വനിതാ ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിങ് തെരഞ്ഞെടുത്തു.

മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാര്‍ ഇരുവരും ചേര്‍ന്ന് പാകിസ്ഥാന് നല്‍കിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ നിലംപൊത്തിയത്.

അഞ്ചാം ഓവറിന്റെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുബീന അലിയുടെ വിക്കറ്റാണ് പാകിസ്ഥാന് ആദ്യം നഷ്ടപ്പെട്ടത്. ഷെഫാലി വര്‍മയുടെ പന്തില്‍ ബൗള്‍ഡായി 15 പന്തില്‍ 13 റണ്‍സുമായാണ് മുബീന അലി പുറത്തായത്.

ശേഷം പാക് ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ കൂടി പാകിസ്ഥാന്‍ വലിച്ചെറിഞ്ഞു.

ആറാം ഓവറില്‍ ഗുല്‍ ഫിറോസയെയും (നാല് പന്തില്‍ പൂജ്യം), ഷവാല്‍ സുല്‍ഫിഖറിനെയും (14 പന്തില്‍ 14) പുറത്താക്കി ശ്രീ ചാരിണി വേട്ടയ്ക്ക് തുടക്കമിട്ടു. നാലാം നമ്പറിലെത്തിയ അയേഷ സഫറിനെയും (ഏഴ് പന്തില്‍ രണ്ട്) മടക്കി ചാരിണി തിളങ്ങി.

പ്രേമ റാവത് സദാഫ് ഷാംസിനെയും (എട്ട് പന്തില്‍ മൂന്ന്) ദീപ്തി ശര്‍മ ക്യാപ്റ്റന്‍ ഫാത്തിമ സനയെയും (ഏഴ് പന്തില്‍ പൂജ്യം) പുറത്താക്കിയതോടെ 27/0 എന്ന നിലയില്‍ നിന്നും 35/6 എന്ന നിലയിലേക്ക് പാകിസ്ഥാന്‍ വീണു.

എന്നാല്‍ തുടര്‍ന്നും ആ ഡോമിനേഷന്‍ കാത്തുസൂക്ഷിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനെ വെറും 55 റണ്‍സിന് എറിഞ്ഞൊതുക്കി.

ഇന്ത്യയ്ക്കായി പ്രേമ റാവത്തും ശ്രീ ചാരിണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി. അയ്മന്‍ ഫാത്തിമ റണ്‍ ഔട്ടായപ്പോള്‍ ഷെഫാലി വര്‍മ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇതിനോടകം രണ്ട് മത്സരം വിജയിച്ച ഇന്ത്യ സെമി ഫൈനലും ഉറപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ വിജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ സെമി കളിക്കാന്‍ ഇന്ത്യ്ക്കാകും.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുബീന അലി, ഷവാല്‍ സുല്‍ഫിക്കര്‍, ഗുല്‍ ഫിറോസ (വിക്കറ്റ് കീപ്പര്‍), അയേഷ സഫര്‍ സദാഫ് ഷാംസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), അയ്മന്‍ ഫാത്തിമ, ഉമ്മെ ഹാനി, തൂബ ഹസന്‍, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, പ്രതീക റാവല്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഭാരതി ഫുള്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പ്രേമ റാവത്ത്, നന്ദിനി ശര്‍മ, ശ്രീ ചാരിണി, ക്രാന്തി ഗൗഡ്.

 

Content Highlight: Women’s Asia Cup 2026: IND W vs PAK W: Pakistan’s batting collapse