മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ദുല്‍ഖറിന് എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. അഭിനേതാവിന് പുറമെ നിര്‍മാതാവിന്റെ കുപ്പായവുമണിഞ്ഞ ദുല്‍ഖര്‍ തന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിലൂടെ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ചിത്രവുമായെത്തിയാണ് പ്രേക്ഷകരെ ഞെട്ടിച്ചത്.

ഐ ആം ഗെയിം. Photo: X.com
ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞത് മുതല്‍ മികച്ച പ്രതികരണങ്ങളാണ് ഐ ആം ഗെയിമിന് ലഭിക്കുന്നത്. മലയാളത്തിലേക്ക് നായകനായുള്ള മടങ്ങിവരവ് ദുല്‍ഖര്‍ മികച്ചതാക്കിയെന്നും നഹാസ് മറ്റൊരു മികച്ച ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് പ്രീ സെയില്‍ ബുക്കിങ്ങിലൂടെ ലഭിച്ച കളക്ഷനാണ് സിനിമാ പേജുകളില്‍ വൈറലാകുന്നത്. വലിയ ഹൈപ്പില്‍ വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിച്ച ചിത്രമായിട്ട് കൂടി ചിത്രത്തിന് നല്ലൊരു ഓപ്പണിങ് സാധ്യമായിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള കളക്ഷനടക്കം ചിത്രത്തിന് 4.69 കോടി രൂപയാണ് പ്രീ ബുക്കിങ്ങിലൂടെ നേടാന്‍ സാധിച്ചിരിക്കുന്നത്. ഇത്രയും വലിയ ബജറ്റിലും ഹൈപ്പിലും എത്തിയ സിനിമയ്ക്ക് ഇത് വളരെ കുറവാണെന്ന് പലരും വിലയിരുത്തുന്നു.
കേരളത്തില്‍ തന്നെ വേണ്ടത്ര ഓളം സൃഷ്ടിക്കാന്‍ ഐ ആം ഗെയിമിന് സാധിച്ചിട്ടില്ല. മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ ചെയ്യുന്ന മലയാള ചിത്രമായിരുന്നിട്ട് കൂടി 1.96 കോടി രൂപ മാത്രമാണ് ഐ ആം ഗെയിമിന് പ്രീ ബുക്കിങ്ങില്‍ നേടാന്‍ സാധിച്ചത്. താരത്തിന്റെ സെക്കന്‍ഡ് ഹോം എന്നറിയപ്പെടുന്ന തെലുങ്ക് ബോക്‌സ് ഓഫീസില്‍ നിന്നും 40 ലക്ഷത്തോളം മാത്രമാണ് ചിത്രത്തിന്റെ സമ്പാദ്യം. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും 17 ലക്ഷം വീതവും ചിത്രം നേടിയപ്പോള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നും 1.9 കോടിയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്.

ഐ ആം ഗെയിം. Photo: X.com
പ്രതീക്ഷയ്‌ക്കൊത്ത് ആദ്യ ദിനത്തിലെ കളക്ഷന്‍ ഉയര്‍ന്നില്ലെങ്കിലും പോസിറ്റീവ് റെസ്‌പോണ്‍സ് വന്നതോടെ മികച്ച ഫൈനല്‍ കളക്ഷന്‍ നേടാമെന്നുള്ള പ്രതീക്ഷയിലാണ് ദുല്‍ഖര്‍ ആരാധകര്‍. അതേസമയം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും മികച്ച മുന്നേറ്റമാണ് നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെയ്ക്കുന്നത്. ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്ത ബെത്‌ലഹേമിനെ കടത്തിവെട്ടാന്‍ ഐ ആം ഗെയിമിന് സാധിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാ ലോകം.
Content Highlight: Dulquer Salmaan’s I’m Game pre release collection
