2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ഒരു ബാക്കപ്പ് ഓപ്പണറായി താന്‍ കാണുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫര്‍.

സഞ്ജുവിന്റെ സാങ്കേതിക തികവും പവര്‍ ഹിറ്റിങ് ശേഷിയും കണക്കിലെടുക്കുമ്പോള്‍ 50 ഓവര്‍ ഫോര്‍മാറ്റ് ബാറ്റിങ് ഓര്‍ഡറില്‍ മിഡില്‍ ഓര്‍ഡറിലാണ് താരം കൂടുതല്‍ അനുയോജ്യനെന്നും ജാഫര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മികച്ച ഓപ്ഷനുകള്‍ നിലവില്‍ ഇന്ത്യക്കുണ്ടെന്നും, താരം ടി-20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസീം ജാഫര്‍.

‘സഞ്ജു തന്റെ അവസാന ഏകദിന മത്സരത്തില്‍ തീര്‍ച്ചയായും ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. അവന്‍ ആവശ്യത്തിന് ഏകദിന ക്രിക്കറ്റ് കളിച്ചിട്ടുള്ള ആളാണ്, പ്രകടനത്തിലെ സ്ഥിരത എപ്പോഴും അവനൊരു പ്രശ്‌നമായിരുന്നു.

സഞ്ജു സാംസണേക്കാള്‍ മികച്ച കുറച്ച് ഓപ്ഷനുകള്‍ നിലവില്‍ ഇന്ത്യക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജുവിനെ ടി-20 ക്രിക്കറ്റ് മാത്രം കളിക്കാന്‍ സ്വതന്ത്രനായി വിടുകയാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു,’ വസീം ജാഫര്‍ പറഞ്ഞു.

സഞ്ജു സാംസണ്‍

2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ഓരോ സ്ഥാനത്തേക്കും കൃത്യമായ ബാക്കപ്പുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാര്‍. സഞ്ജു സാംസണ്‍ മികച്ച ഫോമിലാണെങ്കിലും ടീമിന്റെ നിലവിലെ ഘടന അനുസരിച്ച് ഓപ്പണിങ് റോളില്‍ സഞ്ജുവിനെ പരിഗണിക്കുന്നത് പ്രായോഗികമല്ലെന്നാണ് ജാഫറിന്റെ വിലയിരുത്തല്‍.

‘ഏകദിനത്തില്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തന്നെയാണ് ഇന്ത്യയുടെ സ്വാഭാവിക ഓപ്പണര്‍മാര്‍. മൂന്നാം ഓപ്പണറെന്ന നിലയില്‍ യശസ്വി ജയ്‌സ്വാളാണ് നിലവില്‍ ഏറ്റവും മുന്നിലുള്ളത്. അതിനാല്‍ സഞ്ജുവിനെ ഒരു ഓപ്പണിങ് ബാക്കപ്പായി പരിഗണിക്കുന്നതില്‍ പ്രസക്തിയില്ല.

സഞ്ജു സാംസണ്‍

മിഡില്‍ ഓര്‍ഡറിലും വിക്കറ്റ് കീപ്പര്‍ റോളിലും നിലവില്‍ വലിയ മത്സരമാണ് നടക്കുന്നത്. കെ. എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചവരാണ്. അതിനാല്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അവന്‍ കളിക്കുകയാണെങ്കില്‍ അത് മിഡില്‍ ഓര്‍ഡറില്‍ മാത്രമായിരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഓര്‍ഡര്‍ ബാറ്ററായും വിക്കറ്റ് കീപ്പര്‍ ഫിനിഷറായും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കിയാല്‍ മാത്രമേ സഞ്ജുവിന് 2027 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Content highlight: Wasim Jaffer says he does not see Sanju Samson as a backup opener for the 2027 ODI World Cup.