തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി അനഘ ശശി ആരംഭിച്ച സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി അനഘ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. സമരം 22 ദിവസം പിന്നിട്ടപ്പോഴാണ് അനഖ നിരാഹാര സമരം ആരംഭിച്ചത്.
സമരം ആരംഭിച്ചിട്ട് 22 ദിവസമായെന്നുെ എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അനഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതുവരെ സമരം തുടരും. തന്റെ ഒപ്പം സമരം ചെയ്യുന്നവരും നിരാഹാര സമരത്തില്‍ പങ്കാളികളാവുന്നുണ്ടെന്നും അനഖ പറഞ്ഞു.
ഇത് അനഘയുടെ മാത്രം പോരാട്ടമല്ലെന്നും നീതിയും തുല്യതയും സുരക്ഷിതമായ ക്യാമ്പസുകളും സ്വപ്നം കാണുന്ന ഓരോ വിദ്യാര്‍ത്ഥിയുടെയും പോരാട്ടമാണെന്നും സമര സമിതി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. രോഹിത് വെമുലയും ഫാത്തിമയും നിതിന്‍ രാജും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ജീവിതവും രക്തസാക്ഷിത്വവും നമ്മെ പഠിപ്പിച്ചിട്ടും, സ്ഥാപനപരമായ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കും അറുതി വരാത്തത് ഏറെ വേദനാജനകമാണെന്നും ജസ്റ്റിസ് ഫോര്‍ അനഖ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചപോസ്റ്റില്‍ പറയുന്നു.
‘ഒരു വിദ്യാര്‍ത്ഥിനി നീതിക്കായി തെരുവില്‍ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 22 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
കൊടുംചൂടും കനത്ത മഴയും വകവയ്ക്കാതെ, തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്നാവശ്യപ്പെട്ട് അനഘ ശശി സമരപ്പന്തലില്‍ തുടരുകയാണ്. എന്നാല്‍ ഇത്രയും ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല.
ഒരു വിദ്യാര്‍ത്ഥിക്ക് നീതി ലഭിക്കാന്‍ ഇനിയും എത്ര ജീവിതങ്ങള്‍ നഷ്ടപ്പെടണം?സ്ത്രീവിരുദ്ധത, ജാതിവിവേചനം, ഇസ്ലാമോഫോബിയ, സ്ഥാപനപരമായ അനീതി ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് അനഘ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നത്.
22 ദിവസമായി ഒരു ശബ്ദം ഉയരുന്നു. ഇനിയും അത് അവഗണിക്കപ്പെടരുത്. അനഘയുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണം. അവളുടെ സമരത്തിന് നീതി ലഭിക്കണം. നീതിക്കായുള്ള ഈ പോരാട്ടത്തിനൊപ്പം നില്‍ക്കാം,’ പോസ്റ്റില്‍ പറയുന്നു.
ജാതി-വര്‍ണ്ണ വിവേചനം, മാനസിക പീഡനം, അധികാര ദുര്‍വിനിയോഗം, ഗവേഷകയെക്കൊണ്ട് ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കല്‍, പ്രതികാര ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ രണ്ട് അധ്യാപകര്‍ക്കെതിരെ അറസ്റ്റ് നടപടി പൂര്‍ത്തിയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അനഖ സമരം ചെയ്യുന്നത്.
രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അനഘയുടെ ഡോക്ടറല്‍ കമ്മിറ്റി യോഗം ഉടന്‍ നടത്തി അനഘയുടെ വിദ്യാഭ്യാസ ആവകാശം ഉറപ്പാക്കണമെന്നും സമരത്തില്‍ ആവശ്യമുന്നയിക്കുന്നു. അനഘയുടെ ഗവേഷണത്തിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍, ലൈബ്രറി, അക്കാദമിക് മാര്‍ഗനിര്‍ദ്ദേശം എന്നിവ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാനും സമര സമിതി ആവവശ്യപ്പെടുന്നു.
സീനിയര്‍ വിദ്യാര്‍ത്ഥിനിക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ ആന്റി റാഗിംഗ് നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നും അനഘ ആവശ്യപ്പെടുന്നു. തന്റെ പരാതികള്‍ അവഗണിക്കുകയും സുരക്ഷിതമായ അക്കാദമിക് സാഹചര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത സര്‍വ്വകലാശാലാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അനഘ ആവശ്യപ്പെടുന്നു.
Content Highlight: Caste Descrimination at Malayalam University: Anagha Sasi Start Hunger Strike
