കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതിനു പിന്നാലെ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമം തുടരുന്നു.
പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലയിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങ് ആൾക്കൂട്ടം തടസപ്പെടുത്തിയതായി പരാതി. സഹാനഗറിലെ സെന്റ് ക്ലാറെറ്റ് ചർച്ച് വളപ്പിൽ ഓഗസ്റ്റ് 14-നായിരുന്നു സംഭവം. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്.
ഖബറടക്കത്തിനായി കുഴിയിലേക്ക് ഇറക്കിയ മൃതദേഹം, സ്ഥലത്തെത്തിയ സംഘം ബലമായി പുറത്തെടുപ്പിക്കുകയായിരുന്നുവെന്ന് പള്ളി വികാരി ഫാദർ സാമുവൽ ഹെംബ്രോം പറഞ്ഞു. ശ്മശാനത്തിന്റെ ഭൂമി സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാണ് സംഘം തടസ്സം സൃഷ്ടിച്ചത്. തുടർന്ന് മൃതദേഹം ബർധമാൻ നഗരത്തിലെ മറ്റൊരു ശ്മശാനത്തിലേക്ക് മാറ്റിയാണ് സംസ്കാരം പൂർത്തിയാക്കിയത്.
സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്കും പരാതി നൽകിയതായി സഭാ അധികൃതർ വ്യക്തമാക്കി. എന്നാൽ, മരിച്ച സ്ത്രീ പ്രദേശവാസിയല്ലാത്തതിനാലാണ് നാട്ടുകാർ എതിർത്തതെന്നും തർക്കമുണ്ടായ സ്ഥലം സ്വകാര്യ ഭൂമിയാണോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനാ യോഗങ്ങൾക്ക് നേരെ സമാനമായ രീതിയിൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Content Highlight: attack on christians in west bangal
