ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ നിര്‍ത്തിയിട്ട കാറിന് പുറകില്‍ നിന്ന് നിസ്‌ക്കരിച്ചുവെന്നാരോപിച്ച് സമാജ് വാദി ജില്ലാ വൈസ് പ്രസിഡന്റ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്. നിര്‍ത്തിയിട്ട കാറിന് പിറകില്‍ നിന്ന് അദ്ദേഹം നിസ്‌ക്കരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.
സര്‍ക്യൂട്ട് ഹൗസ് ഇന്‍ചാര്‍ജും ജൂനിയര്‍ എഞ്ചിനീയറുമായ അനില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി മജ്‌ഹോല പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.എല്‍.സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഉസ്മാന്‍ സര്‍ക്യൂട്ട് ഹൗസിലേക്കുള്ള പ്രധാന വഴിയില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം അവിടെ നമസ്‌കരിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരം പൊതുവഴിയില്‍ തടസം സൃഷ്ടിച്ചതിനും ഉത്തരവുകള്‍ ലംഘിച്ചതിനും കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മൊറാദാബാദ് സിറ്റി എസ്.പി കുമാര്‍ രണ്‍വിജയ് സിംഗ് അറിയിച്ചു.
വാഹനം നിര്‍ത്തിയിട്ട് നമസ്‌ക്കരിച്ചത് ഗതാഗത തടസവും ആളുകള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ മറ്റ് വാഹനങ്ങള്‍ക്കോ ആളുകള്‍ക്കോ ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥന തടസമാവുന്നതായി കാണുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അടുത്തിടെ സമാപിച്ച കാന്‍വാര്‍ യാത്രക്കിടെ റോഡുകള്‍ തടയുകയും വാഹനങ്ങള്‍ അടക്കം നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് വ്യക്തിഗത പ്രാര്‍ത്ഥനയ്‌ക്കെതിരെ കേസെടുത്തുവെന്ന് കാണിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Content Highlight: UP Police register case against Samajwadi Party leader for offering prayers behind a parked car.
