മീലാദുന്നബി ആഘോഷങ്ങളിൽ സ്ത്രീകൾ പങ്കാളികളാകുന്നതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടുത്തകാലത്തിറക്കിയ നിർദ്ദേശവും, അതിന്റെ വിശദീകരണമെന്നോണം പൊതുവിടങ്ങളിലെ മുസ്‌ലിം സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളും കേരളത്തിൽ വീണ്ടുമൊരു പതിവു രാഷ്ട്രീയനാടകത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.
ഒരു മതസംഘടന തങ്ങളുടെ അനുഭാവികൾക്ക് ഒരു നിർദ്ദേശം നൽകുന്നു, അതിലെ പ്രമുഖ പണ്ഡിതന്മാർ തന്നെ അത് വിശദീകരിക്കുന്നു, രാഷ്ട്രീയ നേതാക്കൾ അതിനെ അപലപിക്കുന്നു, സാംസ്കാരിക പ്രവർത്തകർ ഭരണഘടനാ മൂല്യങ്ങൾ ഓർമ്മിപ്പിക്കുന്നു, ടെലിവിഷൻ ചാനലുകൾ ഏതാനും ദിവസത്തേക്ക് ‘സ്ത്രീ സ്വാതന്ത്ര്യം’ എന്ന വിഷയം ആഘോഷമാക്കുകയും ചെയ്യുന്നു.
മതപരമായ പരിപാടികളിൽ അന്യപുരുഷന്മാർക്കിടയിലേക്ക് സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും, അവർ ഇടകലരരുതെന്നും ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷങ്ങൾ നടത്തുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മഹല്ല്, മദ്രസ ഭാരവാഹികളോട് നിർദ്ദേശിക്കുന്നതായിരുന്നു സമസ്തയുടെ സർക്കുലർ.

ഇസ്‌ലാമിക മുൻഗണനകൾ മുൻനിർത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഈ നിലപാടിനെ പിന്നീട് കൂടുതൽ വിശദീകരിക്കുകയും ന്യായീകരിക്കുകയും ചെയ്തു.
മതസ്വാതന്ത്ര്യവും സുന്നി സ്ത്രീയുടെ കർതൃത്വവും
ഇതിനോടുള്ള പ്രതികരണങ്ങൾ സ്വാഭാവികമായും മുൻകൂട്ടി പ്രവചിക്കാവുന്നവ തന്നെയായിരുന്നു. സമസ്തയുടെ നിലപാട് കാലഹരണപ്പെട്ടതാണെന്നും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും സി.പി.എം. സെക്രട്ടറിയേറ്റ് അംഗം കെ.കെ. ശൈലജ പ്രതികരിച്ചു.
ഇന്ന് മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടി ജനപ്രതിനിധികളും ന്യായാധിപന്മാരും അഭിഭാഷകരും ഡോക്ടർമാരും അധ്യാപകരും ശാസ്ത്രജ്ഞരുമായി പൊതുമണ്ഡലത്തിൽ സജീവമാണെന്ന് അവർ ഓർമ്മിപ്പിച്ചു.
ഒരുപടി കൂടി കടന്ന്, സ്ത്രീകളെപ്പറ്റി “പ്രദർശനം” എന്ന വാക്ക് ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത പി.കെ. ശ്രീമതി, ഐ.യു.എം.എൽ. നേതാവ് ഫാത്തിമ തഹ്‌ലിയയോട് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. ഇസ്‌ലാമിക ചരിത്രത്തെ കാന്തപുരം തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്ന് വി.ഡി. സതീശൻ പറഞ്ഞു.

ഈ പ്രതികരണങ്ങളിൽ പക്ഷേ അദ്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ, ഈ കോലാഹലങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ മറവിയിലാകുന്ന ചില ചോദ്യങ്ങളുണ്ട്. സമസ്ത മുന്നോട്ടുവെക്കുന്ന മതപരമായ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു സുന്നി മുസ്‌ലിം സ്ത്രീയെ സംബന്ധിച്ച് ഈ നിർദ്ദേശത്തിന്റെ അർത്ഥമെന്താണ്? ഇത് സമസ്തയുടെ നിലപാടിനോട് ഒരാൾ യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യമല്ല.മതപരമായ നിയമങ്ങളെ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന വാദവുമല്ല ഇത്. മറിച്ച് ഇതൊരു രീതിശാസ്ത്രപരമായ ചോദ്യമാണ്.
പൊതു സംവാദങ്ങളിൽ മുസ്‌ലിം സ്ത്രീകളെ വെറും കാഴ്ചക്കാരോ ഇരകളോ ആയിട്ടല്ല, മറിച്ച് സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന വ്യക്തികളായി കാണണമെങ്കിൽ, അവരുടെ മതപരമായ ബോധ്യങ്ങളെയും ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ആ ബോധ്യങ്ങൾ അധീശത്വം പുലർത്തുന്ന ആധുനിക ഉദാരവാദ സങ്കൽപ്പങ്ങളുമായി ഒത്തുപോകുന്നില്ല എന്നു കരുതി, മുസ്‌ലിം സ്ത്രീകളെ ആലോചന ശേഷിയില്ലാത്തവരായി അവതരിപ്പിക്കുന്നത് ശരിയായ നിലപാടല്ല.
ഇവിടെ ആദ്യമായി വേർതിരിച്ചു മനസ്സിലാക്കേണ്ട കാര്യം മതപരമായ ആശയവിനിമയവും ബലപ്രയോഗവും തമ്മിലുള്ള വ്യത്യാസമാണ്.
ഒരു മതസംഘടന തങ്ങളുടെ അനുയായികളോട് ചില വസ്ത്രധാരണ രീതികളോ ശാരീരിക പെരുമാറ്റങ്ങളോ ലിംഗപരമായ അകലങ്ങളോ പാലിക്കൽ മതപരമായി നിർബന്ധമാണെന്ന് വ്യക്തമാക്കുന്നത്, കേവലം ആ കാരണം കൊണ്ടുമാത്രം ഭരണകൂട അധികാരത്തിന്റെ പ്രയോഗമാകുന്നില്ല.
ഭരണഘടനയുടെ 25-ാം അനുച്ഛേദം പൗരന്മാർക്ക് വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. അതുകൊണ്ട് തന്നെ മതസ്വാതന്ത്ര്യം എന്നത് ഉള്ളിലൊതുക്കുന്ന വിശ്വാസത്തെ മാത്രമല്ല, ആചാരങ്ങളുടെ ലോകത്തെക്കൂടിയാണ് ഉൾക്കൊള്ളുന്നത്.
ഒരു മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കാൻ താല്പര്യപ്പെടുന്നതും, പർദ്ദ ധരിക്കുന്നതും, അന്യപുരുഷന്മാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും, മിശ്ര പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതും മതപരമായ മാനങ്ങളുള്ള അവരുടെ സ്വന്തം തിരഞ്ഞെടുപ്പാണ്.
അതുപോലെ, ഒരു മതപണ്ഡിതൻ തന്റെ സമുദായത്തോട് ഇത്തരം നിർദ്ദേശങ്ങൾ ഓർമ്മിപ്പിക്കുന്നത് മതപരമായ ചുമതലയുടെ വ്യാഖ്യാനവും ആ നിലക്കുള്ള ഉത്തരവാദിത്വ നിർവഹണവുമാണ്. ഇത് രണ്ടുമൊരിക്കലും സ്വയമേവ ഒരു ഭരണഘടനാ ലംഘനമാകുന്നില്ല.
മതപരമായ നിർദ്ദേശങ്ങൾ ബലപ്രയോഗത്തിലൂടെയോ, അക്രമത്തിലൂടെയോ, നിയമവിരുദ്ധമായ വേർതിരിവുകളിലൂടെയോ, വ്യക്തിസ്വാതന്ത്ര്യം തടയുന്നതിലൂടെയോ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ മാത്രമാണ് ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർന്നുവരുന്നത്.
വിധേയത്വത്തിനപ്പുറമുള്ള ഏജൻസി
എന്നാൽ ഇപ്പോഴത്തെ സംവാദങ്ങളിൽ വിചിത്രമായ കാഴ്ചപ്പാടാണ് നിലനിൽക്കുന്നത്. ഒരു മതപരമായ നിയമം നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് മാത്രം അത് ‘അടിച്ചമർത്തലാണ്’ എന്നും, ഒരു മതേതര നിയമം വ്യക്തിഗത സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് മാത്രം അത് ‘വിമോചന’പരമാണെന്നുമാണ് കരുതപ്പെടുന്നത്.
എന്നാൽ, ലഭ്യമായതിൽ വെച്ച് ഏറ്റവും ലിബറലായ ജീവിതരീതി തിരഞ്ഞെടുക്കാൻ പോലും ഭരണഘടന പൗരന്മാരെ നിർബന്ധിക്കുന്നില്ല. ഒരു സ്ത്രീക്ക് മതപരമായ അച്ചടക്കമുള്ള ജീവിതം തിരഞ്ഞെടുക്കാം. തീർച്ചയായും, മതാത്മകമായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിൽ, മറ്റുള്ളവർക്ക് ‘നിയന്ത്രണം’ എന്ന് തോന്നിയേക്കാവുന്ന ഒരു ജീവിതരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ട്.
കൈറോയിലെ സ്ത്രീകളുടെ മസ്ജിദ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനത്തിൽ, ഫെമിനിസ്റ്റ് തിയറികൾ കർതൃത്വത്തെ/ഏജൻസിയെ എപ്പോഴും ‘വിധേയത്വത്തോടുള്ള പ്രതിരോധം’ ആയി മാത്രം നിർവ്വചിക്കുന്നതിനെ പ്രമുഖ നരവംശ ശാസ്ത്രജ്ഞയായ സബാ മഹ്മൂദ് ചോദ്യം ചെയ്യുന്നുണ്ട്. സ്ത്രീകൾ ദൈവഭക്തിയുള്ളവരാകുമ്പോൾ പാട്രിയാർക്കി ഇല്ലാതാകുന്നു എന്നതല്ല അവരുടെ വാദം.
മറിച്ച്, ലിബറൽ ഫെമിനിസം ‘വിധേയത്വം’ എന്ന് മുദ്രകുത്തുന്ന ആചാരങ്ങളിലൂടെ തന്നെയാണ് സ്ത്രീകൾ തങ്ങളുടെ ധാർമ്മികമായ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് എന്നാണ് സബാ മഹ്മൂദ് ചൂണ്ടിക്കാണിക്കുന്നത്.

നരവംശ ശാസ്ത്രജ്ഞയായ സബാ മഹ്മൂദ്
ഈ വ്യത്യാസം മനസ്സിലാക്കൽ അത്യന്താപേക്ഷിതമാണ്. ഒരു സ്ത്രീ ശിരോവസ്ത്രം അണിയുന്നത് ആരോ നിർബന്ധിച്ച് അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതുകൊണ്ടല്ല, മറിച്ച് അടക്കവും ഒതുക്കവും ഒരു ധാർമ്മിക ആചാരമായി അവൾ മനസ്സിലാക്കുന്നതുകൊണ്ടാണ്.
അന്യപുരുഷന്മാരുള്ള ഇടങ്ങൾ അവൾ ഒഴിവാക്കുന്നത് ആത്മവിശ്വാസമില്ലാത്തതുകൊണ്ടല്ല, മറിച്ച് ലിംഗപരമായ വേർതിരിവിന് അവൾ ധാർമ്മികമായ അർത്ഥം നൽകുന്നതുകൊണ്ടാണ്. അവൾ പണ്ഡിതന്മാരുടെ വാക്ക് കേൾക്കുന്നത് ചിന്തിക്കാൻ ശേഷിയില്ലാത്തതുകൊണ്ടല്ല, മറിച്ച് അനുസരണം എന്നത് സദ്ഗുണമുള്ളൊരു ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതുന്നതുകൊണ്ടാണ്.
അതായത്, അവരുടെ ഏജൻസി അല്ലെങ്കിൽ കർതൃത്വം നിലനിൽക്കുന്നത് മതനിയമങ്ങളോടുള്ള എതിർപ്പിലല്ല, മറിച്ച് ആ നിയമങ്ങളിലൂടെയുള്ള സ്വയം നവീകരണത്തിലാണ്. ഇവിടെ ഭക്തിപൂർവ്വമായ ആചാരങ്ങളെ കേവലം ഒരു പ്രാകൃത കാലത്തിന്റെ അവശിഷ്ടമായി കാണാൻ കഴിയില്ല.
ആധുനികതയുടെ അന്തരീക്ഷത്തിലും ഇടത്തിലും നിന്നുകൊണ്ട് തന്നെയാണ് മുസ്‌ലിം സ്ത്രീകൾ തങ്ങളുടെ ധാർമ്മികതയെയും ശാരീരിക പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നത്.അതുകൊണ്ട് തന്നെ ഏതുതരം ജീവിതമാണ് തനിക്ക് മൂല്യമുള്ളതെന്നാണ് ഒരു സ്ത്രീ കരുതുന്നത് എന്ന ചോദ്യമാണ് നാം ഉന്നയിക്കേണ്ടത്. അല്ലാതെ എന്തുകൊണ്ടാണ് അവൾ സ്വന്തം സ്വാതന്ത്ര്യത്തെ തടയാൻ മതത്തെ അനുവദിക്കുന്നത് എന്നതല്ല.
മാറുന്ന സുന്നി സ്ത്രീയും മാറാത്ത മതസ്ഥാപനങ്ങളും
സമസ്തയുടെ സർക്കുലറിനെയോ കാന്തപുരത്തിന്റെ വിശദീകരണത്തെയോ ഗൗരവമായി കാണുന്നു എന്നതിനർത്ഥം അതിനെ കണ്ണടച്ച് അംഗീകരിക്കലല്ല. കേരളത്തിനകത്തും പുറത്തും നടപ്പിലാക്കിയ ഒട്ടേറെ വിദ്യാഭ്യാസ സാമൂഹികക്ഷേമ പദ്ധതികളിലൂടെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസ്ഥാനമാണ് സമസ്തയും ഉസ്താദ് കാന്തപുരവും എന്നതും അംഗീകരിക്കപ്പെടേണ്ട വസ്തുതയാണ്. ഈ വസ്തുതകൾ മുഖവിലക്കെടുക്കുമ്പോൾ തന്നെ, സ്ത്രീകളുമായി ബന്ധപ്പെട്ട് സമസ്ത എടുക്കുന്നനിലപാടിന്റെ ഏറ്റവും വലിയ പരിമിതി, കേരളത്തിലെ സുന്നി മുസ്‌ലിം സ്ത്രീകളുടെ മാറുന്ന സാമൂഹികാവസ്ഥയെ അത് വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്നതാണ്.
മതസ്ഥാപനങ്ങൾ മുൻകാലങ്ങളിൽ ഭാവനയിൽ കണ്ട സ്ത്രീ സങ്കൽപ്പങ്ങൾക്ക് അകത്തല്ല ഇന്നത്തെ സുന്നി സ്ത്രീപോലും. അവൾ ഒരു സർവ്വകലാശാലാ വിദ്യാർത്ഥിനിയാകാം, ഡോക്ടറോ അധ്യാപികയോ സംരംഭകയോ ഗവേഷകയോ ഐ.എ.എസ്. ഉദ്യോഗസ്ഥയോ മാധ്യമപ്രവർത്തകയോ രാഷ്ട്രീയ പ്രവർത്തകയോ ആകാം.
ദിവസവും പലതരത്തിലുള്ള, പലപ്പോഴും വിരുദ്ധ സ്വഭാവമുള്ള സാമൂഹിക അന്തരീക്ഷങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് അവൾ കടന്നുപോകുന്നത്. പരമ്പരാഗതമായ രീതികളിലൂടെയോ സ്‌പേസുകളിലൂടെയോ വെച്ചല്ല അവർ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നത്. അവളുടെ മതബോധം കൂടുതൽ സ്വയംചിന്താപരവും വ്യക്തിഗതവുമായിക്കൊണ്ടിരിക്കുകയാണ്.
യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് അവൾ മതത്തെ കുറിച്ച് കൂടുതലും അറിയുന്നതും കേൾക്കുന്നതും. വിവിധ സ്ഥലങ്ങളിലെ വ്യത്യസ്തരായ മുസ്‌ലിം പണ്ഡിതന്മാരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ അവൾ പരസ്പരം ഒത്തുനോക്കുന്നുണ്ട്. ഫത്‌വകൾക്കും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും വേണ്ടി തൊട്ടടുത്തുള്ള ഉറവിടങ്ങളേക്കാൾ പുറം ലോകത്തെയാണ് അവർ കൂടുതലും ആശ്രയിക്കുന്നത്.

പ്രായോഗികമായ ചെറിയ കാരണങ്ങൾ മുതൽ വൈജ്ഞാനികമായ വലിയ കാരണങ്ങൾ വരെ ഇതിനു പിന്നിലുണ്ട്. ഇവിടെ ഒരു മതപണ്ഡിതനിലേക്കുള്ള ആക്സസിനേക്കാൾ കൂടുതൽ എളുപ്പത്തിൽ യു.എസിലെയോ യൂറോപ്പിലെയോ പണ്ഡിതന്മാരെ അവർക്ക് ബന്ധപ്പെടാൻ കഴിയുന്നുണ്ട്. അതും ഇവിടുത്തെ പണ്ഡിതന്മാരും സ്ഥാപനങ്ങളും സംഘടനകളും പ്രധാനപ്പെട്ടതെന്ന് കരുതുന്ന പണ്ഡിതന്മാർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീ പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും അവർ അടുത്തറിയുന്നു. ആ ബന്ധങ്ങളിലൂടെ ജോലി സ്ഥലത്തെ പെരുമാറ്റ രീതികൾ, ക്യാമ്പസ് സംസ്കാരം, കുടുംബത്തിന്റെ പ്രതീക്ഷകൾ, മതപരമായ നിർദ്ദേശങ്ങൾ എന്നിവയെ ഒരേസമയം സമന്വയിപ്പിക്കാൻ അവൾ കഠിനമായ പരിശ്രമം തന്നെ നടത്തുന്നു.
സമസ്തയുടെ വൈരുധ്യങ്ങളും നൈതിക അധികാരവും
ഇത്തരം പരിശ്രമങ്ങളുടെ ആത്മാർഥതയും ഗുണകാംക്ഷയും നാം തിരിച്ചറിയേണ്ടതുണ്ട്. അതിനു പകരം ഇവയെ മതത്തിനെതിരെയുള്ള നീക്കം എന്ന നിലയിൽ കാണുന്നതാണ് പൊതുവെയുള്ള ശീലം. എന്നാൽ സമസ്തപോലുള്ള സംവിധാനങ്ങൾക്ക് നിയന്ത്രണാധികാരമുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തന്നെ സമസ്തയുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ പ്രാക്ടീസുകൾ നടക്കുകയും അവക്ക് ദുർബലമായ മതകീയ ന്യായീകരണങ്ങൾ നൽകുകയും ചെയ്യുന്നത് ഈയിടെ കാണുന്ന ഒരു പതിവാണ്.
അവ നിരന്തരം കണ്ടുകൊണ്ടിരിക്കുകയും, ഒരു പക്ഷെ അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരോടാണ്, മറ്റു ചില കാര്യങ്ങളിൽ സമസ്ത അനുപാതരഹിതമായ കാർക്കശ്യം പുലർത്തുന്നത്.
സമസ്തയുടെ അഭിമാന പദ്ധതികളിൽ ഒന്നായ നോളജ് സിറ്റി ഉദാഹരണമായെടുക്കുക. പൊതു ഇടങ്ങളിലെ സ്ത്രീ-പുരുഷ സങ്കലനത്തെയും സ്ത്രീകളുടെ പൊതു ഇടങ്ങളിലെ വലിയ തോതിലുള്ള (സമസ്തയുടെ സർക്കുലറിൽ നിന്ന് വാക്ക് തന്നെ കടമെടുക്കുകയാണെങ്കിൽ) “പ്രദർശന”ത്തെയും ആശ്രയിച്ചു നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമ്പദ് ഘടനയെയാണ് നോളജ് സിറ്റിക്കുള്ളത്. അവിടെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഒട്ടുമിക്ക പരിപാടികളും അങ്ങിനെയുള്ളതുമാണ്. ഈ വൈരുധ്യങ്ങളെ സമസ്ത എങ്ങിനെയാണ് വിശദീകരിക്കുക?
ഈ വൈരുധ്യങ്ങൾ കാണേണ്ടി വരുന്ന ആളുകളുടെ വിമർശനത്തിന്റെ തന്നെ സ്വഭാവം മാറി വരുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ടതാണ് തങ്ങൾക്ക് നിയന്ത്രണാധികാരമുള്ള ഏതൊക്കെ വിഷയങ്ങളിൽ സമസ്ത ഇതേ രൂക്ഷതയോടെ ഇടപെടുന്നുണ്ട് എന്ന ചോദ്യവും.
സ്ഥാപനങ്ങളുടെ നടത്തിപ്പിൽ, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ, തൊഴിൽ സാഹചര്യങ്ങളിലൊന്നും ഈ ജാഗ്രത ഉണ്ടാവാറില്ലെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.
സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മത സംഘടനകൾ പുലർത്തുന്ന ഈ അനുപാതരഹിതമായ ജാഗ്രതയും ഭാഷയും സമസ്തയുടെ നൈതികതയെയും സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു സംസാരിക്കാനുള്ള ധാർമിക ശേഷിയെയും പതിയെ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഈ അന്വേഷണങ്ങളും ചോദ്യങ്ങളും ഉയർത്തുന്നു എന്നതിനർത്ഥം സുന്നി മുസ്‌ലിം സ്ത്രീ മതത്തിൽ നിന്ന് അകലുന്നു എന്നല്ല. മതത്തെ ഉപേക്ഷിക്കാനല്ല, മതത്തെ ഒരിക്കലും കൈവെടിയാൻ ഇട വരരുത് എന്ന അതിയായ ആഗ്രഹം കൊണ്ടാണവൾ ഈ ശ്രമങ്ങൾ നടത്തുന്നത്. വിശ്വാസിയുടെ സാമൂഹിക ലോകം മാറുമ്പോൾ ഭക്തിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വരുന്നു എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം.
ഇന്നത്തെ ഒരു സുന്നി സ്ത്രീക്ക് പർദ്ദ ധരിക്കാനും ഒപ്പം ഉന്നത വിദ്യാഭ്യാസം നേടാനും ആഗ്രഹിക്കാം. ലിംഗപരമായ വേർതിരിവുകൾ ഇഷ്ടപ്പെടുമ്പോൾ തന്നെ സ്വന്തമായി തൊഴിൽ ചെയ്യാനും അവൾക്ക് സാധിക്കും. ആൺ-പെൺ ധർമ്മങ്ങളിലെ ഇസ്‌ലാമിക വ്യത്യാസങ്ങളിൽ വിശ്വസിക്കുമ്പോൾ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ അവൾ ആഗ്രഹിക്കുന്നു.

തൊഴിലിടങ്ങളിലെ മുസ്‌ലിം സ്ത്രീകൾ
ചില മതപരമായ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുമ്പോഴും മറ്റു ചിലതിനെ ചോദ്യം ചെയ്യാൻ അവൾ മടിക്കുന്നില്ല. അതിലെ അഭിപ്രായ വ്യത്യാസങ്ങളെ മനസ്സിലാക്കാൻ അവൾ സന്നദ്ധയാണ്. മതപരമായ ആചാര അനുഷ്‌ടാനങ്ങളിൽ കുറവു വരുത്താനുള്ള ഒരുപാധി എന്ന നിലയിൽ പോലുമല്ല ഇത്തരം അന്വേഷണങ്ങൾ അവൾ നടത്തുന്നത്. ചിലപ്പോൾ മതത്തെ കൂടുതൽ അളവിൽ പിന്തുടരണം എന്ന ആഗ്രഹം കൊണ്ടാണ്.
നമ്മുടെ മത-സാമൂഹിക ജീവിത പരിസരങ്ങളിലെ ഇത്തരം സങ്കീർണ്ണതകളെ വൈരുദ്ധ്യങ്ങളായി മാത്രമല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ജീവസ്സുറ്റ ഒരു മതജീവിതത്തിന്റെ സ്വാഭാവികമായ സവിശേഷതകളായിട്ടാണ്. ഈ സങ്കീർണ്ണതകളെ കാണാതെ പോകുന്നു, കാണാൻ കഴിയാതെ പോകുന്നു എന്നതാണ് സമസ്തയുടെ സർക്കുലറിന്റെയും പിന്നീടുണ്ടായ വിശദീകരണങ്ങളുടെയും പരിമിതി.അത് സ്ത്രീകളെ മതത്തിന്റെ വ്യാഖ്യാനങ്ങളിൽ പങ്കാളികളാക്കുന്നതിനു പകരം, പുരുഷ സംരക്ഷണത്തിന് കീഴിലുള്ള കേവല വസ്തുക്കളായി ചുരുക്കുന്നു.
വിശ്വാസത്തിനുള്ളിലെ വിയോജിപ്പുകൾ
വിചിത്രമായ ഒരു പ്രതിസന്ധിയെയാണ് ഇത് സൃഷ്ടിക്കുന്നത്. സമസ്തയും കാന്തപുരവും സുന്നി സ്ത്രീയെ ഒരു ‘വിശ്വാസി’യായി കാണുന്നുണ്ടെങ്കിലും, ‘മാറുന്ന സാമൂഹിക സാഹചര്യങ്ങളിലെ’ ഒരു വ്യക്തിയായി അവളെ കാണുന്നില്ല. പി.കെ. ശ്രീമതിയും വി.ഡി. സതീശനും മുതൽ കെ. സുരേന്ദ്രനും കാരശ്ശേരിയും വരെയുള്ളവർ പല അളവിലും തോതിലുമാണെങ്കിലും അവളെ സമത്വത്തിനും നീതിക്കും അർഹതയുള്ള ഒരു ‘സ്ത്രീ’യായി കാണുന്നുണ്ടെങ്കിലും, അവളിലെ ‘മതവിശ്വാസി’യെ അംഗീകരിക്കുന്നില്ല.
ആദ്യത്തേത് ശാരീരിക അകലങ്ങളുടെയും മറയുടെയും അതിലൂടെയുള്ള ഭക്തിയുടെയും ഭാഷയിലാണ് സംസാരിക്കുന്നതെങ്കിൽ രണ്ടാമത്തേത് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പൗരത്വത്തിന്റെയും ഭാഷയാണ് ഉപയോഗിക്കുന്നത്. രണ്ടും പൂർണ്ണമല്ല.
സുന്നി മുസ്‌ലിം സ്ത്രീക്ക് ആദ്യത്തെ ഭാഷയിലെ ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയും, എന്നാൽ അതേക്കുറിച്ചുള്ള എല്ലാ പരമ്പരാഗത വ്യാഖ്യാനങ്ങളും അതേപടി അംഗീകരിക്കാൻ സാധിക്കണമെന്നില്ല. പൊതുമണ്ഡലത്തിലെ സാന്നിധ്യം മാത്രമാണ് പുരോഗതിയുടെ അളവുകോൽ എന്ന വാദത്തെ തള്ളിക്കളയുമ്പോൾ തന്നെ, വിദ്യാഭ്യാസവും തൊഴിലും വേണ്ടെന്നുവെക്കാൻ അവൾ തയ്യാറുമല്ല. അതുകൊണ്ട് തന്നെ സമസ്തയുടെയോ അതിന്റെ വിമർശകരുടെയോ വാക്കുകളിൽ സുന്നി സ്ത്രീയുടെ യഥാർത്ഥ അവസ്ഥ പൂർണ്ണമായി പ്രതിഫലിക്കുന്നില്ല.
അതുകൊണ്ടാണ് സുന്നി മുസ്‌ലിം സ്ത്രീയെ കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ‘തടവറ’ അല്ലെങ്കിൽ ‘അടിച്ചമർത്തൽ’ എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്നതാകുന്നത്. സ്വന്തം ഇഷ്ടപ്രകാരം മതപരമായ രീതികൾ തിരഞ്ഞെടുക്കുന്ന ഒരു സ്ത്രീയുടെ തീരുമാനത്തെ ‘അടിച്ചമർത്തൽ’ എന്ന് വിളിക്കുക വഴി നാം അവളെ മോചനത്തിലേക്ക് നയിക്കുകയല്ല ചെയ്യുന്നത്.
മറിച്ച്, സ്വന്തം ജീവിതത്തിന് സ്വയം അർത്ഥം നൽകാനുള്ള അവളുടെ അവകാശത്തെ നിഷേധിക്കുകയാണ്. അതുപോലെ, അനുസരിക്കുമ്പോൾ മാത്രം സ്ത്രീകളുടെ ‘തീരുമാനങ്ങളെ’ പുകഴ്ത്തുന്ന രീതി മതനേതൃത്വവും അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു നിർദ്ദേശത്തോട് സുന്നി സ്ത്രീകൾ വിയോജിക്കുന്നുണ്ടെങ്കിൽ, ആ വിയോജിപ്പും അവരുടെ മതപരമായ ബോധ്യത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടണം. ഏറ്റവും ചുരുങ്ങിയത് അതിനുള്ള സാധ്യതകളെ കുറിച്ചെങ്കിലും അന്വേഷിക്കണം.
പുറത്തുനിന്നുള്ള വിമർശനവും ഉള്ളിൽ നിന്നുള്ള സംവാദവും
ഉള്ളിൽനിന്നു തന്നെയാണ് ഏറ്റവും സൂക്ഷ്മവും ഫലപ്രദവുമായ വിമർശനം വരേണ്ടത്. സുന്നി സമൂഹത്തിന്റെ തന്നെ അകത്തുനിന്നുവേണം സമസ്തയുടെ നിലപാടുകളോടുള്ള ഏറ്റവും അർത്ഥവത്തായ വിമർശനങ്ങൾ ഉയർന്നുവരാൻ.
സ്ത്രീകളുടെ പൊതു പങ്കാളിത്തത്തെക്കുറിച്ച് ചരിത്രപരമായ മുൻമാതൃകകൾ പരിശോധിക്കപ്പെട്ടിട്ടുണ്ടോ? പ്രവാചക കാലത്തും തൊട്ടടുത്ത നൂറ്റാണ്ടുകളിലും ഇസ്‌ലാമിക പരിപാടികളിൽ സ്ത്രീകൾ പങ്കാളികളായിരുന്നോ? ആൺ-പെൺ സമ്പർക്കത്തെക്കുറിച്ചുള്ള നിയമങ്ങളിൽ ഇസ്‌ലാമിക കർമ്മശാസ്ത്ര വിശാരദന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയാണ്?
വിവിധ മദ്ഹബുകൾ ഇക്കാര്യത്തിൽ പുലർത്തുന്ന സമീപനം എന്താണ്? ഈ വിധി എല്ലാ പൊതു സാഹചര്യങ്ങൾക്കും ഒരുപോലെ ബാധകമാണോ? ഒരു മതച്ചടങ്ങ്, വിദ്യാഭ്യാസ സമ്മേളനം, ജോലിസ്ഥലം, രാഷ്ട്രീയ യോഗം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്? മാന്യമായ പ്രത്യേക ഇരിപ്പിടങ്ങളിലൂടെയോ സ്ത്രീകൾക്ക് മാത്രമായുള്ള ഇടങ്ങളിലൂടെയോ അവർക്ക് പങ്കാളികളായിക്കൂടേ? ഈ ചോദ്യങ്ങളെ അനുദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന സാമൂഹികാവസ്ഥകളുമായി എങ്ങിനെ കൂട്ടിവായിക്കാം എന്നതാണ് നമ്മുടെ മുന്നിലെ വൈജ്ഞാനികമായ വെല്ലുവിളി.
എന്നാൽ ഈ സങ്കീർണ്ണതകളെ മനസ്സിലാക്കാൻ കേരളത്തിലെ പുതിയ സുന്നി പണ്ഡിതന്മാരും അവരുടെ മുശാവറകളും ശ്രമിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. ആ സംശയത്തെ ബലപ്പെടുത്തുന്നതാണ് വിവാദമായ സർക്കുലറിലെയും തുടർ വിശദീകരണങ്ങളിലെയും ഭാഷയും സമീപനവും.
ഈ ചോദ്യങ്ങൾ ചോദിക്കാൻ ഒരാൾ ഇസ്‌ലാമിക കർമ്മശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടതൊന്നുമില്ല. ഇവ ഇസ്‌ലാമിക നിയമങ്ങൾക്കുള്ളിൽ നിന്നുതന്നെ ചോദിക്കാവുന്ന ചോദ്യങ്ങളാണ്. കാരണം, തങ്ങളുടെ ഉള്ളിലെ അഭിപ്രായവ്യത്യാസങ്ങളെയും പുനർവ്യാഖ്യാനങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷിയുള്ളതുകൊണ്ടാണ് ഇത്തരം പാരമ്പര്യങ്ങൾ കാലങ്ങളെ അതിജീവിച്ചത്.
അനുദിനം സങ്കീർണ്ണമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക സാഹചര്യത്തിൽ ഇസ്‌ലാമിക ചരിത്രത്തെയും പണ്ഡിതാഭിപ്രായങ്ങളെയും മുൻനിർത്തി സുന്നി വിശ്വാസികൾക്കിടയിൽ തന്നെ നടക്കുന്ന ഇത്തരം സംവാദങ്ങൾക്കാണ് വാഗ്വാദങ്ങളേക്കാൾ പ്രാധാന്യം നൽകേണ്ടത്.
പുറത്തുനിന്നുള്ള വിമർശനങ്ങൾ വാർത്തകൾ സൃഷ്ടിച്ചേക്കാം. എന്നാൽ ഉള്ളിൽ നിന്നുള്ള സംവാദങ്ങൾക്കു മാത്രമേ വൈജ്ഞാനികവും ചിന്താപരവുമായ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. ഇത്തരം വിമർശനങ്ങളെയും ആശങ്കകളെയും സംശയങ്ങളെയും സമസ്ത ഗൗരവത്തോടെ കാണണം.
തങ്ങളുടേത് പണ്ഡിതോചിതമായ ഒരു പാരമ്പര്യമാണെങ്കിൽ, ആ വിമർശനങ്ങളോടുള്ള മറുപടിയും പണ്ഡിതോചിതമായിരിക്കണം. തങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന സമുദായത്തിലെ സ്ത്രീകളുമായി ഒരു ചിന്താപരമായ സംവാദത്തിന് സ്ഥാപനങ്ങൾ തയ്യാറാകുന്നുണ്ടോ എന്നതാണ് ഇവിടെ പ്രധാനപ്പെട്ട ചോദ്യം.
മുസ്‌ലിം സ്ത്രീ: വിശ്വാസിയോ പ്രതീകമോ?
ഈ വിവാദത്തിലെ മാധ്യമങ്ങളുടെ ഇടപെടലും വലിയൊരു പ്രശ്നമാണ്. കേരളത്തിലെ പ്രധാന മാധ്യമങ്ങളും രാഷ്ട്രീയ അന്തരീക്ഷവും ഒരു മതപണ്ഡിതൻ എന്തെങ്കിലും ഒരു പ്രസ്താവന നടത്തുമ്പോൾ മാത്രമാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ തോതിൽ വ്യാകുലപ്പെടാറുള്ളത്. ഈ ചക്രം കൃത്യമായി തിരിയുന്നു: പണ്ഡിതൻ പ്രസ്താവനയിറക്കുന്നു, രാഷ്ട്രീയക്കാർ എതിർക്കുന്നു, ചാനലുകളിൽ ചർച്ച കൊഴുക്കുന്നു, സാംസ്കാരിക നായകർ തങ്ങളുടെ പുരോഗമനവാദം വിളമ്പി ആത്മതൃപ്തി അടയുന്നു.
എന്നാൽ ഈ വാർത്താ തരംഗങ്ങൾക്ക് പുറത്ത് എന്താണ് സംഭവിക്കുന്നത്? സ്ത്രീകളുടെ വേതനമില്ലാത്ത വീട്ടുജോലികൾ, തൊഴിലിടങ്ങളിലെ ശമ്പള വ്യത്യാസം, സ്വത്തവകാശം, രാഷ്ട്രീയ പ്രാതിനിധ്യം, ഗാർഹിക പീഡനങ്ങൾ, ജോലിസ്ഥലത്തെ വിവേചനങ്ങൾ, തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലെ സ്ത്രീ പങ്കാളിത്തം എന്നിവയെക്കുറിച്ചൊക്കെ എത്രത്തോളം ഗൗരവകരമായ ചർച്ചകൾ ഇവിടെ നടക്കുന്നുണ്ട്? കാന്തപുരത്തെ വിമർശിക്കരുത് എന്നല്ല ഇതിനർത്ഥം.
പൊതുമണ്ഡലത്തിലുള്ള മറ്റൊരാളെപ്പോലെ തന്നെ അദ്ദേഹവും വിമർശിക്കപ്പെടേണ്ടതാണ്. എന്നാൽ, കാന്തപുരത്തെ വിമർശിക്കുക എന്നത് വലിയ ചിലവില്ലാതെ സ്വന്തം ‘പുരോഗമനവാദം’ തെളിയിക്കാനുള്ള എളുപ്പവഴിയായി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
സ്വന്തം സ്ഥാപനങ്ങളിലെ ലിംഗവിവേചനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്താതെ തന്നെ ‘വിപ്ലവകാരികൾ’ ആകാൻ ഇത് പലരെയും സഹായിക്കുന്നു. ഇവിടെ വലിയൊരു വൈരുദ്ധ്യമുണ്ട്. മതം വേണ്ടത്ര പുരോഗമനപരമാണോ എന്ന് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിരന്തരം പരിശോധിക്കാറുണ്ട്. അവർ ശബരിമലയെക്കുറിച്ച് സംസാരിക്കും, മീലാദുന്നബിയെക്കുറിച്ച് സംസാരിക്കും, പള്ളികളിലെ രീതികളെ ചോദ്യം ചെയ്യും. പക്ഷേ, അതേ ചോദ്യങ്ങൾ അവർ സ്വന്തം പ്രസ്ഥാനങ്ങളോടും ചോദിക്കേണ്ടതുണ്ട്.
സി.പി.ഐ.(എം), കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സ്വന്തം പാർട്ടിയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ നിന്ന് ഇത് തുടങ്ങാവുന്നതാണ്. എത്ര സ്ത്രീകൾക്ക് ഇവർ സീറ്റുകൾ നൽകുന്നുണ്ട്? എത്ര സ്ത്രീകൾക്ക് പാർട്ടി ഭാരവാഹിത്വങ്ങളിൽ നിർണ്ണായക അധികാരമുണ്ട്? 50 ശതമാനം സംവരണം എന്ന വാഗ്ദാനം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്? ഉന്നത അധികാര പദവികളിലേക്ക് എത്ര സ്ത്രീകളെ ഇവർ വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്? പ്രധാന സ്ഥാനങ്ങളിൽ ഏതാനും സ്ത്രീകളെ നിയോഗിച്ചു എന്നതല്ല പ്രശ്നം.

മറിച്ച്, പ്രതീകാത്മകമായി സ്ത്രീകളെ ഉയർത്തിക്കാട്ടുന്നതിനപ്പുറം, തീരുമാനങ്ങൾ എടുക്കാനുള്ള യഥാർത്ഥ അധികാരം അവർക്ക് നൽകാൻ ഈ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതാണ്. സാംസ്കാരിക സംഘടനകൾക്കും മാധ്യമങ്ങൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
മുസ്‌ലിം സംഘടനകൾക്കകത്താണ് ഈ വൈരുധ്യം ഏറെ പ്രകടമാകുന്നത്. സമസ്തയുടെ സമാനമായ നിലപാടുകൾ ഉള്ളവരും, പ്രായോഗിക തലത്തിൽ സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരുമാണ് എം.ഇ.എസ് മുതൽ ജമാഅത്തെ ഇസ്‌ലാമിയും വിവിധ മുജാഹിദ് സംഘടനകളുമൊക്കെ. ഈ വിവാദങ്ങളുടെ മറവിൽ, സമസ്തയുടെ ചെലവിൽ “വിപ്ലവകാരികളാകാനാണ്” ഈ സംഘടനകളുടെ പ്രതിനിധികളും ശ്രമിച്ചത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങൾ പലർക്കും ഇത്ര സൗകര്യപ്രദമായി മാറുന്നത് അതുകൊണ്ടാണ്. കാന്തപുരത്തെ തള്ളിപ്പറയാൻ വലിയ വലിയ ആത്മപരിശോധനകളുടെ ആവശ്യമില്ല. എന്നാൽ സ്വന്തം പാർട്ടിയെയും, ന്യൂസ് റൂമുകളെയും, സർവ്വകലാശാലകളെയും തുറന്നു പരിശോധിക്കാൻ വലിയ ആർജ്ജവം ആവശ്യമാണ്.
ഈ ചർച്ചകളിൽ കാണുന്ന മറ്റൊരു അപകടം ‘മുസ്‌ലിം സ്ത്രീ’യെ കേവലം ഒരു പ്രതീകാത്മക വസ്തുവായി മാറ്റുന്നു എന്നതാണ്. മത യാഥാസ്ഥിതികർക്ക് അവൾ സമുദായത്തിന്റെ ‘മാനത്തിന്റെ’ പ്രതീകമാണ്. ലിബറൽ വിമർശകർക്ക് അവൾ രക്ഷപ്പെടുത്തൽ കാത്തുകഴിയുന്ന ‘ഇര’യാണ്. രാഷ്ട്രീയ പാർട്ടികൾക്ക് അവൾ മതേതരത്വത്തിന്റെയോ അനാചാരങ്ങളുടെയോ ‘തെളിവാണ്’. ടെലിവിഷൻ ചാനലുകൾക്ക് പുരുഷന്മാർക്ക് തർക്കിക്കാനുള്ള ഒരു ‘വിഷയം’ മാത്രമാണ് അവൾ.ഈ പ്രതിനിധാനങ്ങളിലൊന്നിലും പക്ഷേ സുന്നി മുസ്‌ലിം സ്ത്രീ സ്വന്തമായി സംസാരിക്കുന്നില്ല.
സമസ്ത മുസ്‌ലിം സ്ത്രീകളെ പൊതുമണ്ഡലത്തിൽ ഇറങ്ങാൻ അനുവദിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതിന് പകരം, സുന്നി മുസ്‌ലിം സ്ത്രീകളോട് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് നേരിട്ട് ചോദിച്ചാലോ. തങ്ങൾക്ക് കൂടുതൽ പൊതു പങ്കാളിത്തം വേണമെന്ന് ചിലപ്പോൾ ചില സ്ത്രീകൾ പറയുമായിരിക്കും.
മറ്റു ചിലർ സ്ത്രീകൾക്ക് മാത്രമായുള്ള ഇടങ്ങളെ ഇഷ്ടപ്പെടുന്നുണ്ടാകാം. ചിലർ പർദ്ദയെ പിന്തുണയ്ക്കുമ്പോൾ തന്നെ വിദ്യാഭ്യാസത്തിനും തൊഴിലിനും മേലുള്ള വിലക്കുകളെ തള്ളിക്കളഞ്ഞേക്കാം. ചിലർക്ക് സമസ്തയുടെ സർക്കുലർ അതിരുകടന്നതായി തോന്നാം. മറ്റു ചിലർക്ക് അത് പോരാ എന്നായിരിക്കും തോന്നുന്നത്. ഈ വൈവിധ്യങ്ങളെ ആശയക്കുഴപ്പമായി കാണേണ്ടതില്ല. മറിച്ച് മുസ്‌ലിം സ്ത്രീകൾ ജീവസ്സുറ്റ ഒരു മതപാരമ്പര്യത്തിന്റെ ജീവനുള്ള കണ്ണികളാണ് എന്നതിന്റെ തെളിവാണ് അത്.
ലിബറലിസത്തിനും യാഥാസ്ഥിതികത്വത്തിനുമിടയിൽ
അതുകൊണ്ട് തന്നെ, കേരളം മതേതര ലിബറലിസത്തിനും ഇസ്‌ലാമിക യാഥാസ്ഥിതികത്വത്തിനും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം എന്ന രീതിയിലുള്ള വാദങ്ങൾ ബാലിശവും അപൂർണ്ണവുമാണ്. വ്യത്യസ്ത ധാർമ്മിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന പൗരന്മാരെ ഉൾക്കൊള്ളുകയും, ഒപ്പം അടിച്ചമർത്തലുകൾ ഇല്ലാതെ എല്ലാവരുടെയും തുല്യ പൗരത്വം ഉറപ്പുവരുത്തുകയുമാണ് ഒരു ഭരണഘടന ചെയ്യേണ്ടത്. ഒരാൾക്ക് ഹിജാബ് ധരിക്കണം എന്നു പറയാൻ സ്വാതന്ത്ര്യം ഉള്ളതുപോലെ, വേണ്ടിവന്നാൽ അത് ധരിക്കേണ്ടതില്ല എന്നും പറയാൻ കഴിയണം.
മിശ്ര സഭകളിൽ പങ്കാളിത്തം വഹിക്കാൻ താല്പര്യപ്പെടുന്നില്ല എന്നതുപോലെ, മതപരമായ ബോധ്യങ്ങളിൽ നിന്നുകൊണ്ട് തന്നെ തനിക്ക് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ കഴിയും എന്നു പറയാനും സാധിക്കണം. മതസംഘടനകൾക്ക് ഉപദേശിക്കാം. സ്ത്രീകൾക്ക് അത് സ്വീകരിക്കാം. ചോദ്യം ചെയ്യാം. വിയോജിക്കാം. വേണമെങ്കിൽ ആ വഴി ഉപേക്ഷിച്ചു പോകുകയും ചെയ്യാം.
ഭരണകൂടത്തിന്റെ ചുമതല മതപരമായ മുൻഗണനകളോ മതേതര ഭൂരിപക്ഷ നിലപാടുകളോ ആരുടെയും മേൽ ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക മാത്രമാണ്. ഇതാണ് മതസ്വാതന്ത്ര്യത്തോടുള്ള യഥാർത്ഥ ഭരണഘടനാപരമായ സമീപനം.
നിലവിലെ വിവാദങ്ങൾ മതം, സ്ത്രീ, സ്വാതന്ത്ര്യം എന്ന സ്ഥിരം തർക്കങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാനുള്ള ഒരു അവസരമാണ് നൽകുന്നത്.
കാന്തപുരത്തിന്റെ പ്രസ്താവനകളെ ഒരു പ്രത്യേക ഇസ്‌ലാമിക കർമ്മശാസ്ത്ര വീക്ഷണകോണിൽ നിന്നുള്ള നിലപാടായി കണ്ട് ഗൗരവത്തോടെ തന്നെ സമീപിക്കേണ്ടതുണ്ട്. അതിനെ കേവലം പുരുഷമേധാവിത്വം എന്ന് വിളിച്ച് തള്ളിക്കളയുന്നത് എന്തുകൊണ്ടാണ് വിശ്വാസികൾക്ക് ഈ മൂല്യങ്ങൾ പ്രധാനമാകുന്നത് എന്ന് മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ തടയും. പക്ഷേ, അതേസമയം കാന്തപുരത്തിന്റെ നിലപാടുകൾ ഇസ്‌ലാമിക പാരമ്പര്യത്തിനുള്ളിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്.
സുന്നി സ്ത്രീകളുടെ മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെയും ഇസ്‌ലാമിക ചിന്തകരുടെ വ്യത്യസ്ത അഭിപ്രായങ്ങളെയും ഉൾക്കൊള്ളാൻ അതിന് സാധിക്കണം. സ്ത്രീകളുടെ മാറുന്ന ജീവിത സാഹചര്യങ്ങൾക്ക് കാതോർക്കാതെ അവർക്ക് ഉപദേശങ്ങൾ മാത്രം നൽകുന്ന മതസ്ഥാപനങ്ങൾ, മതപരമായ വഴിനടത്തലുകളെ കേവലം സാമൂഹിക അടിച്ചേൽപ്പിക്കലുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെ, ശ്രീമതിയും ശൈലജയും ഡി.വൈ.എഫ്.ഐയും വി.ഡി. സതീശനും അടങ്ങുന്ന പൊതുമണ്ഡലം ഉയർത്തുന്ന സമത്വവാദങ്ങളെയും ഗൗരവത്തോടെ കാണണം. എന്നാൽ, പൊതുമണ്ഡലത്തിലെ പ്രത്യക്ഷമായ സാന്നിധ്യം മാത്രമാണ് മോചനം എന്നും മതപരമായ നിയന്ത്രണങ്ങൾ എപ്പോഴും അടിച്ചമർത്തലാണ് എന്നുമുള്ള അവരുടെ ഭാഷ അപൂർണ്ണമാണ്.
മുസ്‌ലിം സ്ത്രീയുമായുള്ള സംവാദത്തിലേക്ക്
ഈ വിവാദത്തിനിടയിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യം സുന്നി സമൂഹത്തിനുള്ളിൽ തന്നെ ആരംഭിച്ചിട്ടുള്ള ആഭ്യന്തര ചർച്ചകളാണ്. വിശ്വാസികളായ സ്ത്രീകൾ ഇത്തരം സർക്കുലറുകളെ ചോദ്യം ചെയ്യുകയും, ചരിത്രപരമായ തെളിവുകൾ ഉയർത്തിക്കാട്ടുകയും, പണ്ഡിതാഭിപ്രായങ്ങളെ ഒത്തുനോക്കുകയും ചെയ്യുമ്പോൾ, അത് മതപാരമ്പര്യത്തിന്റെ തകർച്ചയല്ല, മറിച്ച് മതത്തിനുള്ളിലെ ജീവസ്സുറ്റ ബൗദ്ധിക ചർച്ചയെയാണ് വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.
സമസ്തയോ സുന്നി പണ്ഡിതന്മാരോ ഇതിനെ ഭയപ്പെടേണ്ടതില്ല. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ ഇതിനെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുമരുത്. മാധ്യമങ്ങൾ ഇതിനെ കേവലം പണ്ഡിതനും രാഷ്ട്രീയക്കാരനും തമ്മിലുള്ള ചാനൽ ചർച്ചയായി ലഘൂകരിക്കുകയും ചെയ്യരുത്.
ഇവിടെ ചോദിക്കേണ്ട യഥാർത്ഥ ചോദ്യം കുറച്ചുകൂടി സങ്കീർണ്ണമായ ഒന്നാണ്. പുരുഷന്മാരായ പണ്ഡിതന്മാരോ പുരോഗമനവാദികളോ സ്വന്തം വക്താക്കളാകാതെ, ഒരു സുന്നി മുസ്‌ലിം സ്ത്രീക്ക് സ്വന്തം മതപരമായ വ്യക്തിത്വം സ്വയം നിർവ്വചിക്കാൻ നമ്മൾ അവസരം നൽകുന്നുണ്ടോ എന്നതാണ് ആ ചോദ്യം.
ഈ ചോദ്യം നമ്മുടെ ചർച്ചകളുടെ മർമ്മപ്രധാനമായ ചോദ്യമായി മാറുന്നത് വരെ, ഈ സംവാദങ്ങൾ മുസ്‌ലിം സ്ത്രീകളെക്കുറിച്ചുള്ളതായി തുടരുമെങ്കിലും, അത് ഒരിക്കലും മുസ്‌ലിം സ്ത്രീകളുമായുള്ള സംവാദമായി മാറുകയില്ല.
