ഒരു ഫീല്‍ ഗുഡ് റോം കോം സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ റെക്കോഡ് കളക്ഷനാണ് ചിത്രം നേടുന്നത്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 250 കോടിയും കടന്ന് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

കേരളത്തില്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ബെത്‌ലഹേം കുടുംബ യൂണിറ്റ് മാറുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ നിന്ന് കളക്ഷന്‍ നേടിയ ചിത്രം വാഴ 2, തുടരും, ലോകഃ എന്നീ ചിത്രങ്ങളുടെ കേരള കളക്ഷന്‍ അധികം വൈകാതെ മറികടക്കുമെന്നാണ് പലരുടെയും പ്രവചനം.

ബെത്‌ലഹേമിന്റെ 250 കോടി കളക്ഷനില്‍ ചില പ്രത്യേകതകള്‍ കൂടിയുണ്ട്. കേരളത്തില്‍ നിന്നും ഓവര്‍സീസില്‍ നിന്നും 100 കോടി വീതം നേടുകയും വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 250 കോടിയും സ്വന്തമാക്കിയ ആദ്യ മലയാള ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. മോഹന്‍ലാലിന് പോലും ഇങ്ങനെയൊരു നേട്ടം ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കാനായിട്ടില്ല.

എമ്പുരാനിലൂടെ മോഹന്‍ലാലാണ് മലയാളസിനിമക്ക് ഓവര്‍സീസില്‍ നിന്ന് 100 കോടി നേടാമെന്ന് ആദ്യമായി കാണിച്ചുതന്നത്. പിന്നാലെ ദൃശ്യം 3യും ഈ നേട്ടത്തിലെത്തി. പല താരങ്ങളും 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാത്തപ്പോഴാണ് മോഹന്‍ലാല്‍ 100, 200 കോടി ക്ലബ്ബില്‍ ചരിത്രമെഴുതുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന് പോലും സാധിക്കാത്ത നേട്ടത്തിലെത്തിയ നിവിനാണ് സിനിമാപേജുകളിലെ ചര്‍ച്ച.

ഇനിയടുത്ത കാലത്തൊന്നും ബോക്‌സ് ഓഫീസില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്ലോയാകില്ലെന്ന് ഉറപ്പാണ്. മൂന്നാമത്തെ ഞായാറാഴ്ചയില്‍ ഇതിനോടകം നാല് കോടിക്കടുത്ത് അഡ്വാന്‍സ് ബുക്കിങ് സ്വന്തമാക്കിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇതേ പോക്കാണെങ്കില്‍ 300 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്നലത്തോടുകൂടി മോളിവുഡിലെ നാല് വമ്പന്‍ സിനിമകളെ ബെത്‌ലഹേം കുടുംബ യൂണിറ്റ് മറികടന്നു. തുടരും (234 കോടി), വാഴ 2 (236 കോടി), മഞ്ഞുമ്മല്‍ ബോയ്‌സ് (242 കോടി), ദൃശ്യം 3 (239 കോടി) എന്നീ ചിത്രങ്ങളുടെ വേള്‍ഡ്‌വൈഡ് കളക്ഷനാണ് ബെത്‌ലഹേം തകര്‍ത്തത്. മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ മോളിവുഡിന്റെ അഭിമാനമായി ചിത്രം മാറുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Bethlehem Kudumba Unit creates history in Box Office Collection