മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവൻ. പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ 1973-ൽ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂഡൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ എന്നീ ചിത്രങ്ങളിൽ വിജയ രാഘവൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

വിജയ രാഘവൻ. Photo. X.com
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ പാർവതി, മാത്യൂസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ് വിജയരാഘവന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ.
ജീവിതം ആസ്വദിച്ചുകൊണ്ട് ഒരു കാര്യത്തിലും വ്യാകുലപ്പെടാതെ മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് താനെന്നു പറയുകയാണ് വിജയരാഘവൻ. 56 വർഷത്തോളം അഭിനയരംഗത്ത് സജീവമായി നിൽക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് താൻ കാണുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
‘ജീവിതത്തിൽ ഞാൻ ഒന്നിനെക്കുറിച്ചും അത്രയും വേവലാതിപ്പെടുന്ന ആളല്ല. ജീവിതം ആഘോഷിക്കാനുള്ളതാണ്. എന്നെ ഒന്നുമത്ര അലട്ടാറില്ല. എന്നെ അലട്ടുന്ന ഒരേയൊരു കാര്യം ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മാത്രമാണ്. ഞാൻ ഭയങ്കര സന്തോഷവാനാണ്, ഇത്രയും നല്ലൊരു ജീവിതം ലഭിച്ചില്ലേ, ഞാൻ അഭിനയം ആരംഭിച്ചിട്ട് ശരിക്കും 56 വർഷമായി. അപ്പോൾ ഇത്രയും കാലം സിനിമയിൽ നിൽക്കാൻ പറ്റി എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്,’ നടൻ പറഞ്ഞു.
എൻ. എൻ. പിള്ള എന്ന വലിയ മനുഷ്യന്റെ മകനായി ജനിക്കാൻ സാധിച്ചതും, സമൂഹത്തിന് കുഴപ്പക്കാരല്ലാത്ത മക്കളെ വളർത്താൻ സാധിച്ചതും ഭാഗ്യമായാണ് കാണുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

വിജയ രാഘവൻ. Photo. Screen Grab/ Youtube
‘വലിയൊരു അച്ഛന്റെ മകനായി ജനിക്കാൻ പറ്റി. നാടകത്തിൽ അഭിനയിക്കാൻ പറ്റി. അഭിനയത്തിൽ തന്നെ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. ഇതിൽ കൂടുതൽ എന്ത് വേണം പിന്നെ എന്റെ മക്കളാണെങ്കിലും വലിയ കുഴപ്പക്കാരല്ലാത്ത ആളുകളാണ്. അതാകും ഏറ്റവും വലിയ ഭാഗ്യം.
ഞാൻ ഈ ലോകത്തുനിന്നും പോകുമ്പോൾ മിച്ചം വെച്ചുപോകുന്നത് എന്റെ മക്കളെയാണ്. അപ്പോൾ അവർ ഈ സമൂഹത്തിന് വലിയ കുഴപ്പക്കാർ അല്ലാത്ത രീതിയിൽ വളർന്നു എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം,’ വിജയരാഘവൻ പറഞ്ഞു.
