ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനയ് ഫോർട്ട്. തിയേറ്ററുകളിൽ 200 കോടി നേടിക്കൊണ്ട് മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ചിത്രത്തിലെ നായകനായ നിവിൻ പോളിയുടെയും നായിക മമിത ബൈജുവിന്റെയും പ്രകടനത്തോടൊപ്പം തന്നെ, സപ്പോർട്ടിങ് കഥാപാത്രങ്ങളായെത്തിയ എല്ലാ താരങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒന്നാണ് നടൻ വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രം. ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അമ്മാവനായി മികച്ച അഭിനയപ്രകടനമാണ് വിനയ് ഫോർട്ട് കാഴ്ചവെച്ചത്. ഇപ്പോഴയിതാ തന്റെ സിനിമാ പ്രവേശനയവുമായി ബന്ധപ്പെട്ട് തന്റെ പേര് മാറ്റിയതിനെ കുറിച്ച തുറന്ന് പറയുകയാണ് വിനയ് ഫോർട്ട്. 24 ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

വിനയ് ഫോർട്ട്. Photo. screegrab/ Youtube
പേരിൽ പോലും വ്യത്യസ്തനായിരിക്കണമെന്ന ചിന്തയിൽ നിന്നാണ് ‘വിനയ് കുമാർ’ എന്ന പേര് മാറ്റി ‘വിനയ് ഫോർട്ട്’ എന്നാക്കുന്നതെന്ന് നടൻ വിനയ് ഫോർട്ട്. വിനയ് കുമാർ എന്ന പേര് ഗൂഗിളിൽ തിരഞ്ഞാൽ ലക്ഷക്കണക്കിന് ആളുകളെ കാണാം. എന്നാൽ ‘വിനയ് ഫോർട്ട്’ എന്ന് സെർച്ച് ചെയ്താൽ താൻ മാത്രമേ ഉണ്ടാകൂ എന്നതാണ് പേരുമാറ്റത്തിന് പിന്നിലെ പ്രധാന ചിന്തയെന്നും താരം പറയുന്നു.
‘നമ്മൾ എപ്പോഴും യുണീക്ക് ആയിരിക്കുക എന്നുള്ളതിനാണ് ഞാൻ കൂടുതൽ പ്രയോറിറ്റി കൊടുക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം യൂണിക് ആയിട്ടുള്ള പേരുണ്ടെങ്കിൽ അത് നല്ലതാണ്. എന്റെ ആദ്യ പേര് വിനയ് കുമാർ എന്നായിരുന്നു. അത് ഗൂഗിളിൽ സെർച്ച് ചെയ്താൽ ലക്ഷക്കണക്കിന് ആളുകളുണ്ടാകും. പക്ഷേ വിനയ് ഫോർട്ട് എന്ന് സെർച്ച് ചെയ്താൽ ഒരാളെ മാത്രമേ കാണാൻ പറ്റൂ. എപ്പോഴും നമ്മൾ വ്യത്യസ്തമായിക്കൊണ്ടിരിക്കുക എന്നത് പ്രധാനമാണ്. അങ്ങനെയാണ് പേരിലെ മാറ്റം സംഭവിക്കുന്നത്,’ വിനയ് ഫോർട്ട് പറഞ്ഞു.
പേരുമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് ‘വിനയ് ഫോർട്ട്’ എന്ന പേര് അപ്രതീക്ഷിതമായി ഉറപ്പാകുന്നത്. എഫ്‌കെയിലെ പ്രൊജക്ടുകളും പരിപാടികളുമെല്ലാം ഉൾപ്പെടുത്തി ഷോർട്ട്ഫിലിം തയ്യാറാക്കുന്ന സമയത്തായിരുന്നു സംഭവം. ഷോർട്ട്ഫിലിമിന്റെ കവർ തയ്യാറാക്കുന്നതിനിടെ പല പേരുകളും ആലോചിച്ചുകൊണ്ടിരുന്നു എന്നും വിനയ് ഫോർട്ട് പറഞ്ഞു.

വിനയ് ഫോർട്ട്. Photo. screegrab/ Youtube
‘ഞങ്ങൾ പല പേരുകളും ആലോചിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് മനോജ് നാമിക്ക് ഇങ്ങനെ ഒരു പരിപാടി പിടിക്കാമെന്ന് പറഞ്ഞത്. എനിക്കും അതിനുമുമ്പ് പേരിനെക്കുറിച്ച് ചില ആലോചനകളുണ്ടായിരുന്നു. ഒരു ദിവസം ഷോർട്ട് ഫിലിമിന്റെ കവർ റെഡിയാണെന്ന് പറഞ്ഞ് അത് വാങ്ങാൻ പോയപ്പോൾ, ‘വിനയ് ഫോർട്ട്’ എന്ന് മനോജ് അതിൽ നേരത്തെ തന്നെ എഴുതിക്കഴിഞ്ഞിരുന്നു. അങ്ങനെയാണ് പേര് വന്നത്,’ വിനയ് ഫോർട്ട് പറഞ്ഞു.
Content Highlight: Vinay Forrt opens up about changing his name
