ന്യൂദൽഹി: പ്രാഥമിക തലം മുതൽ ഉന്നതവിദ്യാഭ്യാസം വരെയുള്ള സമഗ്ര പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ‘സ്കൂൾ ഠീക് കരോ, ശിക്ഷാ സുധാരോ’ (സ്കൂളുകൾ നന്നാക്കൂ, വിദ്യാഭ്യാസം മെച്ചപ്പെടുത്തൂ) എന്ന പേരിൽ രാജ്യവ്യാപക ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ച് സി.പി.ഐ(എം.എൽ) ലിബറേഷൻ.

ജന്തർ മന്തറിൽ തങ്ങളുടെ വിദ്യാർത്ഥി സംഘടനയായ ഐസ ജെൻ-സി തലമുറയെ അണിനിരത്തി നടത്തിയ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം.

പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി രാഷ്ട്രീയ സാന്നിധ്യമറിയിക്കാനുള്ള പാർട്ടി നീക്കത്തിന്റെ ഭാഗം കൂടിയാണിത്. ജെൻ-സിക്ക് പുറമെ പുതിയ ജെൻ-ആൽഫ തലമുറയിലേക്ക് കൂടി വിദ്യാഭ്യാസ ആവശ്യങ്ങൾ എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

അധ്യാപക ദിനത്തിൽ ആരംഭിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി പട്നയിൽ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ചുള്ള പൊതുസമ്മേളനത്തോടെ വിപുലമായ പരിപാടികൾക്ക് തുടക്കമാകും.

സി.പി.ഐ(എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ എന്നിവർ പട്നയിലെ പരിപാടിയിൽ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ നയം, പരീക്ഷാ സംവിധാനത്തിലെ അപാകതകൾ, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിച്ച് വിപുലമായ ചർച്ചകൾക്ക് ക്യാമ്പയിൻ വേദിയാകും.

‘പരീക്ഷാ സംവിധാനങ്ങളിലെ അപാകതകളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ കൊണ്ടുവരാൻ ജെൻ-സി പ്രക്ഷോഭങ്ങൾക്ക് സാധിച്ചു. താഴെത്തട്ടിൽ നിവേദനങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തുന്ന ജനകീയ ക്യാമ്പയിനായിരിക്കും ഇത്,’ ദീപങ്കർ ഭട്ടാചാര്യ വ്യക്തമാക്കി.

വിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ, സെപ്റ്റംബർ 20-21 തീയതികളിൽ പഞ്ചാബിൽ പാർട്ടി കർഷക സമ്മേളനവും സംഘടിപ്പിക്കും. കാർഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികളും ഇന്തോ-യു.എസ് വ്യാപാര കരാർ ഉണ്ടാക്കുന്ന ആഘാതങ്ങളും സമ്മേളനത്തിൽ മുഖ്യ ചർച്ചയാകും.

Content Highlight:Fix Schools, Improve Education: CPI (ML) to Continue Protest at Jantar Mantar.