ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ അനന്തമായ ആകാശത്ത് മൂന്ന് നക്ഷത്രങ്ങള്‍. ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ. തലമുറകളുടെ സ്വപ്നങ്ങളും കണ്ണീരും ആഘോഷങ്ങളും ചുമന്നുകൊണ്ട്, പത്ത് ലോകകപ്പ് കിരീടങ്ങള്‍ പങ്കിട്ടെടുത്ത മൂന്ന് രാജ്യങ്ങള്‍.
ഉറുഗ്വേ-ആദ്യ ലോകകപ്പിലൂടെ ധീരമായ ഉദയം. ബ്രസീല്‍-അഞ്ച് തവണ ലോകത്തെ മഞ്ഞയില്‍ മുക്കിയ സാമ്രാജ്യം. അര്‍ജന്റീന-മറഡോണയുടെ മായാജാലത്തില്‍ നിന്ന് മെസിയിലേക്കെത്തിയ മഹാകാവ്യം. ഈ മൂന്ന് മഹാശക്തികളില്‍ രണ്ടിനെയും കാല്‍പ്പന്തിന്റെ പച്ചപ്പില്‍ നേരിടാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായി.
1982ലെ നെഹ്‌റു കപ്പില്‍ ഉറുഗ്വേ ഇന്ത്യയുടെ മുന്നിലെത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 1984ല്‍ അര്‍ജന്റീനയും. ലോക ഫുട്‌ബോളിലെ മഹാരഥന്മാരുടെ മുന്നില്‍ ഇന്ത്യ ധീരമായി പൊരുതി, തോല്‍വിയിലും തലയുയര്‍ത്തി കളം വിട്ടു.
എന്നാല്‍ ബ്രസീല്‍- സാംബയുടെ മാന്ത്രികതയും പെലെയുടെ പാരമ്പര്യവും തലമുറകളെ വിസ്മയിപ്പിച്ച മഞ്ഞപ്പടക്കെതിരെ കളത്തിലിറങ്ങാന്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്ക് അവസരം ലഭിച്ചില്ല.
കാലം കാത്തുവെച്ച ആ അപൂര്‍വ സംഗമത്തിന് ഒടുവില്‍ വേദിയൊരുങ്ങുന്നു.
ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യയും ബ്രസീലും നേര്‍ക്കുനേര്‍ നില്‍ക്കും. കാലം പന്തായി ഉരുളും.

ബ്രസീൽ ഫുട്ബോൾ ടീം & ഇന്ത്യൻ ഫുട്ബോൾ ടീം
ബ്രസീല്‍ ഇന്ത്യയിലെത്തുമ്പോള്‍, പഴയൊരു ഓര്‍മയിലേക്ക് വെളിച്ചം വീഴുന്നു. 1989 ജനുവരി 11, ബ്രസീലിയന്‍ ക്ലബ്ബ് സാവോ പോളോ എഫ്.സി ഇന്ത്യന്‍ ഇലവനെ നേരിടാന്‍ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ എത്തിയ ദിനമായിരുന്നു അത്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ സ്വന്തം അക്ഷരങ്ങളില്‍ അധ്യായങ്ങള്‍ എഴുതിയ ക്ലബ്ബ്. വെളുപ്പില്‍ ചുവപ്പും കറുപ്പും തിരശ്ചീന വരകളിട്ട ജഴ്‌സിയില്‍ പിറന്നുകൊണ്ടേയിരിക്കുന്ന ഇതിഹാസങ്ങളുടെ തറവാട്.
റോജേരിയോ സെനി, ലിയോണിഡാസ്, റായ്, കരേക്കാ, കഫു, റിവാള്‍ഡോ, ലൂയിസ് ഫാബിയാനോ, ഡാനി ആല്‍വസ്, കാസെമിറോ… ഓരോ പേരും ഓരോ കാലഘട്ടം.
1992ല്‍ യോഹാന്‍ ക്രൈഫിന്റെ വിഖ്യാതമായ ബാഴ്‌സലോണ ‘ഡ്രീം ടീമിനെ’ 2-1ന് കീഴടക്കി ഫിഫ ലോക ക്ലബ്ബ് കിരീടമുയര്‍ത്തിയ സംഘം. ഈ നേട്ടത്തിന് രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ കഥയ്ക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്.
അന്ന് പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങിയ സാവോ പോളോ സംഘത്തില്‍ ഇവാന്‍, ഫ്‌ലാവിയോ, മസിഞ്ഞോ തുടങ്ങിയ വലിയ പേരുകളുമുണ്ടായിരുന്നു.
ജനുവരി 11ന് ശ്രീകണ്ഠീരവയില്‍ തെളിഞ്ഞ വെളിച്ചം, ഇന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഓര്‍മ്മച്ചുവരില്‍ മങ്ങലില്ലാതെ കിടക്കുന്നു. ജനുവരി എട്ടിന് ദല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 0-4ന് തോറ്റു. ബെംഗളൂരുവില്‍ എന്താവും ചിത്രം?
കളി തുടങ്ങി രണ്ടാം മിനിറ്റ്. വിങ്ങര്‍ ബെറ്റീഞ്ഞോയുടെ ലോബ്. പന്ത് ഇടങ്കാലില്‍ നിയന്ത്രിച്ച മസിഞ്ഞോയുടെ ശക്തമായ ഗ്രൗണ്ടര്‍. 1-0. സാവോ പോളോക്ക് ലീഡ്. ബ്രസീലുകാര്‍ ഇന്ത്യന്‍ പോസ്റ്റില്‍ ഗോള്‍ മഴ പെയ്യിക്കുമെന്ന് തോന്നിയ നിമിഷം. പക്ഷേ, ഇന്ത്യ തകര്‍ന്നില്ല.

കുൽജിത് സിങ്
പതിനാലാം മിനിറ്റ്, സാവോ പോളോ പ്രതിരോധത്തില്‍ ആശയക്കുഴപ്പം. ഇവാന്‍ പന്ത് ഗോള്‍കീപ്പര്‍ അന്‍സെല്‍മോയ്ക്ക് ബാക്ക് പാസ് ചെയ്യാന്‍ ശ്രമിച്ചു. പന്തിന് അല്പം വേഗം കുറഞ്ഞു. മിന്നല്‍ വേഗത്തില്‍ കുല്‍ജിത് സിംഗ് എത്തി. പന്ത് കാലിലാക്കി, ഗോള്‍കീപ്പറുടെ നീക്കം വായിച്ചു.
പഞ്ചാബുകാരന്റെ കൃത്യമായ പ്ലേസിങ് 1-1. ആദ്യ പകുതി പിന്നീട് മധ്യനിരയിലെ പോരാട്ടമായി മാറി. സാവോ പോളോയുടെ ഷോട്ട് പാസുകളും പന്തിന്മേലുള്ള നിയന്ത്രണവും ഇന്ത്യയെ പരീക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഷറഫലിയും സുദീപ് ചാറ്റാര്‍ജിയും നേതൃത്വം നല്‍കിയ പ്രതിരോധം വിയര്‍പ്പ് ചിന്തിയപ്പോള്‍ ഹാഫ് ടൈം സ്‌കോര്‍ 1-1.

ഷറഫലി
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മസിഞ്ഞോയുടെ ഒരു ഷോട്ട് ഇന്ത്യന്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. നഈമുദീന്റെ ശിക്ഷണത്തില്‍ കളിക്കുന്ന ഇന്ത്യ പതിയെ താളം കണ്ടെത്തി. അറുപതാം മിനിറ്റ്. എല്ലാവരും മുന്നേറിപ്പോയ തഞ്ചത്തില്‍ സാവോ പോളോ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ കുല്‍ജിത് അനായാസം സ്‌കോര്‍ ചെയ്തു. ഇന്ത്യ 2-1ന് മുന്നില്‍.
ഒരു നിമിഷം ബെംഗളൂരു സ്റ്റേഡിയം ബ്രസീലുകാരെ മറന്നുപോയി. ക്ലബ് ഫുട്‌ബോളിലെ വമ്പന്മാര്‍ക്കെതിരെ ഇന്ത്യ ജയിക്കുമോ?
അടുത്ത നിമിഷങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തിന് പരീക്ഷയായിരുന്നു. സുദീപ് ചാറ്റര്‍ജിയും ഷറഫലിയും അമിത് ഭദ്രയും ഇന്ത്യയുടെ പ്രതിരോധക്കോട്ടയായി. സാവോ പോളോ ആക്രമണങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ഇരമ്പിവന്നു.
കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം. ഘടികാരത്തിന്റെ സൂചികള്‍ പോലും ശ്വാസം പിടിച്ചുനില്‍ക്കുന്നതുപോലെ. സമയം പതുക്കെയാണോ നീങ്ങുന്നത്?
ഇന്ത്യന്‍ ഫുട്‌ബോളിന് ഇതൊരു ചരിത്രരാത്രിയാവുമോ? പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന സ്വപ്നത്തിന് ഈ മൈതാനം സാക്ഷിയാകുമോ? പക്ഷേ ഫുട്‌ബോള്‍, അവസാന വിസില്‍ മുഴങ്ങുന്നതുവരെ ക്ലൈമാക്‌സിനെ കുറിച്ച് ഒരു സൂചനയും നല്‍കാത്ത നാടകമാണ്.
അതാ വിധിയുടെ വാള്‍ പോലെ അമിത് ഭദ്രയുടെ ടാക്കിള്‍. മസിഞ്ഞോ ബോക്‌സിനുള്ളില്‍ വീണു. വിസില്‍!
റഫറിയുടെ കൈ പെനാല്‍റ്റി പോയിന്റിലേക്ക് നീണ്ടു. ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് നിരാശ. ഗാലറിയില്‍ മരണവിധി കാത്തുനില്‍ക്കുന്ന നിശ്ശബ്ദത.
സാവോ പോളോ ക്യാപ്റ്റന്‍ ഫ്‌ലാവിയോ പന്തുമായി പെനാല്‍റ്റി സ്‌പോട്ടിലെത്തി. പന്ത് വെച്ചു. രണ്ടടി പിന്നിലേക്ക്. മുന്നില്‍ ഇന്ത്യന്‍ ഗോളി ഹെന്റി മെനേസസ്. ഫ്‌ലാവിയോ ഓടി വന്നു. കിക്ക്!
ഹെന്റി ചാടി…പക്ഷേ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞു. ഗോള്‍! 2-2. വൈകാതെ ഫൈനല്‍ വിസിലും മുഴങ്ങി.
ചില മത്സരങ്ങള്‍ വിജയം സമ്മാനിക്കില്ല. പകരം, ചരിത്രത്തില്‍ ഒരിക്കലും മായാത്തൊരു അടയാളം അത് പതിപ്പിക്കും. 1989ലെ ആ രാത്രി അത്തരത്തിലൊന്നായിരുന്നു.
37 വര്‍ഷങ്ങള്‍ക്കിപ്പുറം, ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യയും ബ്രസീലും വീണ്ടും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍, ബെംഗളൂരുവിലെ ആ പോരാട്ടം ഓര്‍മകളുടെ ഇരുണ്ട മുറിയില്‍ വീണ്ടും വെളിച്ചം കൊളുത്തും.
സാവോ പോളോക്കെതിരെ കളിച്ച ഇന്ത്യന്‍ ഇലവന്‍: ഹെന്റി മെനേസസ്, അമിത് ഭദ്ര, സുദീപ് ചാറ്റര്‍ജി, ഷറഫലി, ബാബു മണി, സാവിയോ മെദീര, ബികാസ് പാഞ്ചി, മൗറീഷ്യോ അഫോന്‍സോ, സത്യജിത് ചാറ്റാര്‍ജി, കുല്‍ജിത് സിംഗ്, ശിശീര്‍ ഘോഷ്.
Content Highlight: MM Jaffer Khan writes about the India-Brazil match
