സിനിമയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം പ്രേക്ഷകന് ഉണ്ടെന്ന് നടൻ വിജയരാഘവൻ. പണം കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് അതിലെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ അതിനെക്കുറിച്ച് നെഗറ്റീവ് മാത്രം കണ്ടെത്താനുള്ള പ്രവണത തെറ്റാണെന്നും നടൻ പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ചിലർ ഈ പടത്തിനെപ്പറ്റിയൊക്കെ അഭിപ്രായങ്ങളൊക്കെ പറയില്ലേ. പെട്ടെന്ന് പിറ്റേ ദിവസം വന്നിട്ട് റിവ്യൂ പറയുക. അതൊക്കെ എന്ത് അവസ്ഥയാണ്. ഇപ്പോൾ നെഗറ്റീവ് കാണുന്നതാണ് എല്ലാവർക്കും ഇഷ്ടം,’ വിജയരാഘവൻ പറഞ്ഞു.

വിജയരാഘവൻ. photo. Screen grab/ Youtube
ഫുട്ബോൾ ലോകകപ്പിലെ ഒരു സംഭവവും വിജയരാഘവൻ ചൂണ്ടിക്കാണിച്ചു. മെസിക്ക് ഗോൾഡൻ ബൂട്ട് നഷ്ടമായെന്ന രീതിയിൽ വാർത്ത നൽകുന്നതിനുപകരം, എംബാപ്പെ ഗോൾഡൻ ബൂട്ട് നേടിയെന്ന നേട്ടത്തെ മുൻനിർത്തിയായിരുന്നു വാർത്ത നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ലോകകപ്പ് കഴിഞ്ഞപ്പോൾ ഒരു പ്രധാന പത്രത്തിൽ വന്ന ന്യൂസ് ‘മെസിക്ക് ഗോൾഡൻ ബൂട്ട് നഷ്ടമായി എന്നാണ്. എംബാപ്പെയ്ക്ക് ഗോൾഡൻ ബൂട്ട് കിട്ടി എന്നല്ലേ വാർത്ത വരേണ്ടത്. മിടുക്കനായ ഒരാളാണ് അയാൾ. അതുകൊണ്ടാണ് അവന് ഗോൾഡൻ ബൂട്ട് കിട്ടിയത്. അപ്പോ എന്ത്കൊണ്ട് അയാൾക്ക് കിട്ടി എന്നാക്കിയില്ല. മെസിക്ക് ഗോൾഡൻ ബൂട്ട് നഷ്ടമായി എന്നത് കേൾക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. അപ്പോൾ എല്ലാം ഇങ്ങനെ വന്നുവന്ന് നെഗറ്റീവിലാണ് ഇപ്പോ എല്ലാവർക്കും ഇഷ്ടം,’നടൻ പറഞ്ഞു.
സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയുമ്പോഴും പോസിറ്റീവിനേക്കാൾ നെഗറ്റീവ് കണ്ടെത്താനാണ് പലരും ശ്രമിക്കുന്നതെന്ന വിമർശനവും വിജയരാഘവൻ പറഞ്ഞു.
‘ഒരു സിനിമ കണ്ടിട്ട് എങ്ങനെയാണ് ഇപ്പോൾ അഭിപ്രായം പറയുന്നത്. പൊളിയാണ് എന്നൊക്കെയാണ്. പണ്ട് ‘പൊളിക്കുക’ എന്ന് പറഞ്ഞുകഴിഞ്ഞാൽ നശിപ്പിക്കുക എന്നാണ്.ഇപ്പോൾ നെഗറ്റിവ് വാക്കുകൾ എല്ലാം പോസിറ്റീവായി മാറി,’ വിജയരാഘവൻ പറഞ്ഞു.
സിനിമയെ വിമർശിക്കുന്നതിൽ തെറ്റില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. പ്രേക്ഷകർ പണം കൊടുത്താണ് സിനിമ കാണുന്നത്. അതിനാൽ സിനിമയിലെ കുറ്റങ്ങളും കുറവുകളും പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. എന്നാൽ സിനിമയ്ക്ക് പിന്നിലെ അധ്വാനവും കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം ആ വിമർശനം ഉയർത്തേണ്ടത് എന്നും താരം വ്യക്തമാക്കി.

വിജയരാഘവൻ. photo. Screen grab/ Youtube
‘ഇത്രയും പൈസയൊക്കെ മുടക്കി പ്രൊഡ്യൂസറും നമ്മുടെ എഫർട്ടും ഒക്കെയുള്ളതല്ലേ. പടം മോശമാകാം അതിന്റെ കുറ്റങ്ങളും കുറവുകളും ഒക്കെ പറയാം. പറയുന്നതിൽ ഒരു കുഴപ്പവുമില്ല. അതിനുള്ള സ്വാതന്ത്രമുണ്ട്. കാരണം അവർ പണം കൊടുത്താണ് സിനിമ കാണുന്നത്. എന്നിരുന്നാലും ഒരു പ്രോഡക്റ്റ് അല്ലേ അപ്പോ അതിനുള്ള ഒരു പരിഗണന അതിന് നൽകേണ്ടതുണ്ട്,’ വിജയരാഘവൻ പറഞ്ഞു.
Content Highlight: Actor Vijaya Raghavan speaks out about negative reviews of the film
