ഒരു വസ്ത്രം ധരിച്ച് പരിപാടിയിൽ എത്തിയതിനെ തുടർന്ന് നേരിടേണ്ടിവന്ന സോഷ്യൽ മീഡിയ വിമർശനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വസ്ത്രം ധരിച്ചതിൽ തനിക്ക് യാതൊരു പ്രശ്നവും തോന്നിയിരുന്നില്ലെന്നും, എന്നാൽ പരിപാടിക്കെത്തിയപ്പോഴാണ് വസ്ത്രത്തെ എങ്ങനെയാണ് ക്യാമറയിൽ ചിത്രീകരിക്കുക എന്നത് മനസിലായതെന്നും ഐശ്വര്യ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി രഞ്ജിനി ഹരിദാസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

ഫാഷന്റെ ഭാഗമായാണ് അന്ന് അത് ധരിച്ചിരുന്നത്. എന്നാൽ പരിപാടി നടക്കുന്ന സ്ഥലത്ത് കാറിൽ നിന്നിറങ്ങിയപ്പോഴാണ് ‘ഇത് വേണ്ടിയിരുന്നില്ല’ എന്ന് തോന്നിയതെന്നും പിന്നീട് എല്ലാ പരിപാടികൾക്കും പോകുമ്പോഴും സുഹൃത്തുക്കളുടെ അഭിപ്രായം ചോദിക്കാൻ തുടങ്ങിയെന്നും ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി. Photo .Screen Grab/ Youtube

 

തിരുവനന്തപുരം ഒരു അന്താരാഷ്ട്ര ഡയമണ്ട് എക്സിബിഷനിൽ പങ്കെടുക്കാനായിരുന്നു അന്ന് പോയത്. ഡയമണ്ട് ആഭരണങ്ങളുമായി ചേർന്നൊരു ഇന്റർനാഷണൽ ലുക്ക് പരീക്ഷിക്കാമെന്ന ചിന്തയിലാണ് വസ്ത്രം തിരഞ്ഞെടുത്തത്. എന്നാൽ ക്യാമറകൾ ഇത്രയധികം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ക്യാമറകൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോഴാണ് തനിക്ക് അസ്വസ്ഥത തോന്നിയതെന്നും ഐശ്വര്യ പറഞ്ഞു.

‘എനിക്ക് ആ വസ്ത്രത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഞാൻ എന്താണ് ധരിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാം. അതൊരു ഫാഷൻ മാത്രമാണ്. പക്ഷേ ക്യാമറകൾ ഇത്ര അടുത്ത് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അപ്പോൾ എനിക്ക് കുറച്ച് അൺകംഫർട്ടബിൾ ആയി. നമ്മളുടെ പേഴ്സണൽ സ്പേസിലേക്ക് ക്യാമറയും ആളുകളും കൈകളുമൊക്കെ വരുമ്പോൾ സ്വാഭാവികമായി ശരീരം അങ്ങനെ പ്രതികരിക്കും. അതുകൊണ്ടാണ് ഞാൻ കൈകൾ കൊണ്ട് മറയ്ക്കുന്ന പോലെ നിന്നത്,’ ഐശ്വര്യ പറഞ്ഞു.

താൻ വസ്ത്രം ധരിച്ച് വന്നിട്ട് പിന്നീട് എന്തിനാണ് മറച്ചുപിടിക്കുന്നതെന്ന തരത്തിലുള്ള കമന്റുകളും കണ്ടിരുന്നു. എന്നാൽ വസ്ത്രത്തെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. ‘നമ്മുടെ സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ല’ എന്ന വിമർശനത്തോടും താരം ചോദ്യം ഉന്നയിച്ചു.

‘സംസ്‌കാരം എന്നത് ക്ലീവേജിലും ഡ്രെസ്സിന്റെ നീളത്തിലും മാത്രമാണോ? സംസ്കാരം എന്ന് പറയുന്നത് ഒരു മനുഷ്യൻ എങ്ങനെ പെരുമാറുന്നു എന്നും അയാളുടെ സ്വഭാവവും കൂടി പരിഗണിച്ചാണ് അത് കണക്കാക്കുന്നത്. അതിനൊന്നും പൊലീസിങ് ഇല്ല, കണ്ട്രോൾ ഒന്നുമില്ല. തോന്നുന്നത് പറയാം. പക്ഷേ സ്ത്രീകൾ എപ്പോഴും ക്ലീവേജും ഡ്രെസ്സിന്റെ സൈസും മാത്രം ശ്രദ്ധിക്കണം എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്,’ ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി. Photo. Fcebook.com

സമൂഹത്തിൽ ചർച്ച ചെയ്യേണ്ട നിരവധി ഗൗരവമുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോഴും ഒരു സ്ത്രീയുടെ വസ്ത്രവും ശരീരവും മാത്രം നിരന്തരം ചർച്ച ചെയ്യപ്പെടുന്നതിനെ കുറിച്ചതും താരം വിമർശിച്ചു.

‘എന്തിനാണ് ഞാൻ അന്ന് അത് ധരിച്ചതിന് ഇത്രത്തോളം ഡിസ്കസ് ഉണ്ടായതെന്ന് എനിക്ക് അറിയില്ല. എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. ഇന്ത്യയുടെ ജിഡിപി താഴേക്ക് പോകുന്നുണ്ട്. ഇവിടെ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഒരുപാട് മാതാപിതാക്കൾ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. അങ്ങനെ എത്ര വലിയ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. എന്നിട്ടും എന്തിനാണ് എന്റെ ക്ലീവേജ് മാത്രം ഇത്രയധികം ചർച്ച ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല,’ ഐശ്വര്യ പറഞ്ഞു.

Content Highlight: Actress Aishwarya Lekshmi opens up about the social media discussion surrounding her outfit