ജനീവ: വരും മാസങ്ങളിൽ എൽ നിനോ അസാധാരണമായ തോതിൽ ശക്തമാകുമെന്നും 2027 ന്റെ തുടക്കം വരെ നീണ്ടുനിൽക്കുമെന്നും ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ള്യു.എം.ഒ) മുന്നറിയിപ്പ്. ഇത് ലോകമെമ്പാടും രൂക്ഷമായ വരൾച്ച, വെള്ളപ്പൊക്കം, കടുത്ത ചൂട് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. വരുന്ന ഫെബ്രുവരി വരെ എൽ നിനോ തുടരാൻ ഏതാണ്ട് 100 ശതമാനം സാധ്യതയുണ്ടെന്ന് യു.എൻ കാലാവസ്ഥാ ഏജൻസി വ്യാഴാഴ്ച വ്യക്തമാക്കി.

മധ്യ, കിഴക്കൻ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില വർധിപ്പിക്കുന്ന ഈ പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസം, ആഗോളതലത്തിൽ കാറ്റിന്റെ ഗതി, അന്തരീക്ഷമർദ്ദം, മഴയുടെ അളവ് എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

കാലാവസ്ഥാ ശാസ്ത്രജ്ഞർ കഴിഞ്ഞ 40 വർഷമായി എൽ നിനോയുടെ ശക്തിയും ചൂടും രേഖപ്പെടുത്താൻ ഒരു നിശ്ചിത അളവുകോൽ (ചാർട്ട്/ഗ്രാഫ്) ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ എൽ നിനോ ആ അളവുകോലുകളുടെ പരിധിയും കടന്ന്, ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമാകാൻ സാധ്യതയുണ്ടെന്നാണ് ഡബ്ള്യു.എം.ഒ തലവൻ സെലസ്റ്റെ സൗലോ വ്യക്തമാക്കിയത്.

സമുദ്രങ്ങളിൽ അടിഞ്ഞുകൂടുന്ന ചൂട് അന്തരീക്ഷത്തിലേക്ക് വളരെ സാവധാനത്തിലാണ് പുറന്തള്ളപ്പെടുന്നത്, ഇത് തൊട്ടടുത്ത വർഷം ആഗോള താപനില വീണ്ടും ഉയരാൻ ഇടയാക്കും എന്ന് അദ്ദേഹം പറഞ്ഞു. ‘2023-24-ലെ ശക്തമായ എൽ നിനോ ആണ് 2024-നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാക്കാൻ ഇടയാക്കിയത്. ആ റെക്കോർഡ് തകർക്കപ്പെട്ടാൽ നാം അത്ഭുതപ്പെടേണ്ടതില്ല,’ സൗലോ കൂട്ടിച്ചേർത്തു.

‘എൽ നിനോ ഇതിനകം പൂർണമായി രൂപപ്പെട്ടു കഴിഞ്ഞു, വരും മാസങ്ങളിൽ ഇത് അതിശക്തമായ ഒന്നായി മാറും. ഇത് മഴയിലും താപനിലയിലുമുണ്ടാക്കുന്ന മാറ്റങ്ങൾ വെള്ളപ്പൊക്കം, വരൾച്ച, അത്യുഷ്ണം തുടങ്ങിയ കടുത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകും,’ ഡബ്ള്യു.എം.ഒ വിലയിരുത്തി.

ഭൂമി ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു.
‘എൽ നിനോ നമ്മുടെ കൺമുന്നിൽ അതിഭീമാകാരമായി വളരുകയാണ്. ശാസ്ത്രം സംശയത്തിന് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നു; ഈ ഭൂമി ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, സമുദ്രങ്ങൾ തിളച്ചുമറിയുകയാണ്. കടലിൽ ഉപരിതല താപനില ഉയരുന്നു, ആഗോള താപനില കുതിച്ചുയരുന്നു, ലോകം തീവ്ര കാലാവസ്ഥയുടെ അപകടമേഖലയിലാണ്,’ ഗുട്ടെറസ് പറഞ്ഞു.

ഉഷ്ണമേഖലാ പസഫിക്കിലെ അസാധാരണമായ ചൂടുള്ള സമുദ്രസാഹചര്യങ്ങൾ കാരണം, വരും മാസങ്ങളിൽ എൽ നിനോ അതിശക്തമായ നിലയിലേക്ക് വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ള്യു.എം.ഒ വ്യക്തമാക്കി. എൽ നിനോയെ ദുർബലം, മിതമായത് , ശക്തം , അതിശക്തം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് യു.എൻ ഏജൻസി തരംതിരിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന നാലാമത്തെ ഘട്ടത്തിലേക്ക് ഇത് എത്തുമെന്നാണ് കണക്കാക്കുന്നത്.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഏതാണ്ട് എല്ലാ കരപ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഡബ്ള്യു.എം.ഒ പ്രവചിക്കുന്നു. ഒപ്പം ശക്തമായ പസഫിക് എൽ നിനോയുടെ സ്വാഭാവിക പ്രതിഫലനമായി മഴയുടെ പാറ്റേണുകളിൽ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്നും ഏജൻസി അറിയിച്ചു.

Content Highlight:Record-breaking, extremely strong El Niño is coming; World Meteorological Organization says it will continue until 2027.