ഒന്നിന് പിന്നാലെ ഒന്നായി മികച്ച സിനിമകളിലൂടെ ആരാധാകരെ വിസ്മയിപ്പിച്ച മമ്മൂട്ടി 75ാം വയസിലേക്ക് കടക്കുകയാണ്. പ്രായത്തെ വെറും അക്കങ്ങളാക്കിക്കൊണ്ട് സിനിമാപ്രേമികളെ ഞെട്ടിക്കുന്ന മമ്മൂട്ടി ഈ വര്‍ഷം ദേശീയ അവാര്‍ഡടക്കം സ്വന്തമാക്കി ചരിത്രമെഴുതിയിരുന്നു. താരമെന്ന നിലയില്‍ അത്ര നല്ല വര്‍ഷമല്ല മമ്മൂട്ടിക്ക് 2026.

നായകനായി വേഷമിട്ട പേട്രിയറ്റ് വന്‍ പരാജയമായതും ചത്താ പച്ചയിലെ അതിഥിവേഷവും മമ്മൂട്ടിയുടെ ആരാധകര്‍ക്ക് നല്‍കിയ നിരാശ ചെറുതല്ല. അസുഖബാധിതനായതിന്റെ അവശതകള്‍ ഈ സിനിമകളില്‍ പ്രകടമായിരുന്നു. എന്നാല്‍ ഇനി വരാനുള്ള മമ്മൂട്ടിയുടെ പ്രൊജക്ടുകള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

 

പിറന്നാള്‍ ദിനത്തില്‍ ഡബിള്‍ ട്രീറ്റാണ് ഫാന്‍സിനായി ഒരുക്കിയിട്ടുള്ളത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- നിതീഷ് സഹദേവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലുമാണ് ആദ്യം എത്തുന്നത്. സെപ്റ്റംബര്‍ ഏഴിന് അര്‍ധരാത്രി 12.01ന് ഫസ്റ്റ് ലുക്ക് പുറത്തുവിടും. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ഒമ്പതാമത്തെ ചിത്രം പക്കാ ഗ്യാങ്സ്റ്റര്‍ എന്റര്‍ടൈനറാണ്.

നിതീഷ് സഹദേവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന്റെ ഓളം അവസാനിക്കുമ്പോഴേക്ക് പുതിയ ഒരു അപ്‌ഡേറ്റ് കൂടി മമ്മൂട്ടിയുടേതായി പുറത്തുവരും. തമിഴ് ചിത്രമായ ഓമില്‍ മമ്മൂട്ടിയുടെ ക്യാരക്ടര്‍ റിവീല്‍ വീഡിയോ നാളെ പുറത്തുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സിയാ/ കാര്‍ത്തികേയ എന്ന കഥാപാത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്.

അമരന്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് മമ്മൂട്ടിയുടേത്. ചിത്രത്തിന്റെ ഫസ്റ്റ് സിംഗിളില്‍ സിയയുടെ ചെറിയൊരു ഗ്ലിംപ്‌സ് ആരാധകരെ വലിയ രീതിയില്‍ ആവേശത്തിലാക്കിയിരുന്നു.

ഈ രണ്ട് അപ്‌ഡേറ്റുകള്‍ക്ക് പുറമെ പുതിയ പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്‌തേക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരുപാട് കാലമായി കേള്‍ക്കുന്ന അമല്‍ നീരദ് പ്രൊജക്ടാകും ഇതിലൊന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖാലിദ് റഹ്‌മാനൊപ്പമുള്ള മട്ടാഞ്ചേരി മാഫിയയുടെ അപ്‌ഡേറ്റും പുറത്തുവരുമെന്ന് ആരാധകര്‍ കരുതുന്നു. 75ാം വയസില്‍ കൈനിറയെ പ്രൊജക്ടുകളുമായി മമ്മൂട്ടി കളംനിറയുകയാണ്.

Content Highlight: Two big updates from Mammootty on his birthday