തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 250 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി.യോടൊപ്പം സിനിമയിൽ പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മീനാക്ഷി.
പാവം ഇൻട്രോവേർട്ട് ആയിട്ടുള്ള ഒരു വ്യക്തിയാണ് ഗിരീഷ് എ.ഡി. എന്ന് പറയുകയാണ് മീനാക്ഷി. വിചാരിക്കാത്ത സമയങ്ങളിൽ തമാശകൾ പറയുന്ന, സംസാരിക്കാൻ വളരെ രസകരമായിട്ടുള്ള ഒരാൾ കൂടിയാണ് ഗിരീഷ് എന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

മീനാക്ഷി. Photo. X.com
‘ഒരു പാവം ഇൻട്രോവേർട്ട് ആണ് ഗിരീഷേട്ടൻ. നമ്മൾ ഡയലോഗ് ഒക്കെ തെറ്റിച്ചു കഴിഞ്ഞാലും ചേട്ടൻ വഴക്കൊന്നും പറയത്തില്ല. എടീ അത് അങ്ങനെയല്ല, മാറ്റി ചെയ്യ് എന്നൊക്കെ പറഞ്ഞ് കാര്യങ്ങൾ പറഞ്ഞു തരും. ഷൂട്ടിന്റെ ഇടയിൽ പുള്ളി ദേഷ്യപ്പെടുന്നത് ഒന്നും കണ്ടിട്ടില്ല. ഗിരീഷേട്ടന്റെ അടുത്ത് സംസാരിച്ചു തുടങ്ങിയാൽ ഭയങ്കര ഫൺ ആണ്.
പിന്നെ ചേട്ടന്റെ കയ്യിൽ നമ്മൾ വിചാരിക്കാത്ത കുറേ സാധനങ്ങൾ ഉണ്ട്. അപ്പോൾ ചേട്ടനോട് സംസാരിക്കുമ്പോൾ നമ്മൾ വിചാരിക്കാത്ത സമയത്ത് അതൊക്കെ എടുത്തിടുമ്പോൾ നമ്മൾ ശരിക്കും ചിരിച്ചു പോകും,’ മീനാക്ഷി പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഭാഗമായി പുറത്തിറക്കിയ സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഷോർട്ട് ഫിലിമിനെ കുറിച്ച് ഗിരീഷ് പറഞ്ഞ ചില രസകരമായ സംഭവങ്ങളും മീനാക്ഷി ഓർത്തെടുക്കുന്നു.
‘ഷോർട്ട് ഫിലിമിന്റെ ടൈമിൽ ഞാൻ ഡബ് ചെയ്യാൻ പോയ സമയത്താണ് ആ ഷോർട്ട് ഫിലിം കാണുന്നത്. അത് കണ്ടപ്പോൾ തന്നെ എന്താ ഇത് എന്ന് ഞാൻ വിചാരിച്ചു. ഗിരീഷേട്ടൻ അതിനെ കൺസീവ് ചെയ്തിരിക്കുന്നത് ഭയങ്കര രസമായിട്ടാണ്. ആ ഷോർട്ട് ഫിലിം കാണുന്നതിനേക്കാൾ അതിലെ ചില കാര്യങ്ങൾ ഗിരീഷേട്ടൻ പറയുന്ന ഒരു വേർഷൻ ഉണ്ട്.

ഗിരീഷ് എ.ഡി. Photo. Screen grab/ Youtube
അന്ന് അവിടെ ചെന്നപ്പോഴാണ് ഷോർട്ട് ഫിലിമിലെ ഫെയ്മസ് ഡയലോഗ് ഉണ്ടല്ലോ, നടാഷയ്ക്ക് ഒരു ചേട്ടനുണ്ടായിരുന്നു നടേശൻ എന്ന ഡയലോഗ് കേൾക്കുന്നത്. പിന്നെ പതിവായി ഞാൻ അവളെ കാണാൻ പോവാറുണ്ട് എന്ന പാട്ട് ഷോർട്ട് ഫിലിമിൽ ഉപയോഗിച്ചതൊക്കെ കണ്ടിട്ട് ഞാൻ അവിടെയിരുന്ന് കുറേ ചിരിച്ചു.
ഗിരീഷേട്ടൻ ഈ സോഷ്യൽ മീഡിയയിലൊക്കെയുള്ള ട്രോളും കാര്യങ്ങളും ഫോളോ ചെയ്യുന്ന ആളാണ്. അപ്പോൾ ചേട്ടനോട് സംസാരിക്കുമ്പോൾ നമുക്ക് ഭയങ്കരമായിട്ടു റിലേറ്റ് ചെയ്യാൻ പറ്റും,’ മീനാക്ഷി പറഞ്ഞു.
