ദോഹ: മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഭൂരിഭാഗവും യു.എസ് സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സിവിലിയന്‍ മേഖലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി ഖത്തര്‍. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് സമര്‍പ്പിച്ച സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഖത്തറിലെ പ്രധാന മേഖലകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ നേരിട്ടുള്ള ആക്രമണങ്ങള്‍ ഏപ്രില്‍ ഒന്നോടെ അവസാനിച്ചിരുന്നുവെന്നും, ഇവയില്‍ ഏതാണ്ട് എല്ലാ ആക്രമണങ്ങളും യു.എസ് സൈനിക കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 18ന് റാസ് ലഫാനിലെ ഗ്യാസ് പളാന്റുകള്‍ക്ക് നേരെ നടന്ന ആക്രമണമാണ് സിവിലിയന്‍ മേഖലയുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെട്ട ഏക സംഭവം. നിലവില്‍ ഹോര്‍മുസിലാണ് സംഘര്‍ഷ സാധ്യതകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും, ഇത് തത്ക്കാലം ഖത്തറിന് നേരിട്ട് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഖത്തറിന്റെ ഈ ഔദ്യോഗിക റിപ്പോര്‍ട്ട് തങ്ങളുടെ വാദങ്ങള്‍ക്ക് ബലമേകുന്നതാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായ് പ്രതികരിച്ചു. പൊതുജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളെയും ഒഴിവാക്കി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 18ന് ആക്രമിക്കപ്പെട്ട കേന്ദ്രം ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങള്‍ക്കായി ഉപയോഗിച്ചതിനാലാണ് നടപടിയുണ്ടായതെന്നും ഇറാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, റെസിഡന്‍ഷ്യല്‍ പരിസരങ്ങള്‍, വിവാഹ ചടങ്ങുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമങ്ങളുടെ ഒരു നീണ്ട റെക്കോര്‍ഡ് അമേരിക്കയ്ക്കുണ്ടെന്നും ഇറാനിയന്‍ വക്താവ് പറഞ്ഞു.
Content Highlight: Iran targeted only U.S. military bases; Qatari report corroborates Iran’s claim.
