വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 56 റണ്‍സിന്റെ വിജയലക്ഷ്യം 8.4 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുമ്പോട്ട് കുതിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. നേരത്തെ തന്നെ ഇന്ത്യ സെമി ഫൈനലുറപ്പിച്ചതിനാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാവുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍മനും സംഘവും കളത്തിലിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 27 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും തുടര്‍ന്നുള്ള ബാറ്റിങ് തകര്‍ച്ചയില്‍ ഫാത്തിമ സനയുടെ സംഘം പടുകുഴിയിലേക്ക് വീഴുകയായിരുന്നു.

അഞ്ചാം ഓവറിന്റെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുബീന അലിയെ മടക്കി ഷെഫാലി വര്‍മയാണ് വേട്ടയ്ക്ക് തുടക്കമിട്ടത്. 15 പന്തില്‍ 13 റണ്‍സുമായാണ് മുബീന മടങ്ങിയത്.

മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ശേഷം വെറും ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ കൂടി പാകിസ്ഥാന്‍ വലിച്ചെറിഞ്ഞു.

ആറാം ഓവറില്‍ ഗുല്‍ ഫിറോസയെയും (നാല് പന്തില്‍ പൂജ്യം), ഷവാല്‍ സുല്‍ഫിഖറിനെയും (14 പന്തില്‍ 14) പുറത്താക്കി ശ്രീ ചാരിണി വേട്ടയ്ക്ക് തുടക്കമിട്ടു. നാലാം നമ്പറിലെത്തിയ അയേഷ സഫറിനെയും (ഏഴ് പന്തില്‍ രണ്ട്) മടക്കി ചാരിണി തിളങ്ങി.

പ്രേമ റാവത് സദാഫ് ഷാംസിനെയും (എട്ട് പന്തില്‍ മൂന്ന്) ദീപ്തി ശര്‍മ ക്യാപ്റ്റന്‍ ഫാത്തിമ സനയെയും (ഏഴ് പന്തില്‍ പൂജ്യം) പുറത്താക്കിയതോടെ 27/0 എന്ന നിലയില്‍ നിന്നും 35/6 എന്ന നിലയിലേക്ക് പാകിസ്ഥാന്‍ വീണു.

എന്നാല്‍ തുടര്‍ന്നും ആ ഡോമിനേഷന്‍ കാത്തുസൂക്ഷിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാനെ വെറും 55 റണ്‍സിന് എറിഞ്ഞൊതുക്കി.

രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

ഇന്ത്യയ്ക്കായി പ്രേമ റാവത്തും ശ്രീ ചാരിണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി. അയ്മന്‍ ഫാത്തിമ റണ്‍ ഔട്ടായപ്പോള്‍ ഷെഫാലി വര്‍മ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും തുടക്കം പാളി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ആറ് പന്തില്‍ 12 റണ്‍സടിച്ച ഷെഫാലി വര്‍മയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. റിട്ടേണ്‍ ക്യാച്ചിലൂടെ പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ഷെഫാലിയെ മടക്കിയത്.

 

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച സ്മൃതി മന്ഥാനയെ വിക്കറ്റ് മുമ്പില്‍ കുടുക്കിയ ഫാത്തിമ സന മത്സരത്തിലെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. ഒമ്പത് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

മൂന്ന് പന്തില്‍ നാല് റണ്‍സടിച്ച പ്രതീക റാവലിനെയും ഫാത്തിമ സന മടക്കിയെങ്കിലും ദീപ്തി ശര്‍മയെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ഹര്‍മന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഹര്‍മന്‍ 18 പന്തില്‍ 18 റണ്‍സും ദീപ്തി 14 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.

ഗ്രൂപ്പ് എ-യില്‍ ശേഷിക്കുന്ന ഹോങ് കോങ് – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളാകും ഇന്ത്യയ്‌ക്കൊപ്പം സെമിയില്‍ പ്രവേശിക്കുക.

 

Content Highlight: Women’s Asia Cup 2026: India defeated Pakistan