‍ രഹസ്യ വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയോ എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എസ് ആയുധ ശേഖരത്തില്‍ ക്ഷാമമുണ്ടെന്ന് ഈ വര്‍ഷം ജൂലൈയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ പോലുള്ള ചില യുദ്ധോപകരണങ്ങള്‍ നിയന്ത്രണങ്ങളോടെ മാത്രമാണ് സൈന്യത്തിന് ഉപയോഗിക്കാനായി അനുവദിക്കുന്നതെന്നും അത്തരം റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകളെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. യു.എസിന്റെ പക്കല്‍ ധാരാളം യുദ്ധോപകരണങ്ങളുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. ചില സങ്കീര്‍ണ വസ്തുക്കള്‍ സൈന്യത്തിന് കൂടുതലായി ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദീര്‍ഘദൂര മിസൈലുകള്‍, പേട്രിയറ്റ് എയര്‍ ഡിഫന്‍സ് ഇന്റര്‍സെപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ആയുധങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്ന് കഴിഞ്ഞ മാസവും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നുണ പരിശോധന.
അതേസമയം ഇത്തരത്തില്‍ ഒരു അന്വേഷണമോ നുണപരിശോധനയോ ആരംഭിച്ചിട്ടുണ്ടെന്ന കാര്യം പെന്റഗണ്‍ തുറന്ന് സമ്മതിച്ചിട്ടില്ല. സൈനിക വിവരങ്ങള്‍ ചോര്‍ത്തിയത് ഗുരുതര വിഷയമാണെന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ‘രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്ന നമ്മുടെ സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രഹസ്യ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നത് നിര്‍ണായകമാണ്,’ എന്നും പാര്‍നെല്‍ കൂട്ടിച്ചേര്‍ത്തു.
സൈനിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സൈനിക ഉദ്യോഗസ്ഥരോട് ട്രംപ് പല തവണ ആവശ്യപ്പെട്ടിരുന്നു. യു.എസ് ആയുധ ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇറാനെതിരായ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ യു.എസ് മാധ്യമങ്ങള്‍ കൊടുക്കുന്ന രീതിയും രാജ്യദ്രോഹപരമാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തിരുന്നു.
1,500 നും 2,000 നും ഇടയില്‍ സൈനിക, സിവിലിയന്‍ ജീവനക്കാര്‍ അടങ്ങുന്നതാണ് യു.എസ് സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫ്. ആഗോളതലത്തിലുള്ള യു.എസ് സൈനിക നീക്കങ്ങളുടെ ഏകോപനവുമായി ബന്ധപ്പെട്ട് ജോയിന്റ് സ്റ്റാഫ് നിര്‍ണായക പങ്ക് വഹിക്കുന്നു.
നിലവില്‍ വിവരം ചോര്‍ത്തിയവരെ കണ്ടെത്താനും ഭാവിയില്‍ വിവരം ചോര്‍ത്താന്‍ സാധ്യതയുള്ളവരെ തടയാനുമാണ് സൈന്യത്തിന്റെ അന്വേഷണം എന്ന് ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിയുന്നവര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആധുനിക ചരിത്രത്തില്‍ ഒരിക്കലും യു.എസ് സായുധ സേനയിലെ ഉന്നതര്‍ വ്യാപകമായ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരായിട്ടില്ല. ഇത് ഒരു അഭൂത പൂര്‍വമായ നടപടിയാണെന്ന് നിയമ-സൈനിക വിദഗ്ധര്‍ പറയുന്നു.
തുടര്‍ച്ചയായ ചോര്‍ച്ചകള്‍ പെന്റഗണിനുള്ളില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം കൂടുതല്‍ ആഴത്തിലാക്കിയിട്ടുണ്ടെന്ന് നിലവിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ മാനേജ്മെന്റ് ശൈലിയാണ് ഇതിന് കാരണമെന്നും അവര്‍ ആരോപിക്കുന്നു.
Content Highlight: Top US military officials face lie-detectors in leak investigation: reports
