ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ മലയാള സിനിമകളിലൊന്നായിരുന്നു 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. നസ്‌ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി. പ്രേമലുവിന്റെ വിജയാഘോഷവേളയില്‍ അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്‌തെങ്കിലും അടുത്തിടെ ചിത്രം ഉപേക്ഷിച്ചെന്ന് പലരും സ്ഥിരീകരിച്ചു.

പ്രേമലു 2 ഡ്രോപ്പാകാനുള്ള കാരണത്തെക്കുറിച്ച് പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നസ്‌ലെന്‍ കാരണമാണ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതെന്നായിരുന്നു പലരുടെയും ആരോപണം. ഇതിനെക്കുറിച്ച് കൃത്യമായ വിവരം എവിടെയും ലഭ്യമല്ല. ഇപ്പോഴിതാ പ്രേമലു 2നെ രാജാവിന്റെ മകനുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. ഈ സിനിമയെക്കാള്‍ അതിന്റെ പിന്നാമ്പുറ കഥകളാണ് സിനിമാപ്രേമികള്‍ക്ക് സുപരിചിതം. സംവിധായകന്‍ തമ്പി കണ്ണന്താനം ഈ കഥ ആദ്യം മമ്മൂട്ടിയോടായിരുന്നു പറഞ്ഞതെന്നും മമ്മൂട്ടിക്ക് ഇഷ്ടമാകാത്തതുകൊണ്ട് മോഹന്‍ലാലിനെ വെച്ച് ചെയ്യേണ്ടി വന്നതെന്നുമാണ് കഥ.

മമ്മൂട്ടിയോടുള്ള ഈഗോ കാരണം തമ്പി കണ്ണന്താനം മോഹന്‍ലാലിനെ വെച്ച് ചെയ്യുകയും ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്‌തെന്ന ഡെന്നീസ് ജോസഫിന്റെ വാക്കുകള്‍ ഇന്നും ചര്‍ച്ചയാണ്. പ്രേമലു 2ന്റെ കാര്യത്തില്‍ ഈ ചരിത്രം ആവര്‍ത്തിച്ചേക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നു. നസ്‌ലെനെ മമ്മൂട്ടിയായും ഗിരീഷ് എ.ഡിയെ തമ്പി കണ്ണന്താനമായും പലരും ചിത്രീകരിക്കുന്നു.

പ്രേമലു 2ന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി മറ്റൊരു കഥയായി അവതിരിപ്പിക്കാന്‍ ഗിരീഷ് എ.ഡിയോട് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ട്. സിനിമാപേജുകളില്‍ നസ്‌ലെന്റെ എതിരാളിയായി പലരും ഉയര്‍ത്തിക്കാട്ടുന്ന സന്ദീപ് പ്രദീപിനെ നായകനാക്കാനും ഇത്തരം പോസ്റ്റുകളില്‍ പറയുന്നു. അങ്ങനെ ചരിത്രം ആവര്‍ത്തിക്കട്ടെയെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

ഗിരീഷ് എ.ഡിയുടെ ലൈനപ്പില്‍ ഒരു ചിത്രം സന്ദീപിനെ നായകനാക്കിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപിനെയും അനശ്വരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള ചിത്രം അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രേമലു 2 ഉപേക്ഷിക്കാന്‍ കാരണം നസ്‌ലെന്‍ വലിയ പ്രതിഫലം ചോദിച്ചതുകൊണ്ടാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ആരോപിച്ചതും സിനിമാപേജുകളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: Comparison post between Premalu 2 and Rajavinte Makan viral