അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. നാടകരംഗത്ത് നിന്ന് വന്ന താരം എല്ലാതരം വേഷങ്ങളും ചെയ്ത് സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. സമീപകാലത്ത് വിജയരാഘവന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് ഗംഭീരമായിരുന്നെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
നവാഗതനായ ഷഹാദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന പ്രഥദൃഷ്ട്യാ കുറ്റക്കാരാണ് വിജയരാഘവന്റെ ഏറ്റവും പുതിയ ചിത്രം. മികച്ച താരനിരയും ടെക്‌നിക്കല്‍ ക്രൂവും അണിനിരക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്പാണ് ലഭിച്ചത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് വിജയരാഘവന്റേതെന്ന് ടീസര്‍ സൂചന നല്‍കുന്നു.

വിജയ രാഘവൻ. Photo. Screen Grab/ Youtube
കരിയറില്‍ ചെയ്തവയില്‍ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. ചില കഥാപാത്രങ്ങള്‍ ഗംഭീരമായി ചെയ്താലും ആ സിനിമ പരാജയമാകുമെന്നും അക്കാരണം കൊണ്ട് ആ പ്രകടനത്തിന് അര്‍ഹിച്ച പ്രശംസ ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘ചില സിനിമകളില്‍ നമ്മള്‍ നല്ല പെര്‍ഫോമന്‍സ് നടത്തിയാലും ആ പടം വേണ്ടത്ര ശ്രദ്ധ നേടില്ല. ഉദാഹരണത്തിന് ലീല എന്ന പടം. അതില്‍ ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്. കരിയറില്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ലീലയിലെ കുട്ടിയപ്പന്‍. ആ പടം വേണ്ടത്ര ഓടിയില്ല. അതോടെ എല്ലാം പോയില്ലേ. ആ കഥാപാത്രത്തിന്റെ മാനറിസവും ഇന്നസെന്‍സും എന്നിങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിച്ച് ചെയ്തതായിരുന്നു. പക്ഷേ പടം ഓടാത്തത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നാണ്.

അതുപോലെ ചില സിനിമകള്‍ ഓടാതിരിക്കുന്നതും സങ്കടം നല്‍കുന്ന കാര്യമാണ്. ഒരു നിര്‍മാതാവ് അയാളുടെ ജീവിതത്തിലെ വലിയൊരു സമ്പാദ്യമല്ലേ ആ സിനിമക്ക് വേണ്ടി ചെലവാക്കുന്നത്. പത്തുകോടി മുടക്കി സിനിമയെടുക്കണമെങ്കില്‍ ആ പൈസക്ക് വേണ്ടി അയാള്‍ എത്ര മിച്ചം വെച്ചിട്ടാകും ഉണ്ടാക്കിയത്? പടം നല്ലതായാല്‍ മാത്രം പോര, ആളുകള്‍ക്ക് ഇഷ്ടമാവുകയും കൂടി വേണം. എന്നാലേ കാര്യമുള്ളൂ,’ വിജയരാഘവന്‍ പറഞ്ഞു.
ക്യാമറക്ക് മുന്നിലും പിന്നിലും മികച്ച നിരയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ അണിനിരക്കുന്നത്. പാര്‍വതി തിരുവോത്ത്, ഉണ്ണിമായ പ്രസാദ്, സിദ്ധാര്‍ത്ഥ് ഭരതന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം സെപ്റ്റംബര്‍ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Vijayaraghavan about his character in Leela movie
