ദൽഹി: ദൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ (എസ്.ആർ.സി.സി) നൂറാം വാർഷിക പരിപാടിയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിനെതിരെ സംസാരിച്ചു. 2013-ൽ താൻ ഇതേ കോളേജിൽ വന്ന് സംസാരിച്ച കാലത്തെ രാജ്യത്തിന്റെ അവസ്ഥയും ഇന്നത്തെ സാഹചര്യവും തമ്മിൽ അദ്ദേഹം താരതമ്യം ചെയ്തു.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന മോദി, ഗുജറാത്തിന് പുറത്ത് യുവാക്കളെ അഭിസംബോധന ചെയ്ത പ്രധാന പ്രസംഗങ്ങളിലൊന്നായിരുന്നു 2013 ലേത്.
2013-ൽ രാജ്യം നേരിട്ട അവസ്ഥ എന്താണെന്ന് ഇന്റർനെറ്റിൽ തിരഞ്ഞുനോക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. ‘ഇന്ന് ചില ആളുകൾ ഇതിൽ നിന്ന് ചെറിയ കഷണങ്ങൾ മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിച്ചേക്കാം എന്നാൽ അതിർത്തിയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതും, ലോകബാങ്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് വെട്ടിക്കുറച്ചതും, ഹെലികോപ്റ്റർ അഴിമതിയുമായിരുന്നു അന്നത്തെ പ്രധാന വാർത്തകൾ.’എന്ന് അദ്ദേഹം ആരോപിച്ചു.
ഒരിക്കൽ ദുർബലമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി എന്ന് മോദി പറഞ്ഞു.
‘ അന്ന് നമ്മുടെ രാജ്യം എവിടെയായിരുന്നുവെന്ന് നമ്മുക്ക് കൃത്യമായി അറിയാം. വളർച്ച പാടേ ഇടിഞ്ഞു, വിലക്കയറ്റം ആകാശത്തോളം ഉയർന്നു. തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയിലായ ഇന്ത്യയെ ലോകം കണ്ടത് ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായാണ്. എന്നാൽ ഇന്നോ, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറി,’ എന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഇന്ത്യയുടെ 7.8% സാമ്പത്തിക വളർച്ച വലിയ നേട്ടമാണെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.
‘പശ്ചിമേഷ്യയിൽ യുദ്ധം നടക്കുന്ന ഈ സമയത്തും രാജ്യം 7.8% സാമ്പത്തിക വളർച്ച നേടിയത് ജനങ്ങൾക്ക് വലിയ ആവേശമാണ് നൽകുന്നത്. ഇത് ഇന്ത്യയുടെ കഴിവാണ് തെളിയിക്കുന്നത്. എന്നാൽ രാജ്യത്തെ ദുർബലമായ അഞ്ചിലേക്ക് തള്ളിവിട്ടവർക്ക് ഈ വളർച്ചാ കണക്കുകൾ ഉൾക്കൊള്ളാൻ കഴിയുന്നില്ല,’ എന്ന് മോദി പ്രതിപക്ഷത്തിനെതിരായി ആരോപണം ഉന്നയിച്ചു.
2013-ൽ ഇതേ കോളേജിൽ വന്നപ്പോൾ, താൻ അന്നത്തെ കോൺഗ്രസ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കും എന്നാണ് ആളുകൾ കരുതിയിരുന്നതെന്ന് മോദി ഓർമിപ്പിച്ചു. എന്നാൽ പ്രതിപക്ഷത്ത് നിന്നിട്ടും, സർക്കാരിനെ നിരന്തരം വിമർശിക്കുന്ന ആളായിട്ടും, രാഷ്ട്രീയ ആക്രമണത്തിന് താൻ ആ വേദി ഉപയോഗിച്ചില്ല. പകരം രാജ്യത്തിനായുള്ള തന്റെ കാഴ്ചപ്പാടാണ് അന്ന് മുന്നോട്ട് വെച്ചത്.
‘പകുതി വെള്ളമുള്ള ഒരു ഗ്ലാസിനെ മൂന്ന് തരത്തിൽ ആളുകൾക്ക് കാണാമെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു, ചിലർ അതിനെ പകുതി നിറഞ്ഞതായി കാണുന്നു, മറ്റു ചിലർ പകുതി ഒഴിഞ്ഞതായി കാണുന്നു, എന്നാൽ മൂന്നാമതൊരു വിഭാഗം അതിനെ വെള്ളവും വായുവും കൊണ്ട് മുഴുവനായി നിറഞ്ഞ ഒന്നായി കാണുന്നു.’ മോദി പറഞ്ഞു.
‘ഇന്ത്യ മുന്നേറുകയാണ്, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. എന്നാൽ എല്ലാറ്റിനെയും എതിർക്കുന്ന ആളുകൾക്ക് 2013 മുതൽ ഈ ഗ്ലാസ് പകുതി ഒഴിഞ്ഞതായി മാത്രമേ തോന്നിയിട്ടുള്ളൂ, അവർ ഇനിയും അങ്ങനെ തന്നെ തുടരും. ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഭരണത്തെക്കുറിച്ചാണ് ഞാൻ അന്ന് സംസാരിച്ചത്. പണ്ടത്തെ ഭരണാധികാരികൾ വലിയ പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാണ് ഉണർന്ന് പ്രവർത്തിച്ചിരുന്നത്. ഞാൻ ആ രീതി മാറ്റി, 2014 മുതൽ അത് പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കുകയും ചെയ്തു,’ എന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ നേട്ടങ്ങളെ നിഷേധാത്മകമായി മാത്രം കാണുന്നവർ യാഥാർത്ഥ്യം മനസിലാക്കണമെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് രാജ്യം കൈവരിച്ച മാറ്റങ്ങൾ തുടർന്നും വലിയ ശക്തിയോടെ മുന്നോട്ടുപോകുമെന്നും പ്രസംഗത്തിൽ പറഞ്ഞു.
Content Highlight:Opposition unable to digest India’s growth; look at the change from 2013 to today: PM Modi at SRCC.
