ലിജോ ജോസ് പെല്ലിശ്ശേരി മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് ആന്റണി വര്‍ഗീസ് പെപ്പെ. അങ്കമാലി ഡയറീസില്‍ തനി അങ്കമാലിക്കാരനായിട്ടുള്ള പെപ്പെയുടെ പ്രകടനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തിയ ആന്റണി മോളിവുഡിലെ ആക്ഷന്‍ ഹീറോകളില്‍ ഒരാളായി മാറി.

ഗംഭീര പഞ്ചുള്ള ഇടിയാണ് പെപ്പെയുടെ ഹൈലൈറ്റ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഐ ആം ഗെയിമിലും പെപ്പെ മികച്ച വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ വിക്കി എന്ന ക്രിക്കറ്ററായാണ് പെപ്പെ വേഷമിട്ടത്. ദുല്‍ഖറിനെപ്പോലെ വലിയ സ്‌ക്രീന്‍ സ്‌പെയ്‌സുള്ള കഥാപാത്രം തന്നെയായിരുന്നു വിക്കി.

ആന്റണി വര്‍ഗീസ് പെപ്പെ Photo: Screen grab/ Ginger Media Entertainments

കരിയറില്‍ ആദ്യമായി ക്രിക്കറ്ററുടെ വേഷത്തിലെത്തിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് പെപ്പെ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിച്ച പരിചയം തനിക്ക് ഉണ്ടായിരുന്നെന്നും ഐ ആം ഗെയിമിലേക്ക് വിളിച്ചപ്പോള്‍ സര്‍പ്രൈസായെന്നും പെപ്പെ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടെന്നും തന്റെ ബാറ്റിങ് സീനുകള്‍ ഷൂട്ട് ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു പെപ്പെ.

‘പടത്തിന്റെ വലിയൊരു പോര്‍ഷന്‍ ഷൂട്ട് ചെയ്തത് സ്‌റ്റേഡിയത്തിലായിരുന്നു. കാര്യവട്ടം സ്‌റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനെക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സത്യമായിട്ടും പറഞ്ഞതാണ്. ഒരുദിവസം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് അടുത്തദിവസം പുലര്‍ച്ചെ രണ്ട് മണിവരെ കണ്ടിന്യുവസായി ബാറ്റ് ചെയ്യുകയായിരുന്നു. അത്രയും നേരം ആരെങ്കിലും ബാറ്റ് ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അവസാനമൊക്കെയായപ്പോള്‍ എന്റെ മുഖമൊക്കെ ചുവന്നു.

ഐ ആം ഗെയിം Photo: Screen grab/ Wayfarer Films

ഇനിയും ഷൂട്ട് ചെയ്താല്‍ പണിയാകുമെന്ന് അറിഞ്ഞപ്പോള്‍ ജിംഷി ചേട്ടനാണ് നിര്‍ത്താന്‍ പറഞ്ഞത്. ‘ഇനിയും നിന്നാല്‍ അവന്റെ കൈയീന്ന് ബാറ്റ് താഴെപ്പോകും’ എന്ന് പറഞ്ഞപ്പോഴാണ് പാക്കപ്പായത്. അന്ന് എന്റെ കൂടെ അഭിനയിച്ചവര്‍ക്ക് എന്നോട് അസൂയ തോന്നി. കാരണം, സ്‌റ്റേഡിയത്തില്‍ ബാറ്റ് ചെയ്യാന്‍ പറ്റുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമല്ലേ. എന്റെ മൈന്‍ഡ് വോയിസില്‍ ‘ആരേലും വേണമെങ്കില്‍ വന്ന് ബാറ്റ് ചെയ്‌തോ’ എന്നായിരുന്നു. മടുത്ത് നില്‍ക്കുകയായിരുന്നു,’ പെപ്പെ പറഞ്ഞു.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 25 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. വീക്കെന്‍ഡ് അവസാനിക്കുമ്പോള്‍ 40 കോടിയോളം ഐ ആം ഗെയിം നേടുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Antony Varghese shares the shooting experience of I’m Game movie