കോഴിക്കോട്: തിരുവനന്തപുരം ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും രമ്യ ഹരിദാസ് എം.എല്‍.എയും തമ്മിലുണ്ടായ സംഘര്‍ഷവും കയ്യാങ്കളിയുമായി ബന്ധപ്പെട്ട പാര്‍ട്ടി തല അന്വേഷണമുണ്ടാവുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫ്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം. ഹസന് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായി മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ജോസഫ് അറിയിച്ചു.

ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നത്. അതുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തിയ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്കെതിരെ കൃത്യമായിട്ടുള്ള സംഘടനാപരമായ അച്ചടക്ക നടപടികളുണ്ടാവും. നാളെ തന്നെ അന്വേഷണ നടപടികള്‍ ആരംഭിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയോടെയാണ് ഈ പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞത്. മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളുമായി ഈ വിഷയത്തില്‍ കൂടിയാലോചന നടത്തി. തുടര്‍ന്നാണ് എം.എം. ഹസനെ അന്വേഷണ ചുമതല ഏല്‍പിച്ചതെന്നും സണ്ണി ജോസഫ് അറിയിച്ചു.

‘മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ എല്ലാവരും ഇന്നലെയും ഇന്നുമായിട്ട് ക്യാമ്പില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഞാന്‍ അറിയുന്നത് ഏതായാലും അത് ഗൗരവത്തില്‍ തന്നെ കാണുകയാണ്.

ആ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, വര്‍ക്കിങ് പ്രസിഡന്റുമാര്‍ അടക്കം ഞങ്ങള്‍ എല്ലാവരും കൂടിയാലോചിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെ തന്നെ അത് അന്വേഷിക്കുന്നതിനു വേണ്ടി ചുമതലപ്പെടുത്തി. അടിയന്തര അന്വേഷണത്തിനു വേണ്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫോണില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയാറ്റിന്‍കര സനലിനെയും വിളിച്ചിരുന്നു. നാളെ തന്നെ അന്വേഷണ നടപടികള്‍ ആരംഭിക്കും,’ സണ്ണി ജോസഫ് പറഞ്ഞു.

പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ തന്നെ ചായക്കുടിക്കാന്‍ വിളിച്ച് വരുത്തി മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. എന്നാല്‍ എം.എല്‍.എയും സംഘവും വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് മറുപക്ഷവും വാദിക്കുന്നു. തുടര്‍ന്നുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കമാണ് സ്ഥലത്തെത്തിയ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയിലേക്ക് കലാശിച്ചത്.

കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ഔദ്യോഗിക ബന്ധമില്ലാത്ത, എം.എല്‍.എയുമായി അടുത്ത ബന്ധമുള്ളയാളായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.

പുറത്തുനിന്നൊരാള്‍ യോഗത്തില്‍ പങ്കെടുത്തതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് സജാദ് തന്നെ ചായ കുടിക്കാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് എം.എല്‍.എ പറയുന്നത്.

എം.എല്‍.എയും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ സജാദും പങ്കാളിയും ആരോപിച്ചു. സജാദിട്ട ഫേസ്ബുക്ക് പോസ്റ്റ് മകളെക്കൊണ്ട് നിര്‍ബന്ധിച്ച് വായിപ്പിച്ചെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എ അഭിനയിക്കുകയാണെന്നും തന്റെ കൈ പിടിച്ച് തിരിച്ചെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും ആരോപിച്ചു.

സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. സജാദും പങ്കാളിയും നല്‍കിയ പരാതിയിലാണ് രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഭാരവാഹികളായ ഏഴ് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Fight between Ramya Haridas and Local Congress leadership- MM Hassan Will Inquire