വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കങ്ങളും ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചതും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ ശരാശരി ഡീസൽ വില സർവകാല റെക്കോഡിലെത്തി.

വെള്ളിയാഴ്ച രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഡീസൽ വില ഗാലണിന് 5.85 ഡോളറായി കുതിച്ചുയർന്നു. ഫെബ്രുവരി 28 ന് യു.എസ്–ഇസ്രഈൽ സംയുക്ത ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഡീസൽ നിരക്ക് ഇത്രയും ഉയർന്ന നിലയിലെത്തുന്നത്.

ഫെബ്രുവരി 28 ൽ ഗാലണിന് 3.76 ഡോളറായിരുന്ന ഡീസൽ വിലയിൽ ഇതുവരെ 56 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡീസലിനൊപ്പം സാധാരണ പെട്രോൾ വിലയും കുതിക്കുകയാണ്. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കനുസരിച്ച് നിലവിൽ പെട്രോൾ വില ഗാലണിന് 4.15 ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.20 ഡോളറായിരുന്നു.

ചരിത്രത്തിലാദ്യമായാണ് ലേബർ ഡേ സമയത്ത് അമേരിക്കയിൽ പെട്രോൾ വില 4 ഡോളറിന് മുകളിലെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്ന 70 ഡോളറിൽ നിന്ന് ബാരലിന് 95 ഡോളറിന് മുകളിലേക്ക് ഉയർന്നതും പശ്ചിമേഷ്യയിലെ വിതരണ തടസങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പിന്നിൽ.

ട്രക്കിങ്, കൃഷി, വ്യാവസായിക ഉത്പ്പാദനം എന്നിവയിലെല്ലാം ഡീസൽ പ്രധാന ഇന്ധനമായതിനാൽ, ഈ വിലവർധനവ് ചരക്കുനീക്ക-ഉത്പ്പാദന ചെലവുകൾ കുത്തനെ കൂട്ടിയിട്ടുണ്ട്. വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവയുൾപ്പെടെ ട്രക്കുകൾ, ട്രെയിനുകൾ, കപ്പലുകൾ വഴി വിതരണം ചെയ്യുന്ന ഉത്പ്പന്നങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും വലിയ തോതിൽ വില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ഇതിനകം തന്നെ ഓൺലൈൻ ഡെലിവറികൾക്കും തപാൽ പാഴ്സലുകൾക്കും ബിസിനസ് സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽ നിന്ന് അധിക സർചാർജുകൾ ഈടാക്കിത്തുടങ്ങി. ഡീസൽ വില ഉയർന്ന നിലയിൽ തുടർന്നാൽ വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതച്ചെലവും ഇനിയും രൂക്ഷമാകും.

നവംബറിലെ നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ സാമ്പത്തിക തിരിച്ചടി റിപ്പബ്ലിക്കൻ പാർട്ടിക്കും ട്രംപ് ഭരണകൂടത്തിനും കനത്ത രാഷ്ട്രീയ തലവേദനയാകുന്നു. പണപ്പെരുപ്പവും യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങളും കൈകാര്യം ചെയ്യുന്നതിൽ ട്രംപിന്റെ ജനപ്രീതി വലിയ തോതിൽ ഇടിഞ്ഞു.

ഫെബ്രുവരി 28-ന് ഇറാനെതിരെ യു.എസും ഇസ്രഈലും ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിട്ടതോടെയാണ് നിലവിലെ പ്രതിസന്ധികൾക്ക് തുടക്കമായത്. തുടർന്ന് മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്കും ഇസ്രഈൽ അധിനിവേശ പ്രദേശങ്ങൾക്കും നേരെ ഇറാൻ മിസൈൽ–ഡ്രോൺ ആക്രമണം ശക്തമാക്കി. ഏപ്രിൽ 7-ന് വെടിനിർത്തൽ നിലവിൽ വരികയും, തർക്കങ്ങൾ പരിഹരിക്കാൻ 60 ദിവസത്തെ നയതന്ത്ര ചർച്ചകൾക്കായി ജൂൺ 18-ന് ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്ക വീണ്ടും വ്യോമാക്രമണങ്ങൾ നടത്തിയതോടെ ഇറാന്റെ തിരിച്ചടിയും തുടർനടപടികളും കടുത്തു.

നിലവിൽ ഹോർമുസ് കടലിടുക്കിലൂടെ ചൈന പോലുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് ഇറാൻ അനുമതി നൽകുന്നത്. ആക്രമണകാരികളായ രാജ്യങ്ങളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും കപ്പലുകൾക്ക് ഏർപ്പെടുത്തിയ സമ്പൂർണ വിലക്ക് ആഗോള എണ്ണവിപണിയെയും യു.എസിനെയും ഒരുപോലെ വരിഞ്ഞുമുറുക്കുകയാണ്.

Content Highlight:War on Iran Backfires: US Diesel Prices Hit Record High.