മോഹൻലാലിന്റെ 367-ാം ചിത്രം പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു മോഹനാണ് സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ രാംപാൽ, ഭാഗ്യശ്രീ ബോർസെ, പാർഥിബൻ, ആദിൽ ഹുസൈൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അർജുൻ രാംപാൽ,ഓപ്പറേഷൻ ഗംഗ. Photo: Mohanlal/ Facebook.com
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ രക്ഷാദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’യാണ് ചിത്രത്തിന്റെ പ്രമേയം. 2022ൽ റഷ്യ-ഉക്രൈൻ സംഘർഷം രൂക്ഷമായതോടെ ഉക്രൈനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ, പ്രത്യേകിച്ച് വിദ്യാർഥികളെ, നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ ദൗത്യമായിരുന്നു ഓപ്പറേഷൻ ഗംഗ. ഈ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രക്ഷാദൗത്യത്തിന്റെയും അതിനോടനുബന്ധിച്ച സംഭവവികാസങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.
‘മേപ്പടിയാൻ’, ‘കഥ ഇന്നുവരെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ ചിത്രമായ ‘മേപ്പടിയാനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ.

മോഹൻലാൽ. Photo. Screen grab/ Youtube
‘ദുരന്തർ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ശാശ്വത് സച്ച്ദേവ് ആണ് ‘ഓപ്പറേഷൻ ഗംഗ’യുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രം മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന.
Content Highlight: Mohanlal and Vishnu Mohan announce their new film
