ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ അമേരിക്കന്‍ മതനേതാക്കള്‍ തങ്ങളെ കബളിപ്പിച്ചതാണെന്നും തെറ്റിധരിപ്പിച്ചാണ് പരിപാടിയിലേക്ക് എത്തിച്ചതെന്നും വ്യക്തമാക്കി രംഗത്ത്. ഇത് ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ‘വണ്‍ വേള്‍ഡ് വണ്‍ ഹ്യൂമാനിറ്റി’ എന്ന പരിപാടിയില്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുമെന്ന കാര്യം സംഘാടകര്‍ തങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ മത നേതാക്കളായ റവ. ആഡ്രിയന്‍ തോര്‍ണും ഇമാം ശംസി അലിയും തുറന്നടിച്ചു.

തങ്ങള്‍ക്ക് ലഭിച്ച ഔദ്യോഗിക ക്ഷണങ്ങളില്‍ ആര്‍.എസ്.എസിന്റെയോ മോഹന്‍ ഭാഗവതിന്റെയോ പേര് പരാമര്‍ശിച്ചിരുന്നില്ലെന്നും ഇതൊരു പൊതുവായ സര്‍വ്വമത സംഗമമാണെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പരിപാടിക്ക് ശേഷമാണ് ഇതൊരു ഹിന്ദു ദേശീയവാദ സംഘടനയുടെ പരിപാടിയാണെന്ന് മനസിലായതെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.

തങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ ഒരു തെറ്റായിപ്പോയെന്നും യഥാര്‍ത്ഥ വിവരങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ക്ഷണണം നിരസിക്കുമായിരുന്നുവെന്നും മതനേതാക്കള്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും വിവേചനങ്ങളിലും ആര്‍.എസ്.എസിന്റെ പങ്ക് വ്യക്തമാക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാണിച്ച തോര്‍ണ്‍, ഈ യാഥാര്‍ത്ഥ്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി. മോഹന്‍ ഭാഗവതാണ് മുഖ്യാതിഥിയെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം ചടങ്ങിലെ തന്റെ സാന്നിധ്യം ആര്‍.എസ്.എസിന്റെ ആശയങ്ങളെയോ ഹിന്ദുത്വരാഷ്ട്രീയത്തെയോ പിന്തുണയ്ക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടതിനെയുെ തോര്‍ണ്‍ തള്ളിക്കളഞ്ഞു.

എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മോഹന്‍ ഭാഗവതിന്റെ പങ്കാളിത്തം മുന്‍കൂട്ടി വെളിപ്പെടുത്താത്തതെന്നാണ് സംഘാടകരുടെ വിശദീകരണം. എങ്കിലും ആളുകളെ കബളിപ്പിച്ച് ഇത്തരം ചടങ്ങുകളില്‍ എത്തിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് നേതാക്കള്‍ തുറന്നടിച്ചു.

 

Content Highlight: “We weren’t told Mohan Bhagwat would attend; we were misled”: US religious leaders object to being included in an event alongside the RSS chief.